
ഈ സീസണില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് ഹാര്‍ദിക് പാണ്ഡ്യ ഫിഫ്റ്റിയടിച്ചത്. ഇത്തവണ തുടരെ രണ്ടു ഫിഫ്റ്റികള്‍ നേടിയ ആദ്യത്തെ ക്യാപ്റ്റനും അദ്ദേഹം മാറിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള തൊട്ടുമുമ്പത്തെ കളിയിലും ഹാര്‍ദിക് ഫിഫ്റ്റിയടിച്ചിരുന്നു. അന്നും പ്രതിസന്ധി ഘട്ടത്തിലാണ് ഹാര്‍ദിക് ടീമിന്റെ രക്ഷകനായത്. ടീം രണ്ടിനു 47 റണ്‍സെന്ന നിലയിലുള്ളപ്പോഴെത്തിയ താരം
പുറത്താവാതെ 50 റണ്‍സായിരുന്നു നേടിയത്. 42 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. പക്ഷെ ഈ ഇന്നിങ്‌സിനു ടീമിനെ രക്ഷിക്കാനായില്ല. കളിയില്‍ ഹൈദരാബാദ് എട്ടു വിക്കറ്റിനു ടൈറ്റന്‍സിനെ തുരത്തുകയായിരുന്നു.

ഹോംഫ്രാഞ്ചൈസി കൂടിയായ ഗുജറാത്ത് ടൈറ്റന്‍സ് ഹാര്‍ദിക് പാണ്ഡ്യയെ സംബന്ധിച്ച് ഭാഗ്യ ടീമുമായി മാറിയിരിക്കുകയാണ്. ടൈറ്റന്‍സിനു വേണ്ടി ഇതുവരെ കളിച്ച അഞ്ചു ഇന്നുങ്‌സുകളിലും 25 പ്ലസ് സ്‌കോര്‍ അദ്ദേഹം നേടിയിട്ടുണ്ട്. 33 (28 ബോള്‍), 31 (27 ബോള്‍), 27 (18 ബോള്‍), 50*(42), 87*(52 ബോള്‍) എന്നിങ്ങനെയാണ് ബാറ്റിങ് പ്രകടനം.

രാജസ്ഥാന്‍ റോയല്‍സിനെതിരായ ഇന്നിങ്‌സിനു ശേഷം ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും ഹാര്‍ദിക്കിനെ തേടിയെത്തിയിരുന്നു. റോയല്‍സിന്റെ തന്നെ ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലറില്‍ നിന്നായിരുന്നു അദ്ദേഹം ഇതു തട്ടിയെടുത്തത്. പക്ഷെ ഓറഞ്ച് ക്യാപ്പണിയാന്‍ കുറച്ചു സമയം മാത്രം ഹാര്‍ദിക്കിനായുള്ളൂ. റോയല്‍സിനായി (54) തകര്‍പ്പന്‍ ഫിഫ്റ്റി നേടിയതോടെ ഓറഞ്ച് ക്യാപ്പ് ബട്‌ലര്‍ തന്നെ തിരിച്ചുവാങ്ങുകയായിരുന്നു. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും ബട്‌ലര്‍ നേടിയത് 272 റണ്‍സാണ്. രണ്ടാമതുള്ള ഹാര്‍ദിക്കിന്റെ സമ്പാദ്യം 228 റണ്‍സാണ്.

193 റണ്‍സ് വിജയലക്ഷ്യം
193 റണ്‍സിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാന്‍ റോയല്‍സിനു ഗുജറാത്ത് ടൈറ്റന്‍സ് നല്‍കിയിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ (87*) ഇന്നിങ്‌സിലേറി ടൈറ്റന്‍സ് നാലു വിക്കറ്റിനു 192 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ഹാര്‍ദിക്കിനെക്കൂടാതെ അഭിനവ് മനോഹര്‍ (43), ഡേവിഡ് മില്ലര്‍ (31*) എന്നിവരും ടൈറ്റന്‍സിനു മികച്ച പ്രകടനം നടത്തി. റോയല്‍സിനായി റിയാന്‍ പരാഗ്, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

പ്ലെയിങ് ഇലവന്‍
രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ജിമ്മി നീഷാം, കുല്‍ദീപ് സെന്‍, ജിമ്മി നീഷാം, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍.
ഗുജറാത്ത് ടൈറ്റന്‍സ്- മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, അഭിനവ് മനോഹര്‍, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് ഷമി, യഷ് ദയാല്‍.


Click it and Unblock the Notifications