IPL 2022: റിഷഭാണ് കളി തോല്‍പ്പിച്ചത്, പവലിന്റെ ഫോം നശിപ്പിച്ചു, ആരാധക വിമര്‍ശനം ശക്തം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരം നാടകീയ സംഭവങ്ങള്‍ക്കൊണ്ടാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. മത്സരത്തില്‍ 15 റണ്‍സിന് രാജസ്ഥാന്‍ ജയിച്ചപ്പോള്‍ സംഭവിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ക്കും മത്സരം സാക്ഷിയായി. രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ട് വെച്ച 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് മാത്രമാണ് നേടാനായത്. മത്സരത്തില്‍ 19ാം ഓവര്‍ മെയ്ഡന്‍ വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണയുടെ പ്രകടനമാണ് രാജസ്ഥാന് നിര്‍ണ്ണായകമായത്.
അവസാന ഓവറില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 36 റണ്‍സ്. ക്രീസിലുണ്ടായിരുന്ന റോവ്മാന്‍ പവല്‍ ഒബേഡ് മക്കോയിയുടെ ആദ്യ മൂന്ന് പന്തും സിക്‌സര്‍ പറത്തിയതോടെ ആവേശം ഉയര്‍ന്നു. എന്നാല്‍ മൂന്നാം പന്തില്‍ പവല്‍ സിക്‌സര്‍ നേടിയെങ്കിലും ആ പന്ത് അനുവദിനീയമായതില്‍ കൂടുതല്‍ ഉയര്‍ന്നാണ് വന്നതെന്നും നോബോള്‍ അനുവദിക്കണമെന്നും വാദിച്ച് ഡല്‍ഹി പരിശീലകരും നായകന്‍ റിഷഭ് പന്തും രംഗത്തെത്തുകയായിരുന്നു.

അംപയര്‍ ഫുള്‍ട്ടോസ് എന്ന നിലപാടില്‍ ഉറച്ച് നിന്നപ്പോള്‍ നോബോള്‍ അനുവദിക്കണമെന്ന കടുംപിടുത്തത്തിലായിരുന്നു ഡല്‍ഹി താരങ്ങള്‍. അംപയര്‍ അനുവദിക്കാതിരുന്നതോടെ നായകന്‍ റിഷഭ് പന്ത് ക്രീസിലുണ്ടായിരുന്ന താരങ്ങളെ തിരികെ വിളിച്ചതും ബാറ്റിങ് പരിശീലകന്‍ പ്രവീണ്‍ ആംറെ മൈതാനത്തിലേക്കിറങ്ങി അംപയറോട് തര്‍ക്കിച്ചതുമെല്ലാം അല്‍പ്പ സമയം മത്സരത്തില്‍ തടസം സൃഷ്ടിച്ചു. മാന്യന്മാരുടെ കളിയെന്ന് വിശേഷിപ്പിക്കുന്ന ക്രിക്കറ്റില്‍ സംഭവിക്കാന്‍ പാടില്ലാത്തത് തന്നെയാണ് നടന്നത്.
മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ്ങിന്റെ അഭാവത്തില്‍ തീര്‍ത്തും പക്വതയില്ലാത്ത പെരുമാറ്റമാണ് ഡല്‍ഹി ടീമില്‍ നിന്നുണ്ടായത്. സംഭവം വലിയ വിവാദമായതോടെ വലിയ വിമര്‍ശനമാണ് ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്തിനെതിരേ ആരാധകര്‍ ഉന്നയിക്കുന്നത്. കളി തോല്‍ക്കാന്‍ കാരണം റിഷഭ് പന്താണെന്നാണ് ആരാധകര്‍ പറയുന്നത്. റോവ്മാന്‍ പവല്‍ മിന്നും ഫോമില്‍ നില്‍ക്കുമ്പോള്‍ ഇത്തരമൊരു ഇടവേള വന്നത് അവന്റെ ഫോമിനെ ബാധിച്ചുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

അനാവശ്യമായി പ്രശ്‌നം ഉണ്ടാക്കാതിരുന്നിരുന്നെങ്കില്‍ പവല്‍ മത്സരം ജയിപ്പിക്കുമായിരുന്നുവെന്നും ഇടവേള വന്നതോടെ അവന്റെ താളം നഷ്ടപ്പെട്ടുവെന്നും തോല്‍വിക്ക് റിഷഭാണ് കാരണമെന്നുമാണ് ആരാധകര്‍ പറയുന്നത്. മൂന്ന് തുടര്‍ സിക്‌സുകള്‍ വഴങ്ങിയ മക്കോയിയും വലിയ സമ്മര്‍ദ്ദത്തിലായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അനാവശ്യ വിവാദത്തെത്തുടര്‍ന്ന് അല്‍പ്പം ഇടവേള ലഭിച്ചതോടെ മക്കോയിക്കും സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സമയം ലഭിച്ചു. നാലാം പന്ത് ടോട്ട് ബോളാക്കിയ മക്കോയി അവസാന പന്തില്‍ പവലിനെ പുറത്താക്കുകയും ചെയ്തു.

നോബോളിന്റെ പേരിലുണ്ടായ അനാവശ്യ വിവാദം ഇല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ആറ് സിക്‌സുകളുമായി ചരിത്ര പ്രകടനം തന്നെ ചിലപ്പോള്‍ കാണാന്‍ സാധിക്കുമായിരുന്നുവെന്നും റിഷഭ് പന്തിന്റെ അനാവശ്യ പിടിവാശിയാണ് തോല്‍വിക്ക് മുഖ്യ കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. വിവാദം സൃഷ്ടിച്ച മൂന്നാം പന്ത് ശരിക്കും ഫിഫ്റ്റി-ഫിഫ്റ്റി എന്ന നിലയിലായിരുന്നു. വേണമെങ്കില്‍ നോബോള്‍ വിളിക്കാം. എന്നാല്‍ ഫുള്‍ട്ടോസ് അനുവദിക്കാവുന്ന പന്തുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഫുള്‍ട്ടോസ് എന്ന തന്റെ തീരുമാനത്തില്‍ അംപയര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

തേര്‍ഡ് അംപയര്‍ക്ക് നല്‍കണമെന്ന ഡല്‍ഹിയുടെ ആവിശ്യവും അംപയര്‍ പരിഗണിച്ചില്ല. ഇതാണ് അവരെ കൂടുതല്‍ പ്രകോപിതരാക്കിയത്. ക്രിക്കറ്റിലെ പ്രമുഖരെല്ലാം സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ ക്രിക്കറ്റില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സംഭവമായിരുന്നുവെന്ന് അഭിപ്രായപ്പെടുമ്പോള്‍ മറ്റ് ചിലര്‍ അംപയര്‍ തേര്‍ഡ് അംപയര്‍ക്ക് വിധി കൈമാറാത്ത തീരുമാനത്തെയും വിമര്‍ശിച്ചിട്ടുണ്ട്. അംപയര്‍ തേര്‍ഡ് അംപയര്‍ക്ക് തീരുമാനം കൈമാറിയിരുന്നെങ്കില്‍ ഇത്തരമൊരു പ്രശ്‌നം ഉണ്ടാകില്ലായിരുന്നുവെന്നും അംപയര്‍മാരുടെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് ചിലര്‍ പറയുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications