IPL 2022: ടേബിള്‍ ടോപ്പറായി, കിരീടവും നേടി, ഏതെങ്കിലും ടീമിന് ഈ നേട്ടമുണ്ടോ ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ അവസാന ഘട്ടത്തിലേക്കടുക്കുകയാണ്. ഇന്നത്തെ മത്സരത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിക്കുകയും പ്ലേ ഓഫിലേക്ക് ടൂര്‍ണമെന്റ് കടക്കുകയും ചെയ്യും. ഇത്തവണ ഗ്രൂപ്പുഘട്ടം പൂര്‍ത്തിയാവുമ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്ത് ഗുജറാത്ത് ടൈറ്റന്‍സാണ്. 20 പോയിന്റാണ് 14 മത്സരത്തില്‍ നിന്ന് അവര്‍ നേടിയത്. ഇത്തവണ വലിയ കിരീട പ്രതീക്ഷയിലാണ് തലപ്പത്തുള്ള ഗുജറാത്ത്. എന്നാല്‍ ഐപിഎല്ലിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ടേബിള്‍ ടോപ്പറാവുകയും കിരീടം നേടുകയും ചെയ്യാന്‍ ഏതെങ്കിലും ടീമിന് സാധിച്ചിട്ടുണ്ടോ ? പരിശോധിക്കാം.

2008ലാണ് ഐപിഎല്‍ ആരംഭിച്ചത്. പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് ഈ നേട്ടത്തിലേക്കെത്താനായി. പോയിന്റ് പട്ടികയില്‍ തലപ്പത്തായിരുന്നു രാജസ്ഥാന്‍. കപ്പ് നേടാനും രാജസ്ഥാനായി. ഷെയ്ന്‍ വോണായിരുന്നു നായകന്‍. എന്നാല്‍ 2009ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സായിരുന്നു ഒന്നാം സ്ഥാനത്ത്. പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കെത്തിയെങ്കിലും കിരീടത്തിലേക്കെത്താന്‍ അവര്‍ക്കായില്ല. ഡെക്കാന്‍ ചാര്‍ജേഴ്‌സാണ് കിരീടം നേടിയത്. 2010ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നായകനായ മുംബൈ ഇന്ത്യന്‍സായിരുന്നു പട്ടികയിലെ ഒന്നാം സ്ഥാനത്ത്. എന്നാല്‍ അവര്‍ക്കും കപ്പടിക്കാനായില്ല. സിഎസ്‌കെയാണ് ഈ സീസണില്‍ കിരീടത്തില്‍ മുത്തമിട്ടത്.

2011ല്‍ ആര്‍സിബി പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തിയെങ്കിലും അവര്‍ക്കും കിരീടം അകന്ന് നിന്നു. സിഎസ്‌കെയാണ് 2011 സീസണിലെ ജേതാവ്. 2012ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായപ്പോള്‍ അവര്‍ക്കും കിരീടത്തിലേക്കെത്താനായില്ല. കെകെആറാണ് കപ്പടിച്ചത്. 2013ല്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഒന്നാമതത്തെത്തിയത്. എന്നാല്‍ അവര്‍ക്കും കപ്പിലേക്കെത്താനായില്ല. കിരീടം മുംബൈ നേടി. 2014ല്‍ പഞ്ചാബ് കിങ്‌സ് ഗംഭീര കുതിപ്പോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായെങ്കിലും അവര്‍ക്കും കിരീടത്തിലേക്കെത്താനായില്ല. കെകെആറാണ് കപ്പില്‍ മുത്തമിട്ടത്.

2015ല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായത് സിഎസ്‌കെയാണ്. എന്നാല്‍ അവര്‍ക്കും കിരീടത്തിലേക്കെത്താനായില്ല. മുംബൈ ഇന്ത്യന്‍സാണ് കിരീടം സ്വന്തമാക്കിയത്. 2016ല്‍ ഗുജറാത്ത് ലയണ്‍സായിരുന്നു തലപ്പത്ത്. എന്നാല്‍ കിരീട ഭാഗ്യം അവര്‍ക്കുമുണ്ടായില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു ജേതാവ്. എന്നാല്‍ 2017ല്‍ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുകയും കപ്പടിക്കുകയും ചെയ്തു. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലായുന്നു മുംബൈയുടെ കിരീടനേട്ടം. 2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒന്നാം സ്ഥാനത്തേക്കെത്തിയെങ്കിലും കിരീടം സ്വന്തമാക്കിയില്ല. സിഎസ്‌കെയായിരുന്നു 2018ലെ ജേതാവ്.

എന്നാല്‍ 2019ലും 2020ലും മുംബൈയുടെ തകര്‍പ്പന്‍ പ്രകടനമാണ് കണ്ടത്. രണ്ട് സീസണിലും മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്തുകയും കിരീടം നേടുകയും ചെയ്തു. 2021ല്‍ സിഎസ്‌കെയാണ് കിരീടം നേടിയതെങ്കിലും ഒന്നാം സ്ഥാനം ഡല്‍ഹി ക്യാപിറ്റല്‍സിനായിരുന്നു. ഇത്തവണ ഗുജറാത്താണ് തലപ്പത്ത്. രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ആര്‍സിബി ടീമുകളാണ് ഇത്തവണ ഗുജറാത്തിനെക്കൂടാതെ പ്ലേ ഓഫിലെത്തിയത്. ഇതില്‍ ആരാവും കപ്പടിക്കുകയെന്ന് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications