
ധൃതി പിടിച്ച് തീരുമാനമെടുക്കേണ്ട ഒരു ആവശ്യവുമില്ല. നിങ്ങള്‍ 150 കിമി വേഗതയില്‍ ബൗള്‍ ചെയ്താല്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുമെന്ന ഒരു നിയമമുണ്ട്. പക്ഷെ ഉമ്രാന്‍ മാലിക്ക് അവസാനത്തെ എട്ടോവറില്‍ വിട്ടുകൊടുത്തത് 100 റണ്‍സാണ്. അവനു കുറച്ചുകൂടി സമയം നല്‍കൂ. ഇന്ത്യന്‍ ടീമിനൊപ്പം ഉമ്രാനു യാത്ര ചെയ്യാം. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിപ്പിക്കാന്‍ ധൃതി പിടിക്കരുതെന്നും ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.

ഈ സീസണില്‍ കന്നി അഞ്ചു വിക്കറ്റ് വീഴ്ത്തുന്നതിനൊപ്പം 15 വിക്കറ്റുകളും ഉമ്രാന്‍ മാലിക്ക് ഇതിനകം നേടിക്കഴിഞ്ഞു. ഉമ്രാന്‍ ബൗളിങിലെ വേഗത കൊണ്ട് ശ്രദ്ധിക്കപ്പെടുമ്പോള്‍ ഹൈദരാബാദിന്റെ മറ്റൊരു ഫാസ്റ്റ് ബൗളറായ ഭുവനേശ്വര്‍ കുമാറിനെ പ്രശംസിക്കുകയാണ് ആകാശ് ചോപ്ര. ഈ സീസണില്‍ ഹൈദരാബാദ് പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത് ഭുവിയാണ്. 10 വിക്കറ്റുകളാണ് സീസണില്‍ ഇതിനകം അദ്ദേഹം വീഴ്ത്തിയത്.

എന്താണ് ചെയ്യേണ്ടതെന്നും ചെയ്യാന്‍ പാടില്ലാത്തതെന്നും മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ബോള്‍ കൈകളില്‍ നിന്നും റിലീസ് ചെയ്യുമ്പോള്‍ വേഗതയിലല്ല, സ്വിങിലാണ് ഭുവനേശ്വര്‍ കുമാര്‍ ശ്രദ്ധിക്കുന്നത്. വായുവില്‍ ബോള്‍ അതിവേഗം മൂവ് ചെയ്യിക്കാന്‍ അവന്‍ ശ്രമിച്ചിരുന്ന സമയമുണ്ടായിരുന്നു, ഇപ്പോഴില്ല. സ്ഥിരത, അനുഭവസമ്പത്ത്, സ്വീകാര്യത എന്നിവ ഭുവി ബൗള്‍ ചെയ്ത രീതിയെ മാറ്റിമറിച്ചുവെന്നും ചോപ്ര വിലയിരുത്തി.

അതേസമയം, സണ്‍റൈസേഴ്‌സ് ഹൈദരാഹബാദിന്റെ കാര്യമെടുത്താല്‍ അവസാനത്തെ മല്‍സരങ്ങളില്‍ അവര്‍ക്കു ചുവട് തെറ്റിയിരിക്കുകയാണ്. ഒരു ഘട്ടത്തില്‍ ലീഗില്‍ ടോപ്പ് ത്രീയിലുണ്ടായിരുന്ന ഓറഞ്ച് ആര്‍മി ഇപ്പോള്‍ ആറാംസ്ഥാനത്താണ്. 10 മല്‍സരങ്ങളില്‍ നിന്നും അഞ്ചു വീതം ജയവും തോല്‍വിയുമടക്കം അവര്‍ക്കു 10 പോയിന്റാണുള്ളത്.
സീസണിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും തോറ്റ അവര്‍ പിന്നീട് തുടരെ അഞ്ചു മല്‍സരങ്ങളിലാണ് വെന്നിക്കൊടി പാറിച്ചത്. പക്ഷെ പിന്നീട് തുടര്‍ച്ചയായി മൂന്നു കളികള്‍ ഹൈദരാബാദ് പരാജയപ്പെട്ടു. ഇതോടെയാണ് അവരുടെ പ്ലേഓഫ് പ്രതീക്ഷള്‍ക്കു തിരിച്ചടി നേരിട്ടത്. ബാക്കിയുള്ള നാലു മല്‍സരങ്ങളിലും ജയിച്ചാല്‍ ഹൈദരാഹബാദിനു പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാം.


Click it and Unblock the Notifications











