
സ്ഥിരം ശൈലിയില്‍ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു പൃഥ്വി ഈ മല്‍സരത്തിലും കാഴ്ചവച്ചത്. വെറും 29 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം താരം 51 റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഉമേഷ് യാദവ്, പാറ്റ് കമ്മിന്‍സുള്‍പ്പെടെയുള്ള കെകെആര്‍ പോസ് ബൗളിങ് നിരയെ പൃഥ്വി നന്നായി ശിക്ഷിച്ചിരുന്നു. മുന്‍ മല്‍സരങ്ങില്‍ കാര്യമായി റണ്‍സ് വഴങ്ങാതിരുന്ന ഉമേഷ് ഈ കളിയില്‍ നന്നായി തല്ലുവാങ്ങി. വരുണ്‍ ചക്രവര്‍ത്തിയുടെ ഓവറില്‍ ബൗള്‍ഡായിട്ടാണ് പൃഥ്വി ക്രീസ് വിട്ടത്.

പവര്‍പ്ലേയില്‍ തന്നെ മല്‍സരഗതി മാറ്റാന്‍ കഴിയുന്ന ബാറ്റര്‍മാരില്‍ ഒരാളാണ് പൃഥ്വി ഷാ. ഞാന്‍ മുമ്പ് അവനോടൊപ്പം ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ കളിച്ചതാണ്. വളരെ മികച്ച ഷോട്ടുകള്‍ പായിക്കാന്‍ പൃഥ്വിക്കു കഴിയും. ക്യാപ്റ്റനെന്ന നിലയില്‍ ഡിസിക്കെതിരായ കളിയില്‍ പൃഥ്വിക്കെതിരേ ഏതു തരത്തിലുള്ള ഫീല്‍ഡാണ് ക്രമീകരിക്കുകയെന്നു പോലും തനിക്കു ധാരണയില്ലായിരുന്നുവെന്നും ശ്രേയസ് അയ്യര്‍ വ്യക്തമാക്കി. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്പിന്നര്‍മാര്‍ക്കെതിരേ അമിതാവേശം കാണിക്കാതെ, ജാഗ്രതയോടെ, ബാറ്റ് ചെയ്യുന്ന സമീപനമാണ് പൃഥ്വിക്കുള്ളത്. അതുകൊണ്ടാണ് വരുണ്‍ ചക്രവര്‍ത്തിയെ താന്‍ ബോള്‍ ഏല്‍പ്പിച്ചതെന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു. സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേ പൃഥ്വി വലിയ ഷോട്ടുകള്‍ക്കു അധികം മുതിരാറില്ല. അവനു മികച്ച തുടക്കം കളിയില്‍ ലഭിച്ചതിനാല്‍ അവര്‍ക്കു ലഭിച്ച ഈ താളം നിയന്ത്രിക്കാനാണ് ഞാന്‍ ശ്രമിച്ചത്. വരുണും സുനില്‍ നരെയ്‌നും പരിചയസമ്പന്നരായ സ്പിന്‍ ബൗളര്‍മാരാണന്നും. ഡിസിയുടെ റണ്ണൊഴുക്ക് തടയാന്‍ ഇവര്‍ക്കു സാധിക്കുമെന്നും അതു കളിയില്‍ പിടിമുറുക്കാന്‍ തങ്ങളെ സഹായിക്കുമെന്നും തോന്നിയതായി ശ്രേയസ് കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയ മല്‍സരം കൂടിയായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയുള്ളത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഡിസി അഞ്ചു വിക്കറ്റിനു 215 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. പൃഥ്വിയുടെയും ഓപ്പണിങ് പങ്കാളി ഡേവിഡ് വാര്‍ണറുടെയും (61) തകര്‍പ്പന്‍ ഫിഫ്റ്റികളാണ് ഡിസിക്കു അടിത്തറയിട്ടത്. വാര്‍ണര്‍ 45 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറും നേടി. മധ്യനിര കാര്യമായ സംഭാവന നല്‍കിയില്ലെങ്കിലും ലോവര്‍ ഓര്‍ഡറില്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ 29* (11 ബോള്‍, 3 സിക്‌സര്‍, 1 ഫോര്‍), അക്ഷര്‍ പട്ടേല്‍ 22* (14 ബോള്‍, 2 ഫോര്‍, 1 സിക്‌സ്) എന്നിവര്‍ ഡിസിയെ 200 കടത്തി.

റണ്‍ചേസില്‍ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് 171 റണ്‍സിനു ഓള്‍ഔട്ടായി. ശ്രേയസ് അയ്യര്‍ (54) കെകെആറിനായി കന്നി ഫിഫ്റ്റി നേടിയെങ്കിലും മറ്റാരും കാര്യമായ പിന്തുണ നല്‍കിയില്ല. 33 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. നിതീഷ് റാണ (30), ആന്ദ്രെ റസ്സല്‍ (24) എന്നവരാണ് കെകെആര്‍ നിരയില്‍ 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍.
നാലു വിക്കറ്റുകളെടുത്ത ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് കെകെആറിനെ തകര്‍ത്തത്. താരത്തിന്റെ മൂന്നു വിക്കറ്റുകളും ഒരോവറിലായിരുന്നു. മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ ഖലീല്‍ അഹമ്മദ് മികച്ച പിന്തുണയേകി. ശര്‍ദ്ദുലിന് രണ്ടു വിക്കറ്റും ലഭിച്ചു. കുല്‍ദീപാണ് പ്ലെയര്‍ ഓഫ് ദി മാച്ചായത്.


Click it and Unblock the Notifications