Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഉമ്രാന്‍ മാജിക്ക് പാഴായി, ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ ടൈറ്റന്‍സ്- ത്രസിപ്പിക്കുന്ന ജയം

1

മുംബൈ: ഐപിഎല്ലിന്റെ 15ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിനു ത്രസിപ്പിക്കുന്ന വിജയം. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ അഞ്ചു വിക്കറ്റിന്റെ വിജയമാണ് ജിടി സ്വന്തമാക്കിയത്. ഇതോടെ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കുന്നതിനൊപ്പം അവര്‍ പ്ലേഓഫ് ബെര്‍ത്തിനു ഒരുപടി കൂടി അടുക്കുകയും ചെയ്തു. 196 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ടൈറ്റന്‍സിനു ഹൈദരാബാദ് നല്‍കിയത്. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ അവസാന ബോളില്‍ ടൈറ്റന്‍സ് വിജയം കുറിക്കുകയായിരുന്നു.

അവസാന രണ്ടോവര്‍ വരെ ഹൈദരാബാദ് വിജയമുറപ്പാക്കിയിരുന്നു. പക്ഷെ പിന്നീട് കളി അവരില്‍ നിന്നും വഴുതിപ്പോയി. രാഹുല്‍ തെവാത്തിയ- റാഷിദ് ഖാന്‍ ജോടിയാണ് സൂപ്പര്‍ ഫിനിഷിങിലൂടെ ഹൈദരാബാദിനെ സ്തബ്ധരാക്കിയത്. 19ാം ഓവറില്‍ 13 റണ്‍സ് ജിടി നേടി. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 22 റണ്‍സ്. ആദ്യ ബോളില്‍ റാഷിദിന്റെ സിക്‌സര്‍. മൂന്നാമത്തെ ബോളിലും സിക്‌സര്‍. കൂടാതെ അവസാന രണ്ടു ബോളും സിക്‌സറിലേക്കു പായിച്ച് റാഷിദ് ടീമിനു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. റാഷിദ് വെറും 11 ബോളില്‍ നാലു സിക്‌സറടക്കം 31 റണ്‍സെടുത്തപ്പോള്‍ തെവാത്തിയ 21 ബോളില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 40 റണ്‍സുമെടുത്തു. 68 റണ്‍സെടുത്ത ഓപ്പണര്‍ വൃധിമാന്‍ സാഹയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍.

2

ഉമ്രാന്‍ മാലിക്ക് ഹൈദരാബാദിനായി അഞ്ചു വിക്കറ്റുകളുമായി കസറിയെങ്കിലും അതു ടീമിനെ രക്ഷിച്ചില്ല. നാലോവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകളാണ് താരം പിഴുതത്. ഉമ്രാന്റെ കന്നി അഞ്ചു വിക്കറ്റ് നേട്ടം കൂടിയായിരുന്നു ഇത്. സാഹ, ഗില്‍, ഹാര്‍ദിക്, മില്ലര്‍, അഭിനവ് തുടങ്ങി ടൈറ്റന്‍സിന്റെ അഞ്ചു വിക്കറ്റുകളും ഉമ്രാന്‍ പോക്കറ്റിലാക്കി. ഇതില്‍ നാലും ക്ലീന്‍ ബൗള്‍ഡായിരുന്നെങ്കില്‍ ഒന്നു ക്യാച്ചുമായിരുന്നു. റണ്‍ചേസില്‍ തകര്‍പ്പന്‍ തുടക്കമാണ് ഗില്‍-സാഹ സഖ്യം ടൈറ്റന്‍സിനു നല്‍കിയത്. പവര്‍പ്ലേയില്‍ ഇരുവരും തകര്‍ത്തുകളിച്ചു. ഓപ്പണിങ് വിക്കറ്റില്‍ 69 റണ്‍സ് സാഹ-ഗില്‍ ജോടി അടിച്ചെടുത്തു. ഈ സഖ്യത്തെ വേര്‍പിരിച്ച് ഹൈദരാബാദിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നത് ഉമ്രാനാണ്. ഗില്ലിനെ താരം ബൗള്‍ഡാക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട ഹൈദരാബാദ് ആറു വിക്കറ്റിനു 195 റണ്‍സെടുത്തു. ഓപ്പണര്‍ അഭിഷേക് ശര്‍മ, സൗത്താഫ്രിക്കന്‍ താരം എയ്ഡന്‍ മര്‍ക്രാം എന്നിവരുടെ ഫിഫ്റ്റികളാണ് ഓറഞ്ച് ആര്‍മിയെ മികച്ച ടോട്ടലിലെത്തിച്ചത്. 65 റണ്‍സോടെ അഭിഷേക് ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ മര്‍ക്രാം 56 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ശശാങ്ക് സിങിന്റെ 25* (6 ബോള്‍, 3 സിക്‌സര്‍, 1 ബൗണ്ടറി) തകര്‍പ്പന്‍ ഫിനിഷിങ് ടീമിനെ 200നടുത്തെത്തിക്കുകയായിരുന്നു.

