
ദിനേഷ് കാര്‍ത്തിക്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അവസാന സീസണോടെ ഒഴിവാക്കിയ താരമാണ് ദിനേഷ് കാര്‍ത്തിക്. ടീമിന്റെ മുന്‍ നായകന്‍ കൂടിയായ കാര്‍ത്തിക് ടീമിന്റെ നായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ കെല്‍പ്പുള്ളവനാണെങ്കിലും ഏറെ നാളുകളായി അദ്ദേഹം ഇന്ത്യന്‍ ടീമിന് പുറത്താണ്. 36കാരനായ കാര്‍ത്തിക് ഇതിനോടകം കമന്റേറ്ററെന്ന നിലയിലും അവതാരകനെന്ന നിലയിലും തന്റെ കരിയര്‍ ആരംഭിച്ച് കഴിഞ്ഞു. അനുഭവസമ്പന്നനായ താരമാണെങ്കിലും കാര്‍ത്തികിനെ ഇനിയും ടീമിലേക്ക് പരിഗണിക്കാന്‍ ഏതെങ്കിലും ടീം തയ്യാറാവുമെന്ന് കരുതാനാവില്ല.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കാര്‍ത്തിക് അണ്‍സോള്‍ഡാവാനാണ് സാധ്യത. അവസാന സീസണില്‍ കെകെആര്‍ ഫൈനല്‍ കളിച്ചെങ്കിലും ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യാന്‍ കാര്‍ത്തികിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തെ സ്വന്തമാക്കാന്‍ ആരെങ്കിലും തയ്യാറാവുമോയെന്ന് കണ്ടറിയണം. 213 ഐപിഎല്ലില്‍ നിന്ന് 25.77 ശരാശരിയില്‍ 4046 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 19 അര്‍ധ സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്.

സുരേഷ് റെയ്‌ന
ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് സുരേഷ് റെയ്‌ന. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2020ല്‍ വിരമിച്ച റെയ്‌നയെ സിഎസ്‌കെ മെഗാ ലേലത്തിന് മുമ്പായി ഒഴിവാക്കുകയായിരുന്നു. ഇത്തവണ രണ്ട് കോടി അടിസ്ഥാന വിലയില്‍ റെയ്‌ന മെഗാ ലേലത്തിലേക്ക് എത്തുന്നുണ്ടെങ്കിലും വാങ്ങാന്‍ ആളുണ്ടാവുമോയെന്നത് കണ്ടറിയണം. സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. പ്രായവും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും റെയ്‌നയെ തളര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇടം കൈയന്‍ ഓള്‍റൗണ്ടറെ ടീമിലെത്തിക്കുന്നത് നഷ്ട കച്ചവടമായി മാറുമെന്നുറപ്പ്.
205 ഐപിഎല്ലില്‍ നിന്ന് 32.52 ശരാശരിയില്‍ 5228 റണ്‍സാണ് റെയ്‌ന നേടിയത്. ഇതില്‍ 39 അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. 25 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. റെക്കോഡുകളും കളക്കുകളും നോക്കുമ്പോള്‍ റെയ്‌ന മികച്ചവനാണെങ്കിലും 35കാരനായ താരത്തിന് ഇനിയും അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.

റോബിന്‍ ഉത്തപ്പ
റോബിന്‍ ഉത്തപ്പ 36ാം വയസിലും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സജീവമാണ്. പ്രതിഭാശാലിയായ താരമായ ഉത്തപ്പത്തയെ സിഎസ്‌കെയാണ് ഒഴിവാക്കിയത്. അവസാന സീസണില്‍ ടീമിനൊപ്പം ഭേദപ്പെട്ട പ്രകടം നടത്താന്‍ ഉത്തപ്പക്ക് സാധിച്ചിരുന്നു. എന്നാല്‍ വലിയൊരു തുകയ്ക്ക് ഉത്തപ്പയെ സ്വന്തമാക്കാന്‍ പുതിയ സീസണില്‍ ആരും തയ്യാറാവുമെന്ന് കരുതുന്നില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന വിശേഷണമുള്ള താരമാണ് ഉത്തപ്പ. എന്നാല്‍ പ്രായം അദ്ദേഹത്തിന് പ്രശ്‌നം തന്നെയാണ്.
2015ന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അവസരമില്ലാത്ത ഉത്തപ്പ ഐപിഎല്ലില്‍ കളി തുടരുന്നുണ്ടായിരുന്നു. 193 ഐപിഎല്ലില്‍ നിന്നായി 27.94 ശരാശരിയില്‍ 4722 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതില്‍ 25 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മുംബൈ ഇന്ത്യന്‍സ്, കെകെആര്‍, രാജസ്ഥാന്‍ റോയല്‍സ്, പൂനെ വാരിയേഴ്‌സ് ടീമുകളുടെയെല്ലാം ഭാഗമാവാനും ഉത്തപ്പക്ക് സാധിച്ചിട്ടുണ്ട്. മെഗാ ലേലത്തില്‍ ആരെങ്കിലും ഉത്തപ്പയെ വാങ്ങുമോയെന്ന് കണ്ടറിയണം.

ഭുവനേശ്വര്‍ കുമാര്‍
ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ വാങ്ങാന്‍ ആരെങ്കിലുമുണ്ടാവുമോയെന്നത് കണ്ടറിയണം. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും പ്രതീക്ഷക്കൊത്ത പ്രകടനം നടത്താതെ നിരാശപ്പെടുത്തുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഭുവിയെ ഒഴിവാക്കിയത്. രണ്ട് കോടി രൂപ അടിസ്ഥാന വില ലഭിച്ചെങ്കിലും ഇതിനോട് നീതിപുലര്‍ത്തുന്ന പ്രകടനമല്ല സമീപകാലത്തായി അദ്ദേഹം നടത്തുന്നത്. അതുകൊണ്ട് തന്നെ ഭുവനേശ്വര്‍ കുമാര്‍ അണ്‍സോള്‍ഡായാലും അത്ഭുതപ്പെടാനാവില്ല. 132 ഐപിഎല്ലില്‍ നിന്ന് 142 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 7.3 ആണ് ഇക്കോണമി. ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും സാധിച്ചിട്ടുണ്ട്.

ഇമ്രാന്‍ താഹിര്‍
ഇത്തവണ രണ്ട് കോടി പ്രതിഫലം അടിസ്ഥാന വിലയുള്ളവരിലാണ് ഇമ്രാന്‍ താഹിര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയതാണ്. നിലവില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിലുണ്ടെങ്കിലും പ്രായം പ്രശ്‌നം തന്നെ. സിഎസ്‌കെയാണ് അവസാന സീസണിന് ശേഷം താഹിറിനെ ഒഴിവാക്കിയത്. അനുഭവസമ്പന്നനായ സ്പിന്നറാണെങ്കിലും താഹിറിനെ ഇത്തവണ ആരെങ്കിലും സ്വന്തമാക്കുമെന്ന് കരുതാനാവില്ല. അദ്ദേഹം അണ്‍സോള്‍ഡാവാനാണ് സാധ്യത. 59 ഐപിഎല്ലില്‍ നിന്ന് 82 വിക്കറ്റാണ് താഹിറിന്റെ പേരിലുള്ളത്. 7.76 ആണ് ഇക്കോണമി. 42കാരനായ താഹിറിന്റെ ഫിറ്റ്‌നസും പ്രശ്‌നമായതിനാല്‍ ആരെങ്കിലും സ്വന്തമാക്കാന്‍ സാധ്യത വളരെ കുറവാണ്.


Click it and Unblock the Notifications
