IPL 2022: 'അവന്‍ പുറത്താകുമെന്ന് കരുതേണ്ട', ഹര്‍ദിക് ടി20 ലോകകപ്പിലുണ്ടാവും- സുനില്‍ ഗവാസ്‌കര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പല താരങ്ങളെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ്. കരിയറില്‍ വലിയ തിരിച്ചുവരവ് നടത്താന്‍ പല താരങ്ങള്‍ക്കും ഇത്തവണ തിളങ്ങിയേ മതിയാകൂ. ഇന്ത്യന്‍ താരങ്ങളിലും പലര്‍ക്കും നിലനില്‍പ്പിന്റെ സീസണായി ഇത്തവണത്തെ സീസണ്‍ മാറിയിട്ടുണ്ട്. അതിലൊരാളാണ് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് തഴയപ്പെട്ടു.

തുടര്‍ച്ചയായി പരിക്ക് വേട്ടയാടിയതും ഫോം നഷ്ടപ്പെട്ടതും ഹര്‍ദിക്കിന് തിരിച്ചടിയായി. ഇത്തവണ ഐപിഎല്ലില്‍ കളിച്ച് മികവ് കാട്ടിയാല്‍ ഇന്ത്യന്‍ ടീമിലേക്ക് ഹര്‍ദിക്കിന് തിരിച്ചെത്താമെന്ന നിലപാടാണ് സെലക്ടര്‍മാര്‍ സ്വീകരിച്ചത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ ആദ്യ മത്സരത്തില്‍ ബാറ്റുകൊണ്ട് തിളങ്ങിയ ഹര്‍ദിക് ബൗളിങ്ങിലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഇടവേളക്ക് ശേഷം അദ്ദേഹം ബൗളിങ് ആരംഭിക്കുകയും നാല് ഓവര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ദിക് ഇടം പിടിക്കുമോയെന്നത് എല്ലാവരും ഉറ്റുനോക്കുന്ന ചോദ്യമാണ്. ഇപ്പോഴിതാ ടി20 ലോകകപ്പിലെ ഹര്‍ദിക്കിന്റെ സ്ഥാനത്തിന് യാതൊരു സംശയവും വേണ്ടെന്നും അവന്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്വാഭാവികമായി ഉള്‍പ്പെടുന്ന താരമാണെന്നുമാണ് ഗവാസ്‌കര്‍ പറഞ്ഞത്.
'ഹര്‍ദിക് വീണ്ടും പന്തെറിയുമോ, എത്ര ഓവര്‍ എറിയാന്‍ സാധിക്കും, ബാറ്റിങ് എങ്ങനെയാവും ഇതെല്ലാം ഗുജറാത്ത് മാത്രമല്ല വീക്ഷിച്ചിരുന്നത്. ക്രിക്കറ്റ് ലോകം ഒന്നാകെ നോക്കിയിരുന്ന കാര്യമാണിത്. അവന്‍ ബൗളിങ് ആരംഭിച്ചു. ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞു. നന്നായി ബാറ്റ് ചെയ്തു. അതുകൊണ്ട് തന്നെ ടി20 ലോകകപ്പിലേക്ക് സ്വാഭാവികമായി ഇടം പിടിക്കുന്ന താരമായിരിക്കും ഹര്‍ദിക്' -സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഗവാസ്‌കര്‍ പറഞ്ഞു.

ഹര്‍ദിക് ഇന്ത്യയുടെ ഫിനിഷറാണ്. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ ഹര്‍ദിക്കിന് കഴിവുണ്ട്. എന്നാല്‍ സമീപകാലത്തായി അത് നഷ്ടപ്പെട്ടതോടെയാണ് ഇന്ത്യ പുതിയ ഫിനിഷറെ തിരയാന്‍ ആരംഭിച്ചത്. എന്നാല്‍ ഹര്‍ദിക്കിന്റെ 15ാം സീസണിലെ തുടക്കം ഗംഭീരമായിട്ടുണ്ട്. നായകനെന്ന നിലയിലെടുത്ത തീരുമാനങ്ങളും മികച്ചതായിരുന്നു. സീസണ്‍ അവസാനിക്കുമ്പോഴും ഇതേ മികവ് കാട്ടാന്‍ ഹര്‍ദിക്കിനായാല്‍ തീര്‍ച്ചയായും ലോകകപ്പിലെ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഹര്‍ദിക്കുണ്ടാവും. എക്‌സ് ഫാക്ടര്‍ താരങ്ങളിലൊരാളാണ് ഹര്‍ദിക് പാണ്ഡ്യയെന്നതാണ് എടുത്തു പറയേണ്ടത്.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ ടി20 ലോകകപ്പിന് തയ്യാറെടുക്കുന്നത്. ഹര്‍ദിക്കിന്റെ അഭാവത്തില്‍ ഇന്ത്യ വെങ്കടേഷ് അയ്യരെ ഫിനിഷര്‍ റോളിലേക്ക് പരിഗണിച്ചിരുന്നു. ഇടം കൈയന്‍ മീഡിയം പേസ് ഓള്‍റൗണ്ടറായ വെങ്കടേഷ് കെകെആറിന്റെ ഓപ്പണറാണ്. ഇന്ത്യന്‍ ടീമിനൊപ്പം ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഹര്‍ദിക്കിന്റെ അഭാവം നികത്താന്‍ പോന്ന പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. ഹര്‍ദിക്കിനെപ്പോലൊരു താരം ഒപ്പമുള്ളത് ഏത് ടീമിനും വലിയ കരുത്ത് നല്‍കും.

അതേ സമയം ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകന്‍ കെ എല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡെക്കായാണ് സീസണ്‍ തുടങ്ങിയത്. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ രാഹുല്‍ പുറത്തായി. മുഹമ്മദ് ഷമിയുടെ മനോഹര പന്തിലാണ് രാഹുലിന്റെ പുറത്താകല്‍. ഇതിനെക്കുറിച്ചും ഗവാസ്‌കര്‍ പ്രതികരിച്ചു. ' മികച്ചൊരു പന്തായിരുന്നു അത്. ഇത്തരം പന്തുകളെറിയാന്‍ വളരെ അപൂര്‍വ്വം താരങ്ങള്‍ക്കേ സാധിക്കൂ. പേസര്‍മാര്‍ക്ക് താളത്തിലേക്കെത്താന്‍ അല്‍പ്പം സമയം വേണ്ടിവരാറുണ്ട്. എന്നാല്‍ ആദ്യ പന്തില്‍ത്തന്നെ ഇത്തരമൊരു മികവ് കാട്ടുമ്പോള്‍ രാഹുല്‍ നിസ്സഹായനായിപ്പോയി. അത് അവന്റെ തെറ്റല്ല. പരമാവധി ശ്രമിച്ചെങ്കിലും ദൗര്‍ഭാഗ്യവശാല്‍ എഡ്ജ് ആവുകയായിരുന്നു'- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications