
മുംബൈ: ഐപിഎല്ലില്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലുമെല്ലാം ഹീറോയായി മാറിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനു തകര്‍പ്പന്‍ വിജയം. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ 37 റണ്‍സിനാണ് ടൈറ്റന്‍സ് കെട്ടുകെട്ടിച്ചത്. ഈ വിജയത്തോടെ ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു. 193 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു റോയല്‍സിനു ടൈറ്റന്‍സ് നല്‍കിയത്. റണ്‍ചേസില്‍ ജിടിക്കു കാര്യമായ വെല്ലുവിളിയുയര്‍ത്താന്‍ സാധിക്കാതെയാണ് റോയല്‍സ് പരാജയം സമ്മതിച്ചത്. ഒമ്പതു വിക്കറ്റിനു 155 റണ്‍സാണ് അവര്‍ക്കു 20 ഓവറില്‍ നേടാനായത്. സീസണിലെ ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയായ ഓപ്പണര്‍ ജോസ് ബട്‌ലറുടെ (54) ഇന്നിങ്‌സ് മാറ്റിനിര്‍ത്തിയാല്‍ റോയല്‍സ് നിരയില്‍ മറ്റാരില്‍ നിന്നും കാര്യമായ സംഭാവനയുണ്ടായില്ല. ഷിംറോണ്‍ ഹെറ്റ്‌മെയറാണ് (29) 20ന് മുകൡ സ്‌കോര്‍ ചെയ്ത മറ്റൊരു താരം.
ദേവ്ദത്ത് പടിക്കല്‍ (0), ആര്‍ അശ്വിന്‍ (8), നായകന്‍ സഞ്ജു (11), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (6), റിയാന്‍ പരാഗ് (18), ജിമ്മി നീഷാം (17) എന്നിവര്‍ക്കൊന്നും ബാറ്റിങില്‍ തിളങ്ങാനായില്ല. ലോക്കി ഫെര്‍ഗൂസനും അരങ്ങേറ്റ മല്‍സരം കളിച്ച യഷ് ദയാലും ടൈറ്റന്‍സിനായി മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. മുഹമ്മദ് ഷമിക്കും ഹാര്‍ദിക്കിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. നേരത്തേ ഫിഫ്റ്റിയുമായി ബാറ്റിങില്‍ ടൈറ്റന്‍സിന്റെ രക്ഷകനായ ഹാര്‍ദിക് പിന്നീട് തകര്‍പ്പനൊരു ത്രോയിലൂടെ സഞ്ജുവിനെ റണ്ണൗട്ടാക്കുകയും ചെയ്തിരുന്നു. കൂടാതെ ജിമ്മി നീഷാമിന്റെ വിക്കറ്റും ഹാര്‍ദിക്കിനു ലഭിച്ചു.

തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ക്യാപ്റ്റന്റെ ഇന്നിങ്‌സ് കെട്ടഴിച്ച ഹാര്‍ദിക്കിന്റെ മികവില്‍ ടൈറ്റന്‍സ് നാലു വിക്കറ്റിനു 192 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. പുറത്താവാതെ 87 റണ്‍സെടുത്ത ഹാര്‍ദിക്കാണ് ടീമിന്റെ ടോപ്‌സ്‌കോററര്‍. 52 ബോളില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറും അദ്ദേഹം നേടി. അഭിനവ് മനോഹറാണ് (43) ടൈറ്റന്‍സിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 28 ബോൡ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.
മാത്യു വേഡ് (12), ശുഭ്മാന്‍ ഗില്‍ (13), വിജയ് ശങ്കര്‍ (2) എന്നിവരെല്ലാം ബാറ്റിങില്‍ നിരാശപ്പെടുത്തി. ഹാര്‍ദിക്കിനൊപ്പം 14 ബോളില്‍ 31 റണ്‍സുമായി ഡേവിഡ് മില്ലര്‍ പുറത്താവാതെ നിന്നു. മില്ലറുടെ സ്‌ഫോടനാത്മക ഇന്നിങ്‌സാണ് ടൈറ്റന്‍സിനെ 200ന് അടുത്തെത്തിച്ചത്. റോയല്‍സിനു വേണ്ടി കുല്‍ദീപ് സെന്‍, യുസ്വേന്ദ്ര ചാഹല്‍, റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

ടൈറ്റന്‍സിന്റെ തുടക്കം മോശമായിരുന്നു. രണ്ടാമത്തെ ഓവറില്‍ തന്നെ വേഡിനെ അവര്‍ക്കു നഷ്ടമായി. നിര്‍ഭാഗ്യകരമായ രീതിയിലാണ് താരം പുറത്തായത്. മികച്ച ഫോമില്‍ ബാറ്റ് ചെയ്യവെ വേഡ് റണ്ണൗട്ടായാണ് ക്രീസ് വിട്ടത്. ആറു ബോളില്‍ മൂന്നു ബൗണ്ടറികളോടെ 12 റണ്‍സെടുത്ത ഓസീസ് താരം റാസ്സി വാന്‍ഡര്‍ ഡ്യുസെന്റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു. ടീം സ്‌കോറിലേക്കു മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും വിജയ് ശങ്കര്‍ പുറത്തായി. കുല്‍ദീപ് സെന്നിന്റെ ബൗളിങില്‍ നായകന്‍ സഞ്ജു ക്യാച്ചെടുക്കുകയായിരുന്നു.
മൂന്നാം വിക്കറ്റില്‍ 38 റണ്‍സിന്റെ കൂട്ടുകട്ടുമായി ഗില്‍- ഹാര്‍ദിക് സഖ്യം ടൈറ്റന്‍സിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ടീം സ്‌കോര്‍ 53ല്‍ നില്‍ക്കെ റിയാന്‍ പരാഗാണ് റോയല്‍സിനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. ബൗണ്ടറിക്കു തൊട്ടു പിന്നാലെയുള്ള ബോളിലായിരുന്നു ഗില്ലിന്റെ മടക്കം. പിന്നീടായിരുന്നു റോയല്‍സ് ഇന്നിങ്‌സലെ ഏറ്റവും മികച്ച കൂട്ടുകെട്ട് കണ്ടത്. ഹാര്‍ദിക്- അഭിനവ് ജോടി റോയല്‍സ് ബൗളര്‍മാരെ മെരുക്കിയെടുത്തു. 86 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. ഇതാണ് ടൈറ്റന്‍സ് ഇന്നിങ്‌സിനു അടിത്തറയിട്ടത്. അഭിനവിനു ശേഷമെത്തിയ മില്ലര്‍ ഹാര്‍ദിക്കിനു പറ്റിയ കൂട്ടാളിയാവുകയും ചെയ്തു.

ടോസ് ലഭിച്ച റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ സീസണില്‍ ഇതാദ്യമായിട്ടാണ് റോയല്‍സ് ടോസ് ജയിച്ചത്. തൊട്ടുമുമ്പത്തെ കളിയില്‍ ത്രസിപ്പിക്കുന്ന ജയം നേടിയ മല്‍സരത്തില്‍ ഒരു മാറ്റവുമായാണ് റോയല്‍സ് ഇറങ്ങിയത്. ചെറിയ പരിക്കുള്ളതിനാല്‍ ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനു അവര്‍ വിശ്രമം നല്‍കി. പകരം ന്യൂസിലാന്‍ഡിന്റെ തന്നെ ഓള്‍റൗണ്ടര്‍ ജിമ്മി നീഷാം ടീമിലേക്കു വന്നു. ടൈറ്റന്‍സ് ടീമിലും രണ്ടു മാറ്റങ്ങള്‍ വരുത്തിയിരുന്നു. വിജയ് ശങ്കര്‍, പുതുമുഖം യഷ് ദയാല്‍ എന്നിവരാണ് ടീമിലേക്കു വന്നത്.
ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ചുകൊണ്ടാണ് റോയല്‍സ് ഈ സീസണിനു തുടക്കമിട്ടത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 61 റണ്‍സിനു ആദ്യ കളിയില്‍ റോയല്‍സ് തകര്‍ത്തെറിയുകയായിരുന്നു. ബാറ്റിങിലും ബൗളിങിലും ഓറഞ്ച് ആര്‍മിയെ നിഷ്പ്രഭമാക്കിയാണ് റോയല്‍സ് ജയിച്ചു കയറിയത്. രണ്ടാം റൗണ്ടില്‍ മുംബൈ ഇന്ത്യന്‍സായിരുന്നു റോയല്‍സിനെ കാത്തിരുന്നത്. ഈ കളിയിലും സഞ്ജുവും സംഘവും കരുത്തുകാട്ടി. മുംബൈയെ 23 റണ്‍സിനു റോയല്‍സ് തോല്‍പ്പിക്കുകയായിരുന്നു.
പക്ഷെ ഹാട്രിക്ക് വിജയം തേടിയിറങ്ങിയ റോയല്‍സിനു പിഴച്ചു. മൂന്നാം റൗണ്ടില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അവര്‍ക്കു ബ്രേക്കിട്ടു. നാലു വിക്കറ്റിനാണ് ഫഫ് ഡുപ്ലെസിയുടെ ആര്‍സിബി റോയല്‍സിനെ കീഴടക്കിയത്. അവസാന റൗണ്ടില്‍ ത്രസിപ്പിക്കുന്ന ജയത്തോടെ റോയല്‍സ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. മൂന്നു റണ്‍സിനായിരുന്നു റോയല്‍സിന്റെ വിജയം. അവസാന ഓവറില്‍ തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ച കുല്‍ദീപ് സെന്നാണ് റോയല്‍സിനു നാടകീയ ജയം സമ്മാനിച്ചത്.
അതേസമയം, ഈ സീസണിലെ അരങ്ങേറ്റക്കാര്‍ കൂടിയായ ഹാര്‍ദിക് പാണ്ഡയുടെ ജിടി എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും ജയിച്ച ഒരേയൊരു ടീം അവരാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത ടൈറ്റന്‍സ് ലീഗിലെ അരങ്ങേറ്റം ഉജ്ജ്വലമാക്കി. അടുത്ത കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 14 റണ്‍സിനും മൂന്നാം റൗണ്ടില്‍ പഞ്ചാബ് കിങ്‌സിനെ ആറു വിക്കറ്റിനും ടൈറ്റന്‍സ് കെട്ടുകെട്ടിച്ചു. പക്ഷെ നാലാം ടൈറ്റന്‍സിനു കടിഞ്ഞാണ്‍ വീണു. സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു എട്ടു വിക്കറ്റിനു ജിടിയെ ഞെട്ടിച്ചത്.
പ്ലെയിങ് ഇലവന്‍
രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ജിമ്മി നീഷാം, കുല്‍ദീപ് സെന്‍, ജിമ്മി നീഷാം, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍.
ഗുജറാത്ത് ടൈറ്റന്‍സ്- മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, അഭിനവ് മനോഹര്‍, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് ഷമി, യഷ് ദയാല്‍.