
ലഖ്‌നൗവിനെതിരായ കളിയില്‍ ഇഷാന്‍ കിഷന്റെ ബാറ്റിങിനെ മാത്രമല്ല മനോഭാവമത്തെയും സുനില്‍ ഗവാസ്‌കര്‍ വിമര്‍ശിച്ചു. തേര്‍ഡ് അംപയറുടെ തീരുമാനത്തിനു പോലും കാത്തുനില്‍ക്കാതെ താരം ക്രീസ് വിട്ടതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. ഇഷാന്‍ കിഷന്റെ സമയം വളരെ മോശമാണ്. അതുകൊണ്ടു തന്നെ താന്‍ ഔട്ടാണോയെന്ന തീരുമാനത്തിനു പോലും കാത്തുനില്‍ക്കാതെ അവന്‍ ക്രീസ് വിട്ടു. സാധാരണയായി ബാറ്റര്‍മാര്‍ ഇത്തരത്തുള്ള അസാധാരണ ക്യാച്ചുകള്‍ സ്ലിപ്പില്‍ നല്‍കുമ്പോള്‍ അംപയറുടെ തീരുമാനമറിയാന്‍ കാത്തുനില്‍ക്കും.

പക്ഷെ ഇഷാന്റ കാര്യത്തില്‍ അതുണ്ടായില്ല. ക്യാച്ചിനു മുമ്പ് ബോള്‍ ഗ്രൗണ്ടില്‍ ടച്ച് ചെയ്തിരുന്നോയെന്നു പോലും അറിയാന്‍ നില്‍ക്കാതെയാണ് അവന്‍ സ്വയം ഔട്ടാണെന്നുറപ്പിച്ച് മടങ്ങിയത്. കാത്തുനില്‍ക്കണമെന്ന് അംപയര്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് ഇഷാന്‍ അവിടെ നിന്നത്. അവന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ കൂടിയാണ് ഇതു കാണിക്കുന്നതെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഗവാസ്‌കര്‍ നിരീക്ഷിച്ചു.

ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ ഇഷാന്‍ കിഷന്റെ മനോഭാവത്തെയും സുനില്‍ ഗവാസ്‌കര്‍ ചോദ്യം ചെയ്തു. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയെ പോലുള്ള പിച്ചുകളില്‍ താരം ബാറ്റ് ചെയ്യാന്‍ നന്നായി വിഷമിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
തൊട്ടുമുമ്പത്തെ മല്‍സരത്തിനിടെ ബാറ്റ് ചെയ്യവെ ഹെല്‍മറ്റില്‍ ബോള്‍ പതിച്ചത് ഇഷാനെ ബാധിച്ചിരിക്കാം.

ഇതു തീര്‍ച്ചയായും നല്ലൊരു സൂചനയല്ല. കാരണം ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക തുടങ്ങി രാജ്യങ്ങളില്‍ അധിക ബൗണ്‍സും വേഗവമുണ്ടാവും. അവിടെ കളിക്കുകയാണെങ്കില്‍ ഇഷാന് ഒന്നും തന്നെ ചെയ്യാനും സാധിക്കില്ല. ഹെഡ്‌ലൈറ്റിനു മുന്നില്‍ അകപ്പെട്ട മുയലിന്റെ അവസ്ഥയാരിക്കും അവനുണ്ടാവുക. അവിടെ ഫാസ്റ്റ് ബൗളര്‍മാരെല്ലാം അതിവേഗം പന്തെറിഞ്ഞ് നിങ്ങള്‍ക്കു ബാറ്റിങ് ദുഷ്‌കരമാക്കി മാറ്റും. അരയ്ക്കു താഴെ വരുന്ന ഏതു ബോളും ഇഷാന്‍ അടിച്ചകറ്റും, പക്ഷെ അതിനു മുകളില്‍ വരികയാണെങ്കില്‍ അവന്‍ ബുദ്ധിമുട്ടും. ഐപിഎല്ലില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇതാണെന്നു സുനില്‍ ഗവാസ്‌കര്‍ വിലയിരുത്തി.

169 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ലഖ്‌നൗവിനെതിരേ മുംബൈ പിന്തുടര്‍ന്നത്. ഓപ്പണിങ് പങ്കാളിയും ക്യാപ്റ്റനുമായ രോഹിത് ശര്‍മ അതിവേഗം റണ്‍സെടുത്ത് ടീമിനു മികച്ച തുടക്കം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ക്രീസിന്റെ മറുവശത്ത് ഇഷാന്‍ നേരെ തിരിച്ചായിരുന്നു. റണ്ണെടുക്കാന്‍ നന്നായി പാടുപെട്ട താരം പവര്‍പ്ലേയില്‍ 17 ബോളുകള്‍ നേരിട്ട് നേടിയത് വെറും ആറു റണ്‍സാണ്. പവര്‍പ്ലേ കഴിയുമ്പോള്‍ മുംബൈ വിക്കറ്റ് പോവാതെ 43 റണ്‍സെടുത്തിരുന്നു.

എട്ടാമത്തെ ഓവറില്‍ യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് ഇഷാന്‍ കിഷന്റെ ദയനീയ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഒരു മോശം ബോളിലായിരുന്നു താരം വിക്കറ്റ് വലിച്ചെറിഞ്ഞത്. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ ഇഷാന്‍ അശ്രദ്ധമായി ആഞ്ഞുവീശുകയായിരുന്നു. ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിന്റെ ബൂട്ടുകളിലേക്കാണ് വന്നത്. ബൂട്ടില്‍ തട്ടിയ ശേഷം കുത്തിയുയര്‍ന്ന ബോള്‍ സ്ലിപ്പില്‍ ജാസണ്‍ ഹോള്‍ഡറുടെ കൈകളിലെത്തുകയും ചെയ്തു. ബോള്‍ ഗ്രൗണ്ടില്‍ ടച്ച് ചെയ്തിരുന്നോയെന്നു അപ്പോള്‍ വ്യക്തമായിരുന്നില്ല. പക്ഷെ അംപയറുടെ തീരുമാനത്തിനു പോലും കാത്തുനില്‍ക്കാതെ ക്രീസില്‍ നിന്നും താന്‍ രക്ഷപ്പെട്ടതു പോലെ ഇഷാന്‍ പവലിയനിലേക്കു നടക്കുകയായിരുന്നു.


Click it and Unblock the Notifications