IPL 2022: വാര്‍ണര്‍, നോര്‍ക്കിയ, മാര്‍ഷ് ഇല്ല; ഡിസി ഇലവനില്‍ ആരൊക്കെ? തിരഞ്ഞെടുത്ത് ചോപ്ര

ഐപിഎല്ലിന്റെ 15ാം സീസണില്‍ റിഷഭ് പന്തിനു കീഴില്‍ മികച്ച പ്രകടനം നടത്താനൊരുങ്ങുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. കഴിഞ്ഞ തവണ ലീഗ് ഘട്ടത്തിലെ ഒന്നാംസ്ഥാനക്കാരായിരുന്നു ഡിസി. പക്ഷെ പ്ലേഓഫില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ അവര്‍ക്കായില്ല. പ്ലേഓഫിലെ രണ്ടു മല്‍സരങ്ങളും തോറ്റ് ഡിസി പുറത്താവുകയായിരുന്നു. കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ അത്രത്തോളം മികച്ച സംഘമല്ല ഇത്തവണ ഡിസിയുടേത്. മാത്രമല്ല തുടക്കത്തിലെ മല്‍സരങ്ങളില്‍ ചില വമ്പന്‍ താരങ്ങളുടെ സേവനം അവര്‍ക്കു ലഭിക്കുകയുമില്ല.

ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം പാകിസ്താന്‍ പര്യടനത്തിലായതിനാല്‍ ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ് എന്നിവരെ ഡിസി മിസ്സ് ചെയ്യും. ഫിറ്റ്‌നസ് വീണ്ടെടുത്തു കൊണ്ടിരിക്കുന്ന ആന്റിച്ച് നോര്‍ക്കിയയുടെ കാര്യവും സംശയമാണ്. സീസണിലെ ആദ്യത്തെ കുറച്ച് മല്‍സരങ്ങള്‍ക്കുള്ള ഡിസിയുടെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് കമന്റേറ്റര്‍ ആകാശ് ചോപ്ര.

പൃഥ്വി ഷായ്‌ക്കൊപ്പം ന്യൂസിലാന്‍ഡിന്റെ ടിം സെയ്‌ഫേര്‍ട്ട് ഓപ്പണ്‍ ചെയ്യുമെന്നാണ് തോന്നുന്നത്. മൂന്നാം നമ്പറില്‍ കെഎസ് ഭരതിനെ കളിപ്പിക്കാം. യഷ് ധൂല്‍, മന്‍ദീപ് സിങ് എന്നിവരാണ് മറ്റു ഓപ്ഷനുകള്‍. പക്ഷെ ഞാന്‍ തിരഞ്ഞെടുക്കുക ഭരതിനെയായിരിക്കും. ക്യാപ്റ്റന്‍ റിഷഭ് പന്ത് നാലാം നമ്പറില്‍ ഇറങ്ങണം. അഞ്ചാം നമ്പറില്‍ റോമന്‍ പവെലും ആറാം നമ്പറില്‍ സര്‍ഫറാസ് ഖാനുമാണ് യോജിച്ച താരങ്ങള്‍. ഇവരാണ് ടോപ്പ് സിക്‌സില്‍ വേണ്ടത്. എങ്കിലും ഇതു ദുര്‍ബലമായ ടീമാണെന്നും ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.

മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ഒരുമിച്ച് കളിപ്പിക്കേണ്ടി വരും. റിഷഭ് പന്തിനെക്കൂടാതെ ടിം സെയ്‌ഫേര്‍ട്ട്, കെഎസ് ഭരത് എന്നിവരും വിക്കറ്റ് കീപ്പര്‍മാരാണ്. പക്ഷെ എന്തു ചെയ്യും? വേറെ വഴിയില്ല. ആദ്യത്തെ ആറു പേരില്‍ ആരും തന്നെ ബൗള്‍ ചെയ്യില്ല. അതുകൊണ്ടു തന്നെ ആദ്യത്തെ മൂന്ന് മല്‍സരങ്ങളില്‍ അഞ്ചു ബൗളര്‍മാരുമായി ഡിസിക്കു കളിക്കേണ്ടി വരും. ആറാം ബൗളറെ ഡിസിക്കു കളിപ്പിക്കാനാവില്ല. ഡിസിയെ സംബന്ധിച്ച് ദുഖകരമായ യാഥാര്‍ഥ്യമാണിത്. മിച്ചെല്‍ മാര്‍ഷ് തിരിച്ചെത്തിയാല്‍ മാത്രമേ ഇതു മാറാന്‍ പോവുന്നുള്ളൂ. ആദ്യത്തെ മൂന്ന് മല്‍സരങ്ങൡ ഡിസിയുടെ ബാറ്റിങും ദുര്‍ബലമാണ്. ബൗളിങ് ബാലന്‍സിനെക്കുറിച്ച് മറന്നേക്കൂയെന്നും ആകാശ് ചോപ്ര പറഞ്ഞു.

അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരെയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ബൗളിങ് ഓള്‍റൗണ്ടര്‍മാരായി ആകാശ് ചോപ്ര തിരഞ്ഞെടുത്തിരിക്കുന്നത്. ഏഴും എട്ടും സ്ഥാനങ്ങളില്‍ അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരായിരിക്കണം ഡിസിക്കായി കളിക്കേണ്ടത്. രണ്ടു പേരും നാലോവര്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്നവും ബാറ്റിങില്‍ സംഭാവന ചെയ്യാന്‍ കഴിയുന്നവരുമാണ്. പക്ഷെ ശര്‍ദ്ദുലിന് നാലോവര്‍ ബൗള്‍ ചെയ്യാന്‍ കഴിയുമോയെന്നത് കാത്തിരുന്നു കാണണം. കാരണം കുറച്ചുകാലമായി അദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്ന് മുഴുവന്‍ ശര്‍ദ്ദുല്‍ മാറി നിന്നിരുന്നുവെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

ബൗളിങില്‍ പിന്നീട് കുല്‍ദീപ് യാദവിനെ ഡല്‍ഹി ക്യാപ്പിറ്റള്‍സ് കളിപ്പിക്കണം. കുല്‍ദീപിനെ പുറത്തിരുത്തുകയാണെങ്കില്‍ പ്രവീണ്‍ ദുബേ, ലളിത് യാദവ് എന്നിവരിലൊരാളെ ഡിസിക്കു പരിഗണിക്കാം. പക്ഷെ രണ്ടു പേരും വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബൗളര്‍മാരല്ല. നേരത്തേ വിക്കറ്റുകളെടുക്കാന്‍ മിടുക്കരായ ഒരുപാട് ബൗളര്‍മാര്‍ ഡിസിക്കുണ്ടായിരുന്നു. ഇപ്പോള്‍ സാഹചര്യം മാറിയിരിക്കുകയാണ്. മുസ്തഫിസുര്‍ റഹ്മാന്‍, ലുംഗി എന്‍ഗിഡി എന്നിവര്‍ക്കു പേസ് ബൗളിങിന്റെ ചുമതല നല്‍കാം. കൂടാതെ ഖലീല്‍ അഹമ്മദ്, ചേതന്‍ സക്കാരിയ എന്നിവരിലൊരാളെയും ഡിസിക്കു പരിഗണിക്കാവുന്നതാണെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications