
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ കളിയില്‍ 153.9 കിമി വേഗതയില്‍ ബൗള്‍ ചെയ്താണ് ലോക്കി ഫെര്‍ഗൂസന്‍ സീസണിലെ ഏറ്റവും വേഗമേറിയ ബോളിന്റെ അവകാശിയായി മാറിയത്. നേരത്തേ ഉമ്രാന്‍ മാലിക്കായിരുന്നു അതിവേഗക്കാരില്‍ തലപ്പത്ത്. 153.3 കിമി വേഗതയില്‍ ബൗള്‍ ചെയ്തായിരുന്നു താരം ഒന്നാമനായത്. ഈ റെക്കോര്‍ഡാണ് സിഎസ്‌കെയ്‌ക്കെതിരേ ഫെര്‍ഗൂസന്‍ തിരുത്തിയത്.
കളിയിലെ വേഗമേറിയ അഞ്ചു ബോളുകളും അദ്ദേഹത്തിന്റെ വകയായിരുന്നു. രണ്ടു തവണ 152 കിമിക്കു മുകളില്‍ ബൗള്‍ ചെയ്യുകയും ചെയ്തു. 153.9 കിമി, 152.6 കിമി എന്നിവയായിരുന്നു മല്‍സരത്തില്‍ ഫെര്‍ഗൂസന്റെ അതിവേഗ ബോളുകള്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനെതിരേയായിരുന്നു ലോക്കി ഫെര്‍ഗൂസന്റെ വേഗമേറിയ ബോള്‍ കണ്ടത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ വേഗമേറിയ അഞ്ചാമത്തെ ബോളായും ഇതു മാറി. അതിവേഗക്കാരില്‍ ഒന്നാമന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ഷോണ്‍ ടെയ്റ്റാണ്. 157.71 കിമി വേഗതയില്‍ ബൗള്‍ ചെയ്തായിരുന്നു താരം ചരിത്രം കുറിച്ചത്.
ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സൗത്താഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ക്കിയ (156.22 കിമി), ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ മുന്‍ സൗത്താഫ്രിക്കന്‍ ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ (154.40 കിമി), ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുന്‍ സൗത്താഫ്രക്കിന്‍ പേസര്‍ കാഗിസോ റബാഡ (154.23 കിമി) എന്നിവരാണ് രണ്ടു മുതല്‍ നാലു വരെയുള്ളത്.

ഐപിഎല്ലില്‍ സ്വന്തം പേരിലുള്ള റെക്കോര്‍ഡ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ലോക്കി ഫെര്‍ഗൂസന്‍ പഴങ്കഥയാക്കുകയും ചെയ്തു. നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിക്കവെയെറിഞ്ഞ 153.84 കിമിയെന്നാതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വേഗമേറിയ ബോള്‍. ഇതാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ജഴ്‌സിയില്‍ ഫെര്‍ഗൂസന്‍ തിരുത്തിയിരിക്കുന്നത്.

അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ കളിയില്‍ ഗുജറാത്ത്് ടൈറ്റന്‍സ് മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി. ഈ ജയത്തോടെ ജിടി ലീഗില്‍ ഒന്നാംസ്ഥാനം ഭദ്രമാക്കുകയും ചെയ്തു. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ അഫ്ഗാനിസ്താന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനായിരുന്നു കളിയില്‍ ജിടിയെ നയിച്ചത്. ബൗളിങില്‍ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ബാറ്റിങില്‍ നിര്‍ണായക സംഭാവന നല്‍കാന്‍ അദ്ദേത്തിനു കഴിഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അഞ്ചു വിക്കറ്റിനു 169 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഒരു ബോള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിനു ടൈറ്റന്‍സ് ലക്ഷ്യത്തിലെത്തുകയായിരുന്നു. ഡേവിഡ് മില്ലറുടെ (94*) ഒറ്റയാള്‍ പോരാട്ടമാണ് ജിടിക്കു ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. 51 ബോളില്‍ താരം എട്ടു ബൗണ്ടറികളും ആറു സിക്‌സറുമടിച്ചു. ക്യാപ്റ്റന്‍ റാഷിദ് 21 ബോളില്‍ 40 റണ്‍സും അടിച്ചെടുത്തു. അഞ്ചിനു 87 റണ്‍സെന്ന നിലയിലേക്കു തകര്‍ന്ന ശേഷമായിരുന്നു ടൈറ്റന്‍സിന്റെ ഗംഭീര തിരിച്ചുവരവ്.


Click it and Unblock the Notifications