
പൂനെ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലൂടെ ചരിത്ര നേട്ടത്തിലെത്തി രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലര്‍. ഐപിഎല്ലില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോഡാണ് ജോസ് ബട്‌ലര്‍ നേടിയെടുത്തത്. പല ഇംഗ്ലണ്ട് താരങ്ങളും ഐപിഎല്ലിന്റെ ഭാഗമായിട്ടുണ്ടെങ്കിലും ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇംഗ്ലണ്ട് താരമാവാന്‍ ബട്‌ലര്‍ക്കാണ് സാധിച്ചത്.
28 പന്തില്‍ മൂന്ന് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 35 റണ്‍സാണ് ബട്‌ലര്‍ നേടിയത്. 125 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഉമ്രാന്‍ മാലിക്കാണ് ബട്‌ലര്‍ക്ക് മടക്ക ടിക്കറ്റ് നല്‍കിയത്. എന്നാല്‍ പുറത്താകുന്നതിന് മുമ്പ് തന്നെ ചരിത്ര നേട്ടത്തിലേക്കെത്താന്‍ ബട്‌ലര്‍ക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. നേരത്തെ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് ജോസ് ബട്‌ലര്‍. ഇത്തവണ മെഗാ ലേലത്തിന് മുമ്പ് ബെന്‍ സ്റ്റോക്‌സിനെ ഒഴിവാക്കിയെങ്കിലും ജോസ് ബട്‌ലറെ രാജസ്ഥാന്‍ നിലനിര്‍ത്തിയിരുന്നു.

ഐപിഎല്ലിലെ 2000 റണ്‍സ് പൂര്‍ത്തിയാക്കിയ വിദേശ താരങ്ങളെ പരിഗണിച്ചാല്‍ ഓസ്‌ട്രേലിയയാണ് മുന്നില്‍. ഏഴ് ഓസ്‌ട്രേലിയന്‍ താരങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഡേവിഡ് വാര്‍ണറാണ് ഏറ്റവും റണ്‍സ് നേടിയ വിദേശ താരം. 50 അര്‍ധ സെഞ്ച്വറി ഇതിനോടകം കുറിച്ച വാര്‍ണര്‍ മൂന്ന് തവണ ഓറഞ്ച് ക്യാപ്പും നേടിയിട്ടുണ്ട്. 2015, 2017, 2019 വര്‍ഷങ്ങളിലായിരുന്നു ഇത്.

ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ ആറ് പേരാണ് ഐപിഎല്ലില്‍ 2000 റണ്‍സിലധികം നേടിയത്. വെസ്റ്റ് ഇന്‍ഡീസ് താരങ്ങളില്‍ മൂന്ന് പേരും ന്യൂസീലന്‍ഡ് താരങ്ങളില്‍ ഒരാളും നേരത്തെ തന്നെ ഈ നേട്ടത്തിലെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഒരു ഇംഗ്ലണ്ട് താരം ഇത്തരമൊരു നേട്ടത്തിലേക്കെത്തുന്നത്. ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലേക്കെത്തുന്ന ഏഴാമത്തെ താരമെന്ന നേട്ടവും ബട്‌ലര്‍ സ്വന്തമാക്കി. 65 ഇന്നിങ്‌സില്‍ നിന്നാണ് ബട്‌ലര്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയത്.

ക്രിസ് ഗെയ്‌ലാണ് (48) ഈ റെക്കോഡില്‍ തലപ്പത്ത്. ഷോണ്‍ മാര്‍ഷ് (52) രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങളില്‍ കെ എല്‍ രാഹുലാണ് (80) കേമന്‍. മുന്‍ മുംബൈ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 63 ഇന്നിങ്‌സില്‍ നിന്നാണ് 2000 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തും മുന്‍ ഓസീസ് താരം ഷെയ്ന്‍ വാട്‌സനും 64 ഇന്നിങ്‌സില്‍ നിന്നാണ് 2000 റണ്‍സ് പൂര്‍ത്തിയാക്കിയത്. അവസാന സീസണില്‍ രാജസ്ഥാനായി സെഞ്ച്വറി നേടാനും ബട്‌ലര്‍ക്ക് സാധിച്ചിരുന്നു.