For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഹാട്രിക് തോല്‍വി, മുംബൈക്ക് പിഴച്ചതെവിടെ ? മൂന്ന് കാരണങ്ങള്‍ ഇതാ

അവസാന സീസണില്‍ നിരാശപ്പെടുത്തിയ മുംബൈ ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ആരാധകര്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലേക്ക് വലിയ പ്രതീക്ഷകളോടെയെത്തിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. അവസാന സീസണില്‍ നിരാശപ്പെടുത്തിയ മുംബൈ ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ആരാധകര്‍. മുംബൈയിലാണ് ഗ്രൂപ്പു ഘട്ടത്തിലെ കൂടുതല്‍ മത്സരങ്ങളും നടക്കുന്നത്. അതുകൊണ്ട് തന്നെ ഇത് മുംബൈ മുതലാക്കുമെന്നും വലിയ മുന്നേറ്റം നടത്തുമെന്നും എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ ആദ്യ മൂന്ന് മത്സരത്തിലും മുംബൈ പരാജയപ്പെട്ടു.

ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം നിലവാരത്തിനൊത്ത് ഉയരുന്നില്ല. സൂപ്പര്‍ താരങ്ങളെയെല്ലാം നിലനിര്‍ത്തി ടീമിന്റെ കെട്ടുറപ്പ് നഷ്ടപ്പെടാതെ കാക്കാന്‍ മുംബൈക്ക് സാധിച്ചെങ്കിലും ഇതുകൊണ്ട് വലിയ കാര്യമില്ലെന്ന് തോന്നിക്കുന്ന പ്രകടനമാണ് ആദ്യ മത്സരങ്ങളില്‍ ടീം കാഴ്ചവെച്ചത്. രോഹിത് ശര്‍മക്കും വലിയ സമ്മര്‍ദ്ദം നല്‍കുന്ന തോല്‍വിയാണ് ടീം ഏറ്റുവാങ്ങുന്നത്. ഇത്തവണ മുംബൈക്ക് പിഴച്ചതെവിടെയാണ് ? ഹാട്രിക് തോല്‍വിയുടെ മൂന്ന് കാരണങ്ങളറിയാം.

പരിചയസമ്പത്തില്ലാത്ത ബൗളിങ് നിര

പരിചയസമ്പത്തില്ലാത്ത ബൗളിങ് നിര

ഇത്തവണത്ത മുംബൈയുടെ ഏറ്റവും വലിയ തലവേദന ബൗളിങ് നിര തന്നെയാണ്. ജസ്പ്രീത് ബുംറയെന്ന ബൗളറെ മാത്രമാണ് ഇപ്പോള്‍ മുംബൈക്ക് ആശ്രയിക്കാനുള്ളത്. ബേസില്‍ തമ്പി, ഡാനിയല്‍ സാംസ് എന്നിവര്‍ക്കൊന്നും പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല. രണ്ട് പേരും റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്തവരാണ്. ബുംറ മത്സരത്തില്‍ നിയന്ത്രണം കൊണ്ടുവരുമ്പോള്‍ വലിയ പിന്തുണ സഹതാരങ്ങളില്‍ നിന്ന് ലഭിക്കുന്നില്ല. മുരുഗന്‍ അശ്വിന്‍ സ്പിന്നുകൊണ്ട് ഭേദപ്പെട്ട് നില്‍ക്കുന്നുണ്ടെങ്കിലും പേസ് നിരയുടെ മോശം ഫോം പ്രതീക്ഷകള്‍ തകര്‍ക്കുന്നു. ഇനിയുള്ള മത്സരങ്ങളില്‍ മുംബൈക്ക് തിരിച്ചുവരാന്‍ ബൗളര്‍മാര്‍ തിളങ്ങേണ്ടതായുണ്ട്. പകരക്കാരായി പരിഗണിക്കാന്‍ ജയദേവ് ഉനദ്ഘട്ടും അര്‍ജുന്‍ ടെണ്ടുല്‍ക്കറും മാത്രമാണ് പേസ് നിരയിലുള്ളത്. ഇതും ടീമിന് തലവേദന സൃഷ്ടിക്കുന്നു.

പ്ലേയിങ് 11ല്‍ പ്രശ്‌നങ്ങളേറെ

പ്ലേയിങ് 11ല്‍ പ്രശ്‌നങ്ങളേറെ

മുംബൈയുടെ പ്ലേയിങ് 11ല്‍ പ്രശ്‌നങ്ങളേറെയാണ്. ഇതുവരെ ശക്തമായൊരു പ്ലേയിങ് 11നെ സൃഷ്ടിച്ചെടുക്കാന്‍ മുംബൈക്ക് സാധിച്ചിട്ടില്ല. ഹര്‍ദിക് പാണ്ഡ്യയുടെ വിടവ് നികത്താന്‍ മുംബൈക്ക് സാധിക്കുന്നില്ല. ടിം ഡേവിഡിനെയാണ് വെടിക്കെട്ട് ഫിനിഷറായി മുംബൈ ഇത്തവണ ടീമിലെത്തിച്ചത്. എന്നാല്‍ താരത്തിന് ഈ റോളില്‍ തിളങ്ങാനാവുന്നില്ല. ഹര്‍ദിക് പന്തുകൊണ്ടും ഉപകാരിയായിരുന്നു. എന്നാല്‍ അത്തരമൊരു വെടിക്കെട്ട് ഓള്‍റൗണ്ടറുടെ വിടവ് മുംബൈ നിരയില്‍ മുഴച്ച് നില്‍ക്കുന്നു. മികച്ച ബൗളിങ് കൂട്ടുകെട്ടിനെയും സൃഷ്ടിക്കേണ്ടതായുണ്ട്. ന്യൂബോളില്‍ ആരൊക്കെ ഡെത്ത് ഓവറില്‍ ആരൊക്കെ എന്നതില്‍ കൃത്യമായ തീരുമാനം ഇല്ല. മൂന്ന് മത്സരത്തിലും മുംബൈയുടെ പ്ലേയിങ് 11ന് ഒത്തൊരുമ കൊണ്ടുവരാനായില്ല.

സൂര്യകുമാര്‍ യാദവിന്റെ അഭാവം

സൂര്യകുമാര്‍ യാദവിന്റെ അഭാവം

ആദ്യ രണ്ട് മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെ അഭാവം മുംബൈക്ക് വലിയ തിരിച്ചടിയായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മൂന്നാം മത്സരത്തിലൂടെയാണ് സൂര്യ തിരിച്ചെത്തിയത്. അര്‍ധ സെഞ്ച്വറിയോടെ സൂര്യ ശക്തമായി വരവറിയിക്കുകയും ചെയ്തു. സൂര്യയുടെ അഭാവത്തില്‍ അന്‍മോല്‍പ്രീത് സിങ്ങിനെയാണ് മുംബൈ പരിഗണിച്ചത്. എന്നാല്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. സൂര്യയുടെ അഭാവം മുംബൈയെ ആദ്യ മത്സരങ്ങളില്‍ പ്രതികൂലമായി ബാധിച്ചുവെന്ന് പറയാം.

തിലക് വര്‍മയുടെ പ്രകടനം മാത്രമാണ് മുംബൈക്ക് എടുത്തു പറയാനുള്ളത്. മധ്യനിരയില്‍ തിലക് ഗംഭീര പ്രകടനം നടത്തുന്നു. മുംബൈക്ക് തിരിച്ചുവരാന്‍ വേണ്ടത് മികച്ചൊരു ഓള്‍റൗണ്ടറെയാണെന്ന് പറയാം. കറെന്‍ പൊള്ളാര്‍ഡ് പന്തെറിയുമ്പോള്‍ നന്നായി തല്ലുകൊള്ളുന്നു. അതുകൊണ്ട് തന്നെ പാര്‍ട് ടൈം ബൗളറായി പൊള്ളാര്‍ഡിനെ ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ട് മുംബൈക്ക് ശക്തമായ തിരിച്ചുവരവ് നടത്താനാവുമോയെന്ന് കണ്ടറിയാം. ആറ് തോല്‍വികള്‍ക്ക് ശേഷം മടങ്ങിവന്ന് കപ്പടിച്ച ചരിത്രം മുംബൈക്കുള്ളതിനാല്‍ ടീമിനെ ഇപ്പോഴെ എഴുതിത്തള്ളാനാവില്ല.

Story first published: Saturday, April 9, 2022, 11:54 [IST]
Other articles published on Apr 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+