For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ഗുജറാത്ത്, ലഖ്‌നൗവിനെ അഞ്ച് വിക്കറ്റിന് തകര്‍ത്തു

പഞ്ചാബ് കിങ്‌സ് വിട്ടെത്തിയ കെ എല്‍ രാഹുലിന് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്

1

മുംബൈ: അവസാന ഓവറിലേക്ക് ആവേശം നീണ്ട മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് ജയം. അഞ്ച് വിക്കറ്റിനാണ് കെ എല്‍ രാഹുലിന്റെ ലഖ്‌നൗവിനെ ഹര്‍ദിക്കിന്റെ ഗുജറാത്ത് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടിയപ്പോള്‍ രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കിനിര്‍ത്തി ഗുജറാത്ത് വിജയം നേടിയെടുത്തു. രാഹുല്‍ തെവാത്തിയയുടെ (40*) പ്രകടനമാണ് ഗുജറാത്തിന് കരുത്തായത്. അഭിനവ് മനോഹര്‍ (15*) അവസാന ഓവറില്‍ നടത്തിയ വെടിക്കെട്ടും നിര്‍ണ്ണായകമായി.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിന് നേരിട്ട ആദ്യ പന്തില്‍ത്തന്നെ തിരിച്ചടി നേരിട്ടു. നായകന്‍ കെ എല്‍ രാഹുലിന്റെ വിക്കറ്റ് ആദ്യ പന്തില്‍ത്തന്നെ ടീമിന് നഷ്ടമായി. അവസാന സീസണില്‍ ഗംഭീര പ്രകടനം നടത്തിയ രാഹുലിന് ലഖ്നൗവിന്റെ ക്യാപ്റ്റനായി ഇറങ്ങിയ ആദ്യ മത്സരത്തിന്റെ ആദ്യ പന്തില്‍ത്തന്നെ പുറത്താവേണ്ടി വന്നത് വലിയ നാണക്കേട് തന്നെയാണ്. മുഹമ്മദ് ഷമിയാണ് രാഹുലിനെ പുറത്താക്കിയത്. ഓഫ് സ്റ്റംപിനോട് ചേര്‍ന്നെത്തിയ പന്ത് രാഹുലിന്റെ ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ മാത്യു വേഡിന്റെ കൈയില്‍.

1

ഗുജറൗത്തിന്റെ അപ്പീല്‍ അംപയര്‍ പരിഗണിക്കാതിരുന്നതോടെ റിവ്യൂവിലൂടെയാണ് ഗുജറാത്ത് അനുകൂല വിധി നേടിയെടുത്തത്. ഇത് രണ്ടാം തവണയാണ് ഐപിഎല്ലില്‍ രാഹുല്‍ ഗോള്‍ഡന്‍ ഡെക്കാവുന്നത്. 2016ല്‍ ധവാല്‍ കുല്‍ക്കര്‍ണിയാണ് ഇതിന് മുമ്പ് രാഹുലിനെ ഗോള്‍ഡന്‍ ഡെക്കാക്കിയത്. അധികം വൈകാതെ ക്വിന്റന്‍ ഡീകോക്കിനെ (9 പന്തില്‍ 7) മനോഹരമായ പന്തില്‍ ഷമി ക്ലീന്‍ ബൗള്‍ഡ് ചെയ്തു. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി ഗംഭീര പ്രകടനം നടത്തിയ താരമാണ് ഡീകോക്ക്. ഒരു ബൗണ്ടറി ഉള്‍പ്പെടെ ഡീകോക്ക് നിലയുറപ്പിച്ച് വരികെയാണ് ഷമിയുടെ തകര്‍പ്പന്‍ ബോള്‍ സ്റ്റംപ് പിഴുതത്.

1

സീനിയര്‍ താരം മനീഷ് പാണ്ഡെയും (5 പന്തില്‍ 6) ഷമിയുടെ മുന്നില്‍ കീഴടങ്ങി. ഒരു ബൗണ്ടറിയടക്കം പ്രതീക്ഷ നല്‍കി തുടങ്ങിയ മനീഷ് പാണ്ഡെയെ ഷമി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ എവിന്‍ ലെവിസ് (9 പന്തില്‍ 10) രണ്ട് ബൗണ്ടറിയടക്കം കത്തിക്കയറാന്‍ ശ്രമിച്ചെങ്കിലും വരുണ്‍ ആരോണിന്റെ ബൗണ്‍സറില്‍ കുടുങ്ങി. വമ്പന്‍ ഷോട്ടിന് ശ്രമിച്ച ലെവിസിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ശുബ്മാന്‍ ഗില്ലാണ് പുറത്താക്കിയത്.

വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ലഖ്നൗവിന് കരുത്തായത് ദീപക് ഹൂഡയുടെയും (55) ആയുഷ് ബഡോണിയുടെയും പ്രകടനമാണ്. 41 പന്തുകള്‍ നേരിട്ട് ആറ് ഫോറും രണ്ട് സിക്സും പറത്തിയ ഹൂഡ മടങ്ങുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 116 എന്ന നിലയിലേക്ക് ലഖ്നൗ എത്തിയിരുന്നു. 87 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ടീമിന് സമ്മാനിച്ചത്. മികച്ച നിലയില്‍ കളിച്ച് മുന്നേറിയ ഹൂഡയെ റാഷിദ് ഖാന്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു.

