
മുംബൈ: ഐപിഎല്ലിന്റെ 15ാം സീസണില്‍ പ്ലേഓഫ് ബെര്‍ത്തിനു തൊട്ടരികിലെത്തിയ ആദ്യത്തെ ടീമായി മാറിയിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ്. ഫഫ് ഡുപ്ലെസിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് ടൈറ്റന്‍സ് ആറു വിക്കറ്റിനു തകര്‍ത്തുവിട്ടത്. ഈ സീസണില്‍ നേരത്തേ പല തകര്‍പ്പന്‍ ഫിനിഷിങുകളും നടത്തിയ ഡേവിഡ് മില്ലര്‍- രാഹുല്‍ തെവാത്തിയ ജോടി ഒരിക്കല്‍ക്കൂടി ടൈറ്റന്‍സിന്റെ വിജയശില്‍പ്പികളാവുകയായിരുന്നു.
171 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലായിരുന്നു ടൈറ്റന്‍സിനു ആര്‍സിബി നല്‍കിയത്. മൂന്നു ബോളുകളും ആറു വിക്കറ്റുകളും ബാക്കിനില്‍ക്കെ ടൈറ്റന്‍സ് ലക്ഷ്യത്തിലെത്തുകയും ചെയ്തു. റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ നാലിന് 92 റണ്‍സെന്ന നിലയിലായിരുന്നു ടൈറ്റന്‍സ്. എന്നാല്‍ അപരാജിതമായ അഞ്ചാം വിക്കറ്റില്‍ മില്ലര്‍- തെവാത്തിയ സഖ്യം ചേര്‍ന്നെടുത്ത 79 റണ്‍സ് ടൈറ്റന്‍സിന്റെ വിജയം എളുപ്പമാക്കി തീര്‍ത്തു.

തെവാത്തിയ പുറത്താവാതെ 43ഉം മില്ലര്‍ പുറത്താവാതെ 39ഉം റണ്‍സെടുത്തു. 25 ബോളില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്‌സറുമടക്കമാണ് തെവാത്തിയ ഒരിക്കല്‍ക്കൂടി ജിടിയുടെ സൂപ്പര്‍ ഫിനിഷറായി മാറിയത്. മില്ലര്‍ 24 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറമടിച്ചു. 31 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് മറ്റൊരു പ്രധാന സ്‌കോറര്‍. വൃധിമാന്‍ സാഹ (29), സായ് സുദര്‍ശന്‍ (20), നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (3) എന്നിവരാണ് പുറത്തായ മറ്റുളളലവര്‍. ആര്‍സിബിക്കായി ഷഹബാസ് അഹമ്മദും വനിന്ദു ഹസരംഗയും രണ്ടു വിക്കറ്റുകളെടുത്തു. ഈ സീസണില്‍ ആര്‍സിബിക്കു നേരിട്ട ഹാട്രിക് പരാജയമാണിത്.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ആര്‍സിബി ആറു വിക്കറ്റിനു 170 റണ്‍സെടുക്കുകയായിരുന്നു. ഈ സീസണിലെ ആദ്യ ഫിഫ്റ്റിയടിച്ച വിരാട് കോലിയുടെയും (58) രജത് പാട്ടിദാറിന്റെയും (52) പ്രകടനമാണ് ആര്‍സിബി ഇന്നിങ്‌സിനു കരുത്തായത്. ഗ്ലെന്‍ മാക്‌സ്വെല്‍ 33 റണ്‍സെടുത്തു.കഴിഞ്ഞ എട്ടു ഇന്നിങ്‌സുകളിലും വലിയ സ്‌കോറുകളില്ലാതെ പാടുപെട്ട കോലി ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു കൊണ്ടാണ് ആദ്യ ഫിഫ്റ്റി കുറിച്ചത്. 53 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. രജത്താവട്ടെ 32 ബോളില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 52 റണ്‍സെടുത്തത്.

മാക്‌സി പതിവു ശൈലിയില്‍ വെടിക്കെട്ട് ഇ്ന്നിങ്‌സാണ് കളിച്ചത്. 18 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും താരം പായിച്ചു നായകന്‍ ഫഫ് ഡുപ്ലെസി (0), ദിനേശ് കാര്‍ത്തിക് (2) എന്നിവരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. മഹിപാല്‍ ലൊംറോറിന്റെ 16 (8 ബോള്‍, 2 ബൗണ്ടറി, 1 സിക്‌സ്) ഫിനിഷിങാണ് ടീമിനെ 170ലെത്തിച്ചത്. ഇന്നിങ്‌സിലെ അവസാന ബോളില്‍ താരം പുറത്താവുകയായിരുന്നു. രണ്ടു റണ്‍സോടെ ഷഹബാസ് അഹമ്മദ് പുറത്താവാതെ നിന്നു. ടൈറ്റന്‍സിനായി പ്രദീപ് സാങ്വാന്‍ രണ്ടു വിക്കറ്റുകളെുത്തു.
ആര്‍സിബിയുടെ തുടക്കം മോശമായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ടീം സ്‌കോര്‍ 11ല്‍ വച്ച് ഡുപ്ലെസിയെ അവര്‍ക്കു നഷ്ടമായി. സീസണിലെ ആദ്യ മല്‍സരം കളിച്ച പ്രദീപ് സാങ്വാന്റെ ബൗളിങില്‍ എഡ്ജായ ഡുപ്ലെസിയെ വിക്കറ്റ് വൃധിമാന്‍ സാഹ പിടികൂടുകയായിരുന്നു. പിന്നീടായിരുന്നു ആര്‍സിബിയെ കളിയിലേക്കു തിരികെ കൊണ്ടുവന്ന് കോലി- രജത് കൂട്ടുകെട്ട് കണ്ടത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 99 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 111ല്‍ വച്ചാണ് ഈ ജോടി വേര്‍പിരിഞ്ഞത്.

ടോസ് ലഭിച്ച ആര്‍സിബി നായകന്‍ ഫഫ് ഡുപ്ലെസി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളിലും മാറ്റം വരുത്തിരുന്ന. സുയാഷ് പ്രഭുദേശായിയെ പുറത്തിരുത്തിയ ആര്‍സിബി മഹിപാല്‍ ലൊംറോറിനെ കളിപ്പിച്ചു. ടൈറ്റന്‍സ് ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. യഷ് ദയാല്‍, അഭിനവ് മനോഹര്‍ എന്നിവര്‍ക്കു പകരം പ്രദീപ് സാങ്വാന്‍, സായ് സുദര്‍ശന്‍ എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തി.
ഈ മാസം 11ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു തോറ്റ ശേഷം അവര്‍ പരാജയമറിഞ്ഞിടില്ല. സീസണില്‍ ടൈറ്റന്‍സിന്റെ ഒരേയൊരു തോല്‍വിയും ഇതു തന്നെയായിരുന്നു. അവസാനത്തെ നാലു മല്‍സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സ് (37 റണ്‍സ്), ചെന്നൈ സൂപ്പര്‍ കിങ്‌സ് (3 വിക്കറ്റ്), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (എട്ടു റണ്‍സ്), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (അഞ്ചു വിക്കറ്റ്) എന്നിവരെയാണ് ജിടി തകര്‍ത്തുവിട്ടത്.
മറുഭാഗത്തു പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് ആര്‍സിബി. ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ടോപ്പ് ത്രീയിലുണ്ടായിരുന്ന അവര്‍ക്കു അവസാന ചില മല്‍സരങ്ങളില്‍ അടിതെറ്റിയിരുന്നു. ഇതോടെയാണ് അഞ്ചാംസ്ഥാനത്തേക്കു വീണത്. അവസാനമായി കളിച്ച രണ്ടു മല്‍സരങ്ങളിലും ആര്‍സിബി തോറ്റിരുന്നു. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഈ മല്‍സരങ്ങളില്‍ അവര്‍ക്കു തിരിച്ചടിയായി മാറിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു ഒമ്പതു വിക്കറ്റിനും രാജസ്ഥാന്‍ റോയല്‍സിനോടു 29 റണ്‍സിനും ആര്‍സിബി പരാജയപ്പെടുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ഗുജറാത്ത് ടൈറ്റന്‍സ്- വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, അല്‍സാറി ജോസഫ്, ലോക്കി ഫെര്‍ഗൂസണ്‍, പ്രദീപ് സാങ്വാന്‍, മുഹമ്മദ് ഷമി.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഫഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, മഹിപാല്‍ ലൊംറോര്‍, രജത് പാട്ടിധാര്‍, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.