3

ഈ സീസണിലെ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണ് അഭിഷേക് തന്റെ പേരില്‍ കുറിച്ചത്. 42 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറും യുവതാരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മര്‍ക്രാം 40 ബോളില്‍ രണ്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. ഇവരെ മാറ്റിനിര്‍ത്തിയാല്‍ ഹൈദരാബാദ് നിരയില്‍ മറ്റാരും കാര്യമായ സംഭാവന നല്‍കിയില്ല. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (5), രാഹുല്‍ ത്രിപാഠി (16), നിക്കോളാസ് പൂരന്‍ (3), വാഷിങ്ടണ്‍ സുന്ദര്‍ (3) എന്നിവരെല്ലാം ബാറ്റിങില്‍ നിരാശപ്പെടുത്തി. ശശാങ്കിനൊപ്പം എട്ടു റണ്‍സുമായി മാര്‍ക്കോ യാന്‍സണ്‍ പുറത്താവാതെ നിന്നു. മൂന്നു വിക്കറ്റുകളെടുത്ത മുഹമ്മദ് ഷമിയാണ് ടൈറ്റന്‍സ് ബൗളിങിനു ചുക്കാന്‍ പിടിച്ചത്. യഷ് ദയാല്‍, അല്‍സാറി ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

4

ഹൈദരാബാദിന്റെ തുടക്കം മികച്ചതായിരുന്നില്ല. പവര്‍പ്ലേയില്‍ തന്നെ വില്ല്യംസണ്‍, ത്രിപാഠി എന്നിവര്‍ പുറത്തായിരുന്നു. രണ്ടു വിക്കറ്റുകളും ഷമിക്കായിരുന്നു. ഇതോടെ എസ്ആര്‍എച്ച് രണ്ടിന് 44. തുടര്‍ന്നായിരുന്നു കളിയില്‍ വഴിത്തിരിവായി മാറിയ അഭിഷേക്- മര്‍ക്രാം കൂട്ടുകെട്ട്. 96 റണ്‍സ് ഈ സഖ്യം ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. 140ല്‍ വച്ചാണ് ഈ ജോടി വേര്‍പിരിയുന്നത്. അഭിഷേകിനെ ബൗള്‍ഡാക്കി അല്‍സാറി ടൈറ്റന്‍സിനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കുകയായിരുന്നു. പിന്നീട് മികച്ച കൂട്ടുകെട്ടുകളൊന്നും ഹൈദരാബാദ് ഇന്നിങ്‌സില്‍ കണ്ടില്ല. കൃത്യമായ ഇടവേളകളില്‍ അവര്‍ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ലോക്കി ഫെര്‍ഗൂസനെറിഞ്ഞ അവസാന ഓവറില്‍ 25 റണ്‍സാണ് ഹൈദരാബാദ് വാരിക്കൂട്ടിയത്. ശശാങ്ക് ഹാട്രിക് സിക്‌സറുകളിച്ചപ്പോള്‍ മാര്‍ക്കോ യാന്‍സണ്‍ ഒരു സിക്‌സറും നേടി.

ടോസ് ലഭിച്ച ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായി ഏഴു കളികളില്‍ ടോസ് ജയിച്ച ശേഷം ആദ്യമായിട്ടാണ് ഇത്തവണ ഹൈദരാബാദ് ടോസ് കൈവിട്ടത്. ടൈറ്റന്‍സ് തൊട്ടുമുമ്പത്തെ കളിയിലെ അതേ ടീമിനെ നിലനിര്‍ത്തുകയായിരുന്നു. മറുഭാഗത്ത് ഹൈദരാബാദ് ടീമില്‍ ഒരു മാറ്റം വരുത്തി. ജഗദീശ സുജിത്തിനു പകരം വാഷിങ്ടണ്‍ സുന്ദറാണ് പ്ലെയിങ് ഇലവന്റെ ഭാഗമായത്.

പ്ലെയിങ് ഇലവന്‍

ഗുജറാത്ത് ടൈറ്റന്‍സ്- വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, അല്‍സാറി ജോസഫ്, ലോക്കി ഫെര്‍ഗൂസന്‍, യഷ് ദയാല്‍, മുഹമ്മദ് ഷമി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മര്‍ക്രാം, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, മാര്‍ക്കോ യാന്‍സണ്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍.

Story first published: Wednesday, April 27, 2022, 23:51 [IST]
Other articles published on Apr 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+