
നേരത്തേയുള്ള എട്ടു മല്‍സരങ്ങളിലും കോലി തന്റെ ഫേവറിറ്റ് ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറിലായിരുന്നു ഇറങ്ങിയത്. പക്ഷെ ബാറ്റിങില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായിക്കൊണ്ടിരുന്നതോടെ അദ്ദേഹത്തെ റോയല്‍സിനെതിരേ ആര്‍സിബി ഓപ്പണറാക്കി. നേരത്തേ ഓപ്പണിങില്‍ തിളങ്ങിയിട്ടുള്ള കോലി ഫോം വീണ്ടെടുക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഈ റോളിലും അദ്ദേഹം നിരാശപ്പെടുത്തി. ഒമ്പതു റണ്‍സ് മാത്രമെടുത്ത് കോലി പുറത്താവുകയായിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍പി സിങ് കോലിയുടെ ഫോമിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്.

വിരാട് കോലി വളരെ വലിയൊരു താരം തന്നെയാണ്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷെ ഇപ്പോള്‍ അദ്ദേഹം ഫോമിലല്ലെന്നു തീര്‍ച്ചയായും പറയേണ്ടിവരും. രാജസ്ഥാന്‍ റോയല്‍സുമായുള്ള മല്‍സരമെടുത്താല്‍ എത്ര മാത്രം ഇന്‍സൈഡ് എഡ്ജുകളാണ് കോലി ബാറ്റ് ചെയ്യവെ കണ്ടത്. സാധാരണയായി തുടക്കത്തില്‍ തന്നെ ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കുന്നയാളാണ് കോലിയെന്നും ആര്‍പി സിങ് നിരീക്ഷിച്ചു.

വിരാട് കോലി മാത്രമല്ല റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീം മാനേജ്‌മെന്റും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ ശ്രമിക്കുന്നില്ലെന്നു പറയാന്‍ കഴിയില്ല. പക്ഷെ അദ്ദേഹം മികച്ച ഫോമില്‍ നിന്നും വളരെ അകലെയാണുള്ളത്. ഇനിയുള്ള ഒന്നോ, രണ്ടോ മല്‍സരങ്ങില്‍ കൂടി കോലി ഫ്‌ളോപ്പാവുകയാണെങ്കില്‍ ആര്‍സിബി അദ്ദേഹത്തെ പുറത്തിരുത്തണം, അദ്ദേഹത്തിനൊരു ബ്രേക്ക് നല്‍കണമെന്നും ആര്‍പി സിങ് ആവശ്യപ്പെട്ടു.
രാജസ്ഥാന്‍ റോയല്‍സുമായുള്ള മല്‍സരത്തിനു തൊട്ടുമുമ്പുള്ള രണ്ടു കളികളിലും കോലി ഗോള്‍ഡന്‍ ഡെക്കായിരുന്നു. മാത്രമല്ല റോയല്‍സിനെതിരേയും ഡെക്കില്‍ നിന്നും കഷ്ടിച്ചായിരുന്നു രക്ഷപ്പെട്ടത്. കോലിയുടെ ഷോട്ട് ഡാരില്‍ മിച്ചെല്‍ തലനാരിഴയ്ക്കു നഷ്ടപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. 10 ബോളുകളാണ് അദ്ദേഹം ക്രീസിലുണ്ടായിരുന്നത്. ഇതിനിടെ ചില ഇന്‍സൈഡ് എഡ്ജുകളില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.

ചില സമയങ്ങളില്‍ നിങ്ങള്‍ക്കു ബാറ്റിങില്‍ പ്രതീക്ഷിച്ചതു പോലെ റണ്‍സെടുക്കാന്‍ കഴിയാതെ പോവുമ്പോള്‍ അല്‍പ്പം ഭാഗ്യം കൂടി കനിയേണ്ടത് പ്രധാനമാണെന്നു ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍ ചൂണ്ടിക്കാട്ടി. രാജസ്ഥാന്‍ റോയല്‍സുമായുള്ള മല്‍സരത്തില്‍ തുടക്കത്തില്‍ കോലിക്കു അത്തരം ഭാഗ്യം ലഭിച്ചുകൊണ്ടിരുന്നു. പക്ഷെ അദ്ദേഹത്തിനു അതു പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ല. കോലി തന്റെ ഫോമിനെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുകയായിരിക്കാം. തന്റെ ഗെയിമിനെക്കുറിച്ച് വളരെ നന്നായി അറിയുന്നയാളാണ് അദ്ദേഹം. താരങ്ങളെ സംബന്ധിച്ച് ഫോമിലേക്കു മടങ്ങിയെത്താന്‍ 20-25 റണ്‍സ് മാത്രം മതിയെന്നും പാര്‍ഥീവ് വിശദമാക്കി.
ആര്‍സിബിക്കു വേണ്ടി അവസാനമായി കളിച്ച അഞ്ചു ഇന്നിങ്‌സുകളെടുത്താല്‍ വെറും 21 റണ്‍സ് മാത്രമേ കോലിക്കു നേടാനായിട്ടുള്ളൂ. പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെതിരേ മാത്രമാണ് 40 പ്ലസ് സ്‌കോര്‍ ചെയ്യാനായത്. മുംബൈയ്‌ക്കെതിര നേടിയ 48 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

രാജസ്ഥാന്‍ റോയല്‍സിനെതിരേ ജയിക്കാമായിരുന്ന മല്‍സരം കൈവിട്ട റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരിനെ ആര്‍പി സിങ് വിമര്‍ശിച്ചു. ജയിക്കാന്‍ 145 റണ്‍സ് മാത്രമേ ആര്‍സിബിക്കു വിജയിക്കാന്‍ വേണ്ടിയിരുന്നുള്ളൂ. പക്ഷെ 115 റണ്‍സിനു അവര്‍ ഓള്‍ഔട്ടാവുകയായിരുന്നു. സീസണില്‍ ആര്‍സിബിക്കു നേരിട്ട തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വി കൂടിയായിരുന്നു ഇത്.
നേരത്തേ ബാംഗ്ലൂരിന്റെ ബൗളിങിനായിരുന്നു ചില പ്രശ്‌നങ്ങളുണ്ടായിരുന്നത്. പക്ഷെ ഇപ്പോള്‍ ബാറ്റിങിനാണ് പ്രശ്‌നങ്ങള്‍. എങ്ങനെ ഗെയിമിനെ സമീപിക്കണമെന്നതാണ് യഥാര്‍ഥത്തില്‍ അവരുടെ ഏറ്റവും വലിയ പ്രശ്‌നം. ക്രീസില്‍ പിടിച്ചുനിന്ന് വിക്കറ്റ് സംരക്ഷിക്കണമെന്ന സന്ദേശം റോയല്‍സിനെതിരായ ഇന്നിങ്‌സിനിടെ ബാറ്റര്‍മാര്‍ക്കു ഗ്രൗണ്ടിലേക്കു എത്തിച്ചു നല്‍കാമായിരുന്നുവെന്നും ആര്‍പി സിങ് പറഞ്ഞു.


Click it and Unblock the Notifications