IPL 2022: 'ശത്രുക്കളല്ല', മത്സര ശേഷം വിശേഷം പങ്കുവെച്ച് ധോണിയും ഗംഭീറും, ചിത്രങ്ങള്‍ വൈറല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് - ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് മത്സരത്തിന് ശേഷം ആരാധക മനം കീഴടക്കിയ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. സിഎസ്‌കെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയും ലഖ്‌നൗ ഉപദേഷ്ടാവായ ഗൗതം ഗംഭീറും തമ്മില്‍ കണ്ടുമുട്ടി വിശേഷം പങ്കുവെക്കുന്നതിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. രണ്ട് പേരും തമ്മിലുള്ള ശത്രുത ആരാധകര്‍ എന്നും ആഘോഷിച്ചിട്ടുള്ള കാര്യമാണ്. ധോണിയെ പരിഹസിക്കാന്‍ ലഭിക്കുന്ന അവസരം ഗംഭീര്‍ ഒരു തവണ പോലും പാഴാക്കാറില്ല.
പൊതുവേദിയിലടക്കം ധോണിയെ ഗംഭീര്‍ വിമര്‍ശിച്ചിട്ടുള്ളതിനാല്‍ രണ്ട് പേരും തമ്മില്‍ ശത്രുക്കളാണെന്ന ധാരണ പൊതുവേ എല്ലാവര്‍ക്കുമുള്ളതാണ്. എന്നാല്‍ ഇന്നലെ മത്സര ശേഷം ധോണിയും ഗംഭീറും വളരെ സൗഹൃദത്തോടെ വിശേഷങ്ങള്‍ പങ്കുവെച്ചത് ആരാധകരെ ശരിക്കും അത്ഭുതപ്പെടുത്തി. ആരാധകര്‍ ശത്രുക്കളെന്ന് വിശേഷിപ്പിക്കുമ്പോഴും ഗംഭീറും ധോണിയും അങ്ങനെയല്ലെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനാണ് ഗൗതം ഗംഭീര്‍. രണ്ട് തവണ കെകെആറിനെ അദ്ദേഹം കിരീടം ചൂടിക്കുകയും ചെയ്തു. ഇത്തവണ ലഖ്‌നൗവിന്റെ ഉപദേഷ്ടാവ് റോളിലേക്ക് ഗംഭീര്‍ എത്തുകയായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് ഗംഭീര്‍. 2007ലെ ടി20 ലോകകപ്പില്‍ ധോണിക്ക് കീഴില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ഫൈനലില്‍ അര്‍ധ സെഞ്ച്വറിയോടെ കസറിയത് ഗംഭീറായിരുന്നു. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ 97 റണ്‍സുമായി ഇന്ത്യന്‍ ജയത്തില്‍ ഗംഭീര്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
അന്ന് സച്ചിനും സെവാഗും പെട്ടെന്ന് മടങ്ങിയപ്പോള്‍ ഇന്ത്യക്ക് അടിത്തറ പാകിയത് ഗംഭീറായിരുന്നു. എന്നാല്‍ ഇന്ത്യ കിരീട നേടിയപ്പോള്‍ ധോണി വിജയ റണ്‍സ് നേടാന്‍ പറത്തിയ സിക്‌സാണ് ആഘോഷിക്കപ്പെട്ടത്. ധോണിയുടെ അര്‍ധ സെഞ്ച്വറി പ്രകടനം എല്ലാവരും പ്രശംസിച്ചപ്പോള്‍ ഗംഭീറിന് അര്‍ഹിച്ച പിന്തുണയും പ്രശംസയും ലഭിച്ചില്ല. ഇതില്‍ തനിക്കുള്ള അതൃപ്തി ഗംഭീര്‍ പല തവണ തുറന്ന് പറഞ്ഞിട്ടുമുണ്ട്.

ഇന്ത്യയുടെ 2011ലെ ലോകകപ്പ് ജയത്തിന്റെ ഓരോ വാര്‍ഷികത്തിലും ധോണി സിക്‌സറിലൂടെ ഫിനിഷ് ചെയ്യുന്ന ചിത്രം കൂടുതല്‍ ആളുകള്‍ പങ്കുവെക്കുമ്പോള്‍ ഇത് ടീമിന്റെ ജയമാണെന്നും അല്ലാതെ ഒരു വ്യക്തിയുടെ ജയമല്ലെന്നും ഗംഭീര്‍ ഓര്‍മിപ്പിക്കാറുണ്ട്. അന്ന് ധോണിയാണ് ഫൈനലിലെ താരമായത്. ഇതില്‍ ഗംഭീറിന് അതൃപ്തിയുണ്ടായിരുന്നു. സച്ചിന്‍, സെവാഗ്, ഗംഭീര്‍ എന്നിവരെ ഒന്നിച്ച് കളിപ്പിക്കാനാവില്ലെന്ന ധോണിയുടെ നിലപാടിനോടും ഗംഭീറിന് എതിര്‍പ്പുണ്ടായിരുന്നു.

മത്സരത്തില്‍ സിഎസ്‌കെ തോറ്റെങ്കിലും ധോണി ബാറ്റുകൊണ്ട് കൈയടി നേടി. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇപ്പോഴും തന്റെ ബാറ്റിങ് കരുത്ത് കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ചു. കെകെആറിനെതിരായ ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ധോണി ലഖ്‌നൗവിനെതിരേ 6 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 16 റണ്‍സുമായി തിളങ്ങി. ക്രീസിലിറങ്ങി നേരിട്ട ആദ്യ പന്ത് തന്നെ ധോണി സിക്‌സര്‍ പറത്തിയാണ് വരവറിയിച്ചത്. ഫിനിഷര്‍ റോളില്‍ ധോണിയുടെ മിടുക്ക് അടയാളപ്പെടുത്തുന്ന പ്രകടനം തന്നെയായിരുന്നു ഇത്.

മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ലഖ്‌നൗ സിഎസ്‌കെയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 എന്ന വമ്പന്‍ സ്‌കോര്‍ നേടിയിട്ടും മൂന്ന് പന്ത് ബാക്കിനിര്‍ത്തി നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലഖ്‌നൗ വിജയം കണ്ടു. കെ എല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റിരുന്നു. ഇത്തവണ അരങ്ങേറ്റം കുറിച്ച ലഖ്‌നൗവിന് മികച്ച ടീം കരുത്തുണ്ട്. വലിയ പ്രതീക്ഷ നല്‍കുന്ന നിരയാണ് ലഖ്‌നൗവിന്റേത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications