
പൂനെ: ഐപിഎല്ലിന്റെ 15ാം സീസണില്‍ ആദ്യം പ്ലേഓഫിലേക്കു ടിക്കറ്റെടുത്ത ടീമായി ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് മാറി. പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ തലപ്പത്തുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ജിടി നാണംകെടുത്തി. 62 റണ്‍സിന്റെ ആധികാരിക വിജയമാണ് ടൈറ്റന്‍സ് ആഘോഷിച്ചത്. രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് അവരുടെ പ്ലേഓഫ് പ്രവേശനം.
145 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം മാത്രമാണ് ലഖ്‌നൗവിനു നല്‍കാന്‍ ടൈറ്റന്‍സിനായത്. ശക്തമായ ബാറ്റിങ് നിരയുള്ള ലഖ്‌നൗ ഇതു അനായാസം അടിച്ചെടുക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ടൈറ്റന്‍സ് ബൗളര്‍മാര്‍ കൊടുങ്കാറ്റായപ്പോള്‍ ലഖ്‌നൗ കടപുഴകുകയായിരുന്നു. വെറും 13.5 ഓവറില്‍ 82 റണ്‍സിനു അവര്‍ ഓള്‍ഔട്ടൗയി. ദീപക് ഹൂഡയും (27) ആവേശ് ഖാനും (12) ക്വിന്റണ്‍ ഡികോക്കും (11) മാത്രമേ ലഖ്‌നൗ നിരയില്‍ രണ്ടക്കം കടന്നുള്ളൂ.

നാലു വിക്കറ്റുകളെടുത്ത സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് ലഖ്‌നൗവിന്റെ അന്തകനായി മാറിയത്. 3.5 ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത യഷ് ദയാലും ആര്‍ സായ് കിഷോറും മികച്ച പിന്തുണയേകി. മുഹമ്മദ് ഷമിക്കു ഒരു വിക്കറ്റ് ലഭിച്ചു. പവര്‍പ്ലേയില്‍ തന്നെ ലഖ്‌നൗവിനു മൂന്നുപേരെ നഷ്ടമായിരുന്നു. 33 റണ്‍സിലായിരുന്നു മൂന്നാം വിക്കറ്റ് വീണത്. പിന്നീട് ലഖ്‌നൗവിനു വിക്കറ്റുള്‍ തുരുതുരെ നഷ്ടമായിക്കൊണ്ടിരുന്നു.
അഞ്ചിനു 61ലേക്കും എട്ടിനു 70േേലക്കും വീണ ലഖ്‌നൗവിനു പിന്നീടൊരു മടങ്ങിവരവ് അസാധ്യമായിരുന്നു. മൂന്നു റണ്ണൗട്ടുകളും ലഖ്‌നൗവിന്റെ തോല്‍വിയില്‍ നിര്‍ണായകമായി മാറി. രണ്ടു പേരെ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ സ്റ്റംപ് ചെയ്യുകയായിരുന്നു. നായകന്‍ രാഹുല്‍ (8), കരണ്‍ ശര്‍മ (4), ക്രുനാല്‍ പാണ്ഡ്യ (5), ആയുഷ് ബദോനി (8), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (2), ജാസണ്‍ ഹോള്‍ഡര്‍ (2), മൊഹ്‌സിന്‍ ഖാന്‍ (1), ദുഷ്മന്ത ചമീര (0*), ആവേശ് ഖാന്‍ (12) എന്നിങ്ങനെയാണ് ലഖ്‌നൗവിന്റെ സ്‌കോര്‍ ബോര്‍ഡ്.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ജിടി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നീക്കം ഒരിക്കല്‍ക്കൂടി പാളുകയായിരുന്നു. പ്രതീക്ഷിച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ടൈറ്റന്‍സിനായില്ല. നാലു വിക്കറ്റിനു 144 റണ്‍സാണ് അവര്‍ക്കു നേടാനായത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ ഫിഫ്റ്റിയാണ് ടൈറ്റന്‍സിനു തുണയായത്. 49 ബോളില്‍ ഏഴു ബൗണ്ടറികളടക്കം അദ്ദേഹം പുറത്താവാതെ 63 റണ്‍സെടുത്തു. വൃധിമാന്‍ സാഹ (5), മാത്യു വേഡ് (10), നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (11), ഡേവിഡ് മില്ലര്‍ (26), രാഹുല്‍ തെവാത്തിയ (22*) എന്നിവര്‍ക്കൊന്നും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. അവസാന അഞ്ചോവറില്‍ 52 റണ്‍സ് നേടാന്‍ ജിടിക്കു കഴിഞ്ഞു. ലഖ്‌നൗവിനു വേണ്ടി ആവേശ് ഖാന്‍ രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ മൊഹ്‌സിന്‍ ഖാന്‍, ജാസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
പവര്‍പ്ലേയില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ ടൈറ്റന്‍സിനു നഷ്ടമായിരുന്നു. ലഖ്‌നൗ ബൗളര്‍മാരുടെ ഉജ്ജ്വല ബൗളിങിന മുന്നില്‍ റണ്‍സെടുത്താന്‍ ജിടി ബാറ്റര്‍മാര്‍ തുടക്കം മുതല്‍ പാടുപെട്ടു. ഗില്ലിനൊഴികെ മറ്റാര്‍ക്കും ആത്മവിശ്വാസത്തോടെ അവരെ നേരിടാനായില്ല. മൂന്നാം ഓവറിലെ നാലാമത്തെ ബോളില്‍ സാഹയെയാണ് ജിടിക്കു ആദ്യം നഷ്ടമായത്. മൊഹ്‌സിന്‍ ഖാന്റെ ബൗളങിങില്‍ ആവേശ് ഖാന്‍ അദ്ദേഹത്തെ പിടികൂടുകയായിരുന്നു. മൂന്നാമനായി ഓസ്‌ട്രേലിയന്‍ താരം മാത്യു വേഡാണ് കളിച്ചത്. അഗ്രസീവായി താരം ബാറ്റ് വീശിയെങ്കിലും അധികം ആയുസ്സില്ലായിരുന്നു. ഏഴു ബോളില്‍ രണ്ടു ബൗണ്ടറിയടക്കം 10 റണ്‍സെടുത്ത വേഡിനെ ആവേശിന്റെ ബൗളിങില്‍ ക്വിന്റണ്‍ ഡികോക്ക് ക്യാച്ച് ചെയ്തു (രണ്ടിനു 24).

നായകന്‍ ഹാര്‍ദിക്കിന് ഈ കളിയിലും കാര്യമായൊന്നും ചെയ്യാനായില്ല. ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ബോളില്‍ ഷോട്ടിനു ശ്രമിച്ച് എഡ്ജായ അദ്ദേഹം ഡികോക്കിന്റെ കൈകളിലൊതുങ്ങി. മൂന്നാം വിക്കറ്റില്‍ ഗില്‍- ഹാര്‍ദിക് ജോടി 27 റണ്‍സെടുത്തിരുന്നു. ടീം സ്‌കോര്‍ 51ലാണ് അദ്ദേഹം പുറത്തായത്. നാലാം വിക്കറ്റില്‍ ഗില്‍-മില്ലര്‍ സഖ്യം ചേര്‍ന്നെടുത്ത 52 റണ്‍സാണ് ജിടി ഇന്നിങ്‌സിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. 43 ബോളുകളില്‍ നിന്നായിരുന്നു ഇത്. ടീം സ്‌കോര്‍ 103ലാണ് ഈ ജോടി വേര്‍പിരിഞ്ഞത്.
ടോസ് ലഭിച്ച ജിടി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുത്തത്. ഇരുടീമുകളും തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കളിച്ച ടീമില്‍ മാറ്റങ്ങളുമായാണാണ് ഇറങ്ങിയത്. ടൈറ്റന്‍സ് ടീമില്‍ മൂന്നും ലഖ്‌നൗ ടീമില്‍ ഒരു മാറ്റവും വരുത്തിയിരുന്നു. മാത്യു വേഡ്, ആര്‍ സായ്കിഷോര്‍, യഷ് ദയാല്‍ എന്നിവരാണ് ജിടി ടീമിലേക്കു വന്നത്. ലഖ്‌നൗവാകട്ടെ രവി ബിഷ്‌നോയ്ക്കു പകരം കരണ്‍ ശര്‍മയെ കളിപ്പിക്കുകയായിരുന്നു.
നേരത്തേ സീസണിലെ ആദ്യപാദത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ലഖ്‌നൗവിനെ ഗുജറാത്ത് അഞ്ചു വിക്കറ്റിനു തകര്‍ത്തുവിട്ടിരുന്നു. എങ്കിലും ഏകപക്ഷീയമായിരുന്നില്ല മല്‍സരം. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ആറു വിക്കറ്റിന് 158 റണ്‍സെടുക്കുകയായിരുന്നു. മുന്‍ നിര തകര്‍ന്നെങ്കിലും ലോവര്‍ ഓര്‍ഡര്‍ ലഖ്‌നൗവിനെ രക്ഷിക്കുകയായിരുന്നു. ദീപക് ഹൂഡ (55), കന്നി മല്‍സരം കളിച്ച ആയുഷ് ബദോനി (54) എന്നിവരുടെ ഇന്നിങ്‌സുകളാണ് ലഖ്‌നൗവിനു തുണയായത്. ക്യാപ്റ്റന്‍ രാഹുല്‍ ഗോള്‍ഡന്‍ ഡെക്കായി മടങ്ങി. ജിടിക്കായി മുഹമ്മദ് ഷമി മൂന്നും വരുണ്‍ ആരോണ്‍ രണ്ടും വിക്കറ്റുകളെടുത്തിരുന്നു. റണ്‍ചേസില്‍ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനു ജിടി ലക്ഷ്യം കാണുകയായിരുന്നു. ലഖ്‌നൗവിനെപ്പോലെ ഗുജറാത്തിന്റെയും മുന്‍നിര ഫ്‌ളോപ്പായിരുന്നു. രാഹുല്‍ തെവാത്തിയ (40*), നായകന്‍ ഹാര്‍ദിക് (33), ഡേവിഡ് മില്ലര്‍ (30), മാത്യു വേഡ് (30) എന്നിവര്‍ ജിടിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
പ്ലെയിങ് ഇലവന്‍
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, ആയുഷ് ബദോനി, മാര്‍ക്കസ് സ്റ്റോയ്നിസ്, ജേസണ്‍ ഹോള്‍ഡര്‍, കരണ്‍ ശര്‍മ, ദുഷ്മന്ത ചമീര, ആവേശ് ഖാന്‍, മൊഹ്‌സിന്‍ ഖാന്‍.
ഗുജറാത്ത് ടൈറ്റന്‍സ്- വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, മാത്യു വേഡ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, ആര്‍ സായ് കിഷോര്‍, അല്‍സാറി ജോസഫ്, മുഹമ്മദ് ഷമി, യഷ് ദയാല്‍.