IPL 2022: ആരും വാങ്ങിയില്ല, എന്നാല്‍ പകരക്കാരായി തിരിച്ചെത്തിയേക്കും, അഞ്ച് ബൗളര്‍മാര്‍ ഇതാ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ മാര്‍ച്ച് 26ന് ആരംഭിക്കുകയാണ്. ഇത്തവണ 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആവേശോജ്ജ്വല പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവസാന സീസണില്‍ നിന്ന് വലിയ വ്യത്യാസങ്ങളോടെയാണ് ഇത്തവണത്തെ ഐപിഎല്‍ നടക്കുന്നത്. 10 ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഏഴ് വീതം ഹോം, എവേ മത്സരങ്ങള്‍ ടീമുകള്‍ കളിക്കുമ്പോള്‍ 14 മത്സരങ്ങളാണ് ഒരു ടീം കളിക്കേണ്ടി വരിക.
70 മത്സരങ്ങളാണ് ഗ്രൂപ്പുഘട്ടത്തില്‍ നടക്കുന്നത്. ഇതില്‍ 55 മത്സരങ്ങള്‍ മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി നടക്കുമ്പോള്‍ 15 മത്സരങ്ങള്‍ക്ക് പൂനെയും വേദിയാവും. ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് പുതിയതായി എത്തിയ ടീമുകള്‍. ഇതിനോടകം മെഗാ താരലേലം പൂര്‍ത്തിയായി ടീമുകള്‍ പടയൊരുക്കവും ആരംഭിച്ചു. 600 താരങ്ങള്‍ മെഗാ ലേലത്തില്‍ പങ്കെടുത്തപ്പോള്‍ 204 താരങ്ങള്‍ക്കാണ് ആകെ അവസരം ലഭിച്ചത്. പകുതിയിലധികം താരങ്ങള്‍ അണ്‍സോള്‍ഡായിരുന്നു.

മെഗാ ലേലത്തില്‍ അണ്‍സോള്‍ഡാക്കപ്പെട്ടവരില്‍ പല പ്രമുഖരും ഉണ്ടായിരുന്നു. ടീമില്‍ സ്ഥാനം ഉറപ്പിച്ചിരുന്ന പലര്‍ക്കും അവസരം ലഭിക്കാതെ പോയി. എന്നാല്‍ ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെ പരിക്ക് പലരേയും വേട്ടയാടുകയാണ്. പല സൂപ്പര്‍ താരങ്ങളും ഇതിനോടകം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് കഴിഞ്ഞു. ഇനിയും താരങ്ങള്‍ വിട്ടുനില്‍ക്കാനാണ് സാധ്യത. ഇവര്‍ക്കെല്ലാം പകരക്കാരെ കണ്ടെത്തേണ്ടതായുണ്ട്. ഇത്തവണ മെഗാ ലേലത്തില്‍ വാങ്ങാന്‍ ആളില്ലാതെ പോവുകയും എന്നാല്‍ പകരക്കാരായി തിരിച്ചെത്താന്‍ സാധ്യതയുള്ളതുമായ അഞ്ച് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഇഷാന്ത് ശര്‍മ
ഇന്ത്യയുടെ സീനിയര്‍ പേസറായ ഇഷാന്ത് ശര്‍മ ടി20 ഫോര്‍മാറ്റില്‍ വലിയ റെക്കോഡുള്ള ബൗളറല്ല. എന്നാല്‍ അവസാന സീസണുകളിലായി ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം മികച്ച പ്രകടനം നടത്താന്‍ ഇഷാന്തിന് സാധിച്ചിരുന്നു. പരിക്ക് വേട്ടയാടുന്നതിനാല്‍ അവസാന സീസണോടെ ഡല്‍ഹി താരത്തെ കൈയൊഴിഞ്ഞിരുന്നു. എന്നാല്‍ പകരക്കാരുടെ റോളില്‍ പരിഗണിക്കാന്‍ സാധിക്കുന്ന പേസറാണ് ഇഷാന്ത് ശര്‍മ. അനുഭവസമ്പന്നായ താരമാണെന്നതാണ് എടുത്തുപറയേണ്ടത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകള്‍ക്കെല്ലാം വേണ്ടി കളിച്ചിട്ടുണ്ട്. 93 ഐപിഎല്ലില്‍ നിന്ന് 72 വിക്കറ്റാണ് ഇഷാന്തിന്റെ പേരിലുള്ളത്. 8.12 ആണ് ഇക്കോണമി. 12 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത താരമാണെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ ഇഷാന്തിന് മികവുണ്ട്.

എസ് ശ്രീശാന്ത്
മെഗാ ലേലത്തില്‍ അവസരം ലഭിക്കാതെ പോയ മറ്റൊരു താരമാണ് കേരള പേസര്‍ എസ് ശ്രീശാന്ത്. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കവെ ഒത്തുകളിക്കേസില്‍ അകപ്പെട്ട് വിലക്ക് നേരിടേണ്ടി വന്ന ശ്രീശാന്ത് എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചുവരവ് സ്വപ്‌നം കണ്ടെങ്കിലും വാങ്ങാന്‍ ആളുണ്ടായില്ല. 50 ലക്ഷം അടിസ്ഥാന വിലയിട്ടിരുന്ന ശ്രീശാന്തിനെ പകരക്കാരനായി ടീമുകള്‍ക്ക് പരിഗണിക്കാവുന്നതാണ്.
കേരളത്തിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും രഞ്ജി ട്രോഫിയിലും 39കാരനായ ശ്രീശാന്ത് കളിച്ചിരുന്നു. മികച്ച ഫിറ്റ്‌നസ് ഇപ്പോഴും നിലനിര്‍ത്തുന്ന ശ്രീശാന്തിന് ഇപ്പോഴും മികവ് കാട്ടാന്‍ സാധിച്ചേക്കും. 44 ഐപിഎല്ലില്‍ നിന്ന് 40 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. നന്നായി പന്ത് സ്വിങ് ചെയ്യിക്കാനും വേഗതയില്‍ പന്തെറിയാനും കെല്‍പ്പുള്ള ശ്രീശാന്തിനെ ആരെങ്കിലും പകരക്കാരുടെ റോളില്‍ തിരിച്ചെത്തിക്കുമോയെന്നത് കണ്ടറിയാം.

അമിത് മിശ്ര
ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ അമിത് മിശ്രയ്ക്കും മെഗാ ലേലത്തില്‍ അവസരം ലഭിച്ചില്ല. മെഗാ ലേലത്തിന് മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സ് മിശ്രയെ കൈവിടുകയായിരുന്നു. ലെഗ് സ്പിന്നുകൊണ്ട് വിസ്മയിപ്പിക്കുന്ന മിശ്ര ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ്. 154 മത്സരത്തില്‍ നിന്ന് 166 വിക്കറ്റാണ് മിശ്രയുടെ പേരിലുള്ളത്. 39കാരനായ മിശ്രക്ക് അഞ്ച് വിക്കറ്റുകള്‍ കൂടി നേടാനായാല്‍ ലസിത് മലിംഗയെ മറികടന്ന് ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തെത്താനാവും. എന്നാല്‍ പ്രായവും ഫിറ്റ്‌നസും പരിഗണിച്ചാണ് ആരും അദ്ദേഹത്തെ പരിഗണിക്കാതിരുന്നത്. എന്നാല്‍ ഇമ്രാന്‍ താഹിറിനെപ്പോലെ പ്രായം ബാധിക്കാത്ത പ്രതിഭാശാലിയാണ് അമിത് മിശ്രയെന്ന് പറയാം. ഡെക്കാന്‍ ചാര്‍ജേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.

ആന്‍ഡ്രേ ടൈ
ഓസീസ് പേസര്‍ ആന്‍ഡ്രേ ടൈക്കും ഇത്തവണ മെഗാ ലേലത്തില്‍ ആവിശ്യക്കാരില്ലായിരുന്നു. 2018ല്‍ പഞ്ചാബ് കിങ്‌സിനൊപ്പം പര്‍പ്പിള്‍ ക്യാപ്പ് നേടിയ പേസറാണ് ടൈ. അതിവേഗ പേസറല്ലെങ്കിലും തന്ത്രപരമായി പന്തെറിഞ്ഞ് വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. 35കാരനായ താരം ബിബിഎല്ലിലടക്കം തിളങ്ങുന്നതിനാല്‍ പകരക്കാരന്റെ റോളില്‍ പരിഗണിക്കാവുന്നതാണ്. 27 ഐപിഎല്ലില്‍ നിന്ന് 40 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.
ഇക്കഴിഞ്ഞ ബിബിഎല്ലില്‍ 16 മത്സരത്തില്‍ നിന്ന് 25 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തായിരുന്നു താരം. അവസാനമായി രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു ടൈ. പകരക്കാരന്‍ ബൗളറെ ആവിശ്യമുള്ള ടീമുകള്‍ മുഖ്യ പരിഗണന നല്‍കാന്‍ സാധ്യതയുള്ള ബൗളറാണ് ടൈ. മികച്ച കണക്കുകളാണ് അദ്ദേഹത്തിന് ടി20 ഫോര്‍മാറ്റില്‍ അവകാശപ്പെടാനാവുന്നത്.

ആദം സാംബ
ഓസ്‌ട്രേലിയയുടെ സൂപ്പര്‍ സ്പിന്നര്‍ ആദം സാംബയെ വാങ്ങാന്‍ ഇത്തവണ ആളില്ലായിരുന്നു. ടി20 ലോകകപ്പിലടക്കം മിന്നും പ്രകടനം നടത്തിയ സാംബ ടി20 ഫോര്‍മാറ്റില്‍ മികച്ച കണക്കുകളുള്ള താരമാണ്. 2021 സീസണില്‍ ആര്‍സിബിയോടൊപ്പം സാംബ ഉണ്ടായിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. 29കാരനായ താരത്തിന് വലിയ അനുഭവസമ്പത്തുണ്ട്. 2016ല്‍ ഐപിഎല്ലിലേക്ക് വന്ന സാംബ ഇതുവരെ 14 മത്സരം മാത്രമാണ് കളിച്ചത്. ഇത്തവണ ഇന്ത്യയിലാണ് മത്സരമെന്നതിനാല്‍ സാംബയെപ്പോലെയുള്ള ലെഗ് സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനായേക്കും. ഓസീസിന്റെ ടി20 സ്‌പെഷ്യലിസ്റ്റ് സ്പിന്നറും മാച്ച് വിന്നറുമായ സാംബയെ പകരക്കാരനായി തിരിച്ചെത്തിക്കാന്‍ സാധ്യതകളേറെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications