
മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക് പാണ്ഡ്യയെ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒഴിവാക്കിയത്. ഹര്‍ദിക്കിന്റെ ഫോമും പരിക്കുമാണ് താരത്തെ ഒഴിവാക്കാന്‍ മുംബൈയെ പ്രേരിപ്പിച്ചത്. എന്നാല്‍ ടീം മാനേജ്മെന്റ് ഹര്‍ദിക്കിനെ കൈവിടാന്‍ മറ്റൊരു കാരണംകൂടിയുണ്ടെന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മുംബൈ ഇന്ത്യന്‍സിന്റെ നായകനാവാന്‍ ഹര്‍ദിക് ആഗ്രഹിച്ചിരുന്നുവെന്നും ടീം മാനേജ്മെന്റിനെ ഇത് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. ഇതും താരത്തെ ഒഴിവാക്കാനുള്ള കാരണങ്ങളിലൊന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
സ്പോര്‍ട്സ് ടോക്ക് യുട്യൂബ് ചാനലില്‍ നടന്ന ചര്‍ച്ചക്കിടെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രോഹിത്തിനെപ്പോലൊരു ഇതിഹാസ നായകനെ മാറ്റി പകരം നായകനായി എത്താന്‍ ആഗ്രഹിച്ചത് ഹര്‍ദിക്കിന്റെ അതിമോഹമാണെന്നാണ് ആരാധകര്‍ പറയുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതുമുതല്‍ നിരവധി ട്രോളുകളാണ് ഹര്‍ദിക്കിനെതിരേ ഉയരുന്നത്. രോഹിത് ശര്‍മയുടെ ആരാധകരെല്ലാം ഹര്‍ദിക്കിനെ വലിയ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിഹസിച്ചിരിക്കുകയാണ്.

ഹര്‍ദിക്കിനെ മുംബൈ ഒഴിവാക്കിയതിന് ദൈവത്തിന് നന്ദിയെന്നാണ് ഒരു ആരാധകന്‍ പറഞ്ഞത്. തന്റെ ആഗ്രഹം വെളിപ്പെടുത്തിയതിലൂടെ രോഹിത്തിനെ നായകനായി കാണാന്‍ ഹര്‍ദിക് ആഗ്രഹിക്കുന്നില്ലെന്നാണ് അത് വ്യക്തമാക്കുന്നതെന്നാണ് മറ്റൊരു ആരാധകന്‍ കുറിച്ചത്. പ്ലേയിങ് 11ല്‍ സ്ഥിരം സ്ഥാനം കണ്ടെത്താനാവാത്തവനാണോ നായകസ്ഥാനം നല്‍കേണ്ടതെന്നാണ് മറ്റൊരു ആരാധകന്‍ ചോദിക്കുന്നത്. ഇത്തരത്തില്‍ ഹര്‍ദിക്കിനെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി ട്രോളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഐപിഎല്ലില്‍ നായകനാവാനുള്ള ആഗ്രഹം എന്തായാലും ഹര്‍ദിക്കിനുണ്ടായിരുന്നു. ഇത് മുംബൈ ഇന്ത്യന്‍സിലൂടെ സാധിച്ചില്ലെങ്കിലും അഹമ്മദാബാദ് ടൈറ്റാന്‍സിന്റെ നായകനായി തന്റെ ആഗ്രഹം സഫലീകരിക്കാന്‍ ഹര്‍ദിക്കിനായി. എന്നാല്‍ തുടര്‍ പരിക്കിന് ശേഷമെത്തുന്ന ഹര്‍ദിക്കിന്റെ പ്രകടനം കണ്ടറിയണം. പുറം വേദനയെത്തുടര്‍ന്ന് പന്തെറിയാന്‍ സാധിക്കാതിരുന്ന ഹര്‍ദിക്കിന് ബൗളിങ് പുനരാരംഭിക്കാന്‍ സാധിക്കുമോയെന്നതും കണ്ടറിയണം.

നിലവില്‍ ഇന്ത്യന്‍ ടീമിനും ഹര്‍ദിക് പുറത്താണ്. ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഹര്‍ദിക്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇന്ത്യന്‍ ടീമിലേക്ക് ഹര്‍ദിക്കിന്റെ തിരിച്ചുവരവും പ്രയാസമാവും. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ ആഗ്രഹിച്ച ഹര്‍ദിക്കിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുന്നതിലും രോഹിത്തിന് സ്വാധീനം ചെലുത്താനാവും. നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ നായകന്‍ രോഹിത്താണ്. അതുകൊണ്ട് തന്നെ ഹര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

ഇന്ത്യന്‍ ടീമിന് പുറത്തുള്ള താരങ്ങള്‍ രഞ്ജി ട്രോഫി കളിച്ച് ഫോം കണ്ടെത്തി തിരിച്ചെത്തണമെന്നാണ് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നിര്‍ദേശിച്ചത്. എന്നാല്‍ രഞ്ജി ട്രോഫി കളിക്കാന്‍ താനില്ലെന്ന് ഹര്‍ദിക് വ്യക്തമാക്കിയതും വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇത്തവണത്തെ ഐപിഎല്ലിലെ ഹര്‍ദിക്കിന്റെ പ്രകടനം നിര്‍ണ്ണായകമാവും.


Click it and Unblock the Notifications