1

ആയുഷ് ബഡോണി അവസാന ഓവറുകളില്‍ ലഖ്നൗവിനെ മുന്നോട്ട് നയിച്ചു. ലോക്കി ഫെര്‍ഗൂസന്റെ മണിക്കൂറില്‍ 146 കിലോ മീറ്റര്‍ വേഗതയിലെത്തിയ ബൗണ്‍സിനെ സിക്സര്‍ പറത്തിയതില്‍ തന്നെ ബഡോണിയുടെ പ്രതിഭ അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു. അവസാന ഓവറില്‍ വരുണ്‍ ആരോണിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ 41 പന്തില്‍ 54 റണ്‍സെന്ന മാന്യമായ സ്‌കോര്‍ ബഡോണിക്കൊപ്പമുണ്ടായിരുന്നു. നാല് ഫോറും മൂന്ന് സിക്സുമാണ് യുവതാരം പറത്തിയത്. ക്രുണാല്‍ പാണ്ഡ്യ (13 പന്തില്‍ 21), ദുഷ്മന്ത ചമീര (1 പന്തില്‍ 1) പുറത്താവാതെ നിന്നു.

1

മറുപടിക്കിറങ്ങിയ ഗുജറാത്തിന്റെയും തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ത്തന്നെ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിനെ (0) ഗുജറാത്തിന് നഷ്ടമായി. ദുഷ്മന്ത ചമീരക്ക് വിക്കറ്റ് നല്‍കിയാണ് ഗില്ലിന്റെ മടക്കം. മൂന്നാം നമ്പറിലെത്തിയ വിജയ് ശങ്കറും (6 പന്തില്‍ 4) കാര്യമായൊന്നും ചെയ്യാതെ മടങ്ങി. ചമീര വിജയിയെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ മാത്യു വേഡും (29 പന്തില്‍ 30) നായകന്‍ ഹര്‍ദിക് പാണ്ഡ്യയും (28 പന്തില്‍ 33) ചേര്‍ന്ന് ഗുജറാത്തിന്റെ സ്‌കോര്‍ബോര്‍ഡ് പതിയെ ഉയര്‍ത്തി.

1

കൂട്ടുകെട്ട് 57ല്‍ എത്തിനില്‍ക്കവെ ഹര്‍ദിക്കിനെ മടക്കി ക്രുണാല്‍ പാണ്ഡ്യ ഗുജറാത്തിനെ ഞെട്ടിച്ചു. അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ നിലയുറപ്പിക്കാനായെങ്കിലും അര്‍ധ സെഞ്ച്വറിയിലേക്ക് എത്താന്‍ ഹര്‍ദിക്കിനായില്ല. തൊട്ടുപിന്നാലെ വേഡിനെ ദീപക് ഹൂഡ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. അഞ്ചാം വിക്കറ്റിലൊത്തുചേര്‍ന്ന ഡേവിഡ് മില്ലറും (30) രാഹുല്‍ തെവാത്തിയയും (40*) ഗുജറാത്തിനായി പൊരുതി. 16ാം ഓവറില്‍ ദീപക് ഹൂഡക്കെതിരേ 22 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

1

17ാം ഓവറില്‍ മറ്റൊരു സ്പിന്നറായ രവി ബിഷ്‌നോയിയെ ഉപയോഗിച്ച് ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ മണ്ടത്തരം കാട്ടിയെന്ന് പറയാം. 18 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. 16,17 ഓവറുകളില്‍ സ്പിന്നര്‍മാരെ ഉപയോഗിക്കാനുള്ള രാഹുലിന്റെ തീരുമാനം മത്സര ഫലത്തെത്തന്നെ മാറ്റിമറിച്ചുവെച്ചുവെന്ന് പറയാം. മില്ലറെ ആവേഷ് ഖാന്‍ മടക്കിയെങ്കിലും ഒരു വശത്ത് തകര്‍ത്തടിച്ച തെവാത്തിയ 24 പന്ത് നേരിട്ട് അഞ്ച് ഫോറും രണ്ട് സിക്‌സുമാണ് നേടിയത്. അഭിനവ് മനോഹറുടെ (7 പന്തില്‍ 15) വെടിക്കെട്ടും ഗുജറാത്തിന് കരുത്തായി. ലഖ്‌നൗവിനായി ദുഷ്മന്ത ചമീര രണ്ടും ആവേഷ് ഖാന്‍, ക്രുണാല്‍ പാണ്ഡ്യ, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

പ്ലേയിങ് 11: ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- കെ എല്‍ രാഹുല്‍, ക്വിന്റന്‍ ഡീകോക്ക്, മനീഷ് പാണ്ഡെ, എവിന്‍ ലൂയിസ്, ദീപക് ഹൂഡ, ക്രുണാല്‍ പാണ്ഡ്യ, മൊഹ്‌സിന്‍ ഖാന്‍, ആയുഷ് ബദോനി, ദുഷ്മന്ത ചമീര, രവി ബിഷ്‌നോയ്, ആവേഷ് ഖാന്‍

ഗുജറാത്ത് ടൈറ്റന്‍സ്- ശുബ്മാന്‍ ഗില്‍, മാത്യു വേഡ്, വിജയ് ശങ്കര്‍, അഭിനവ് മനോഹര്‍, ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് ഷമി, വരുണ്‍ ആരോണ്‍

Story first published: Monday, March 28, 2022, 23:50 [IST]
Other articles published on Mar 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+