
ബൗളിങ് ചേഞ്ചുകളിലും ഫീല്‍ഡിങ് ക്രമീകരണത്തിലും മാത്രമായിരുന്നില്ല സ്വയം ബൗള്‍ ചെയ്തും ഹാര്‍ദിക് മുന്നില്‍ നിന്നു വഴി കാണിച്ചു. നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളും അദ്ദേഹം നേടി. റോയല്‍സ് നിരയിലെ ഏറ്റവും അപകടകാരികളായ നായകന്‍ സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരെയാണ് ഹാര്‍ദിക് പുറത്താക്കിയത്.

പവര്‍പ്ലേയില്‍ തന്നെ റാഷിദ് ഖാനെ കൊണ്ടു വന്ന് റോയല്‍സിനെ ഹാര്‍ദിക് പാണ്ഡ്യ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. മുഹമ്മദ് ഷമി തന്റെ രണ്ടാം ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്തതോടെ അദ്ദേഹത്തെ വലിച്ച് അഞ്ചാം ഓവറില്‍ റാഷിദ് ഖാനെ കൊണ്ടുവന്നു. ഒരു വിക്കറ്റെടുത്തിട്ടും യഷ് ദയാലിനെ മാറ്റി റാഷിദിനും ഓവര്‍ നല്‍കി. ജോസ് ബട്‌ലര്‍ക്കെതിരേ മികച്ച റെക്കോര്‍ഡുള്ളതിനാല്‍ തന്നെ ഇതു മുതലാക്കാനാണ് ഹാര്‍ദിക് ശ്രമിച്ചത്. തന്റെ ആദ്യ ഓവറില്‍ ഏഴും അടുത്തതില്‍ അഞ്ചും റണ്‍സാണ് റാഷിദ് വിട്ടുകൊടുത്തത്. ഒമ്പതാം ഓവറില്‍ ഹാര്‍ദിക് സ്വയം ബൗള്‍ ചെയ്യാനെത്തി.

രണ്ടാമത്തെ ബോളില്‍ തന്നെ സഞ്ജു സാംസണിനെ വീഴ്ത്തിയ ഹാര്‍ദിക് റോയല്‍സിനു കനത്ത പ്രഹരമാണ് നല്‍കിയത്. ഹാര്‍ഡ് ലെങ്ത് ബോളായിരുന്നു ഇത്. സഞ്ജുവിനെ പുള്‍ ഷോട്ടിനായി ഇതു പ്രലോഭിപ്പിക്കുകയും ചെയ്തു. ഫ്രണ്ട് ഫൂട്ടിലാണ് അദ്ദേഹം ഈ ഷോട്ട് കളിച്ചത്. പക്ഷെ കരുത്ത് കുറഞ്ഞ ഈ ഷോട്ട് പ്രതീക്ഷിച്ച ദൂരം പോയില്ല. ഫലമാവട്ടെ സായ് കിഷോര്‍ മുന്നോട്ട് ഓടിക്കയറി പിടികൂടുകയും ചെയ്തു.
ഈ ഓവറില്‍ ഹാര്‍ദികയത് ഒരേയൊരു റണ്‍സ് മാത്രം. സഞ്ജു പുറത്തായതോടെ ഇനിയെന്ത് എന്ന ആശങ്ക റോയല്‍സ് ബാറ്റിങില്‍ കാണാമായിരുന്നു. ബട്‌ലര്‍ തന്റെ സ്ഥിരം ശൈലിയില്‍ നിന്നു മാറി പ്രതിരോധത്തിലേക്കു വലിഞ്ഞതോടെ റോയല്‍സിന്റെ സ്‌കോറിങിന്റെ വേഗവും കുറഞ്ഞു.

റോയല്‍സ് ബാറ്റിങ് നിരയെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബൗളര്‍ ഹാര്‍ദിക്കായിരുന്നു. അദ്ദേഹത്തിനെതിരേ റണ്‍സെടുക്കാന്‍ ബാറ്റര്‍മാര്‍ ശരിക്കും വിഷമിക്കുന്നതാണ് കണ്ടത്. രണ്ടാം ഓവറില്‍ നാലു റണ്‍സ് മാത്രമേ ഹാര്‍ദിക് വഴങ്ങിയുള്ളൂ. ഹാര്‍ദിക്കിനെതിരേ നേരിട്ട ആദ്യത്തെ ഏഴു ബോളിലും അക്കൗണ്ട് തുറക്കാന്‍ ദേവ്ദത്തിനായില്ല. ഈ സമ്മര്‍ദ്ദം താരത്തിന്റെ പുറത്താവലിലേക്കു നയിച്ചു. റാഷിദിനെതിരേ ഷോട്ടിനു ശ്രമിച്ച ദേവ്ദത്തിനെ ബാക്ക് വേര്‍ഡ് പോയിന്റില്‍ സിംപിള്‍ ക്യാച്ചിലൂടെ ഷമി മടക്കി.

തൊട്ടടുത്ത ഓവറില്‍ റോയല്‍സിന്റെ അവസാന പ്രതീക്ഷയായിരുന്ന ജോസ് ബട്‌ലറും ഹാര്‍ദിക് ഒരുക്കിയ കെണിയില്‍ കുരുങ്ങി. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളായിരുന്നു അത്. ഷോട്ടിനു മുതിരാതെ ചെറുതായൊന്നു ബോളിനെ വഴികാണിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പക്ഷെ ബോളിന്റെ ഉയരം ബട്‌ലറുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. എഡ്ജായ ബോള്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയുടെ കൈകളില്‍ സുരക്ഷിതമായിരുന്നു. തന്റെ അടുത്ത ഓവറില്‍ ഹെറ്റ്‌മെയറെയും ഹാര്‍ദിക് മടക്കി. ലെഗ് സ്റ്റംപിന് പുറത്തേക്കു പോയ ബോള്‍ പ്രതിരോധിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പക്ഷെ ബാറ്റില്‍ തട്ടിയുയര്‍ന്ന ബോള്‍ നേരെ ഹാര്‍ദിക്കിന്റെ കൈകളിലേക്കാണ് വന്നത്. ഇതോടെ റോയല്‍സ് 15 ഓവറില്‍ അഞ്ചിനു 94 റണ്‍സിലേക്കു കൂപ്പുകുത്തി. 16ാം ഓവറില്‍ ഷമിയെ തിരിച്ചുവിളിക്കുന്നതിനു പകരം യുവതാരം ആര്‍ സായ് കിഷോറിനെയാണ് ഹാര്‍ദിക് ബോള്‍ ഏല്‍പ്പിച്ചത്. ഈ പരീക്ഷണം വിജയിക്കുകയും ചെയ്തു. അഞ്ചാമത്തെ ബോളില്‍ അശ്വിനെ സായ് കിഷോര്‍ വീഴ്ത്തി. വിട്ടുനല്‍കിയത് നാലു റണ്‍സ് മാത്രമായിരുന്നു.


Click it and Unblock the Notifications