IPL 2022: 20ലധികം ഫിഫ്റ്റി, എന്നാല്‍ ഒരു സെഞ്ച്വറി പോലുമില്ല, അഞ്ച് പ്രമുഖരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 26ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്. ഇതിനോടകം ടീമുകളെല്ലാം പടയൊരുക്കം ആരംഭിച്ച് കഴിഞ്ഞു. സിഎസ്‌കെയുടെ പരിശീലന ക്യാംപ് സൂറത്തില്‍ പുരോഗമിക്കുകയാണ്. ഇത്തവണ 10 ടീമുകളുള്ളതിനാല്‍ ആവേശകരമായ ടൂര്‍ണമെന്റ് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഐപിഎല്ലിന്റെ ചരിത്രത്തില്‍ നിരവധി താരങ്ങള്‍ ഇതിനോടകം സെഞ്ച്വറി നേടിയിട്ടുണ്ട്. ഇത്തവണ സെഞ്ച്വറി നേടാന്‍ ആര്‍ക്കൊക്കെ സാധിക്കുമെന്നത് കാത്തിരുന്ന കാണാം. ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേട്ടത്തിലേക്കെത്താന്‍ സാധിക്കാത്ത ചില പ്രമുഖരുണ്ട്. സെഞ്ച്വറിക്ക് തൊട്ടടുത്തെത്തിയിട്ടും നിര്‍ഭാഗ്യവശാല്‍ മൂന്നക്കം കാണാന്‍ സാധിക്കാത്തവര്‍. ടൂര്‍ണമെന്റില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയവരില്‍ സെഞ്ച്വറി നേട്ടം ഒരു തവണ പോലും സ്വന്തമാക്കാനാവാത്ത അഞ്ച് പേരിതാ.

ഗൗതം ഗംഭീര്‍
ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് ഗൗതം ഗംഭീര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ കിരീടത്തിലേക്കെത്തിച്ച ക്യാപ്റ്റനാണ് അദ്ദേഹം. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായും കളിച്ച ഗംഭീര്‍ 154 ഐപിഎല്ലില്‍ നിന്ന് 4218 റണ്‍സാണ് നേടിയത്. 31.01 ആണ് ശരാശരി. 123.91 ആണ് സ്‌ട്രൈക്കറേറ്റ്. 36 അര്‍ധ സെഞ്ച്വറി താരത്തിന്റെ പേരിലുണ്ട്. എന്നാല്‍ ഒരു തവണ പോലും സെഞ്ച്വറി നേടാനായില്ല. 93 റണ്‍സാണ് ഗംഭീറിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഉപദേഷ്ടാവാണ് അദ്ദേഹം.

റോബിന്‍ ഉത്തപ്പ
റോബിന്‍ ഉത്തപ്പ ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ്. തുടക്ക സീസണ്‍ മുതല്‍ സജീവമായിട്ടുള്ള ഉത്തപ്പ ഇത്തവണ സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്. ആര്‍സിബി, കെകെആര്‍, പൂനെ വാരിയേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുണ്ട്. 193 മത്സരത്തില്‍ നിന്ന് 27. 94 ശരാശരിയില്‍ 4722 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 130 ആണ് സ്‌ട്രൈക്കറേറ്റ്. 25 അര്‍ധ സെഞ്ച്വറിയാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ താരം ഓപ്പണിങ്ങില്‍ പല തവണ ഇറങ്ങിയിട്ടും സെഞ്ച്വറി ഭാഗ്യം ഉണ്ടായില്ല.

എംഎസ് ധോണി
ഐപിഎല്ലിലെ ഇതിഹാസ താരമാണ് എംഎസ് ധോണി. സിഎസ്‌കെ നായകനായ ധോണി നാല് തവണ സിഎസ്‌കെയെ കിരീടം ചൂടിച്ചിട്ടുണ്ട്. ഇത്തവണയും സിഎസ്‌കെയുടെ നായകനായി ധോണിയുണ്ട്. പല തവണ വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാന്‍ ധോണിക്കായിട്ടുണ്ടെങ്കിലും ഇതുവരെ സെഞ്ച്വറി പ്രകടനം നടത്താന്‍ ധോണിക്കായിട്ടില്ല. 193 ഇന്നിങ്‌സില്‍ നിന്ന് 4746 റണ്‍സാണ് ധോണി നേടിയത്. 39.55 ശരാശരിയും 135.83 സ്‌ട്രൈക്കറേറ്റും ധോണിയുടെ പേരിലുണ്ട്. 23 അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഒരു തവണ പോലും സെഞ്ച്വറിയിലേക്കെത്താന്‍ അദ്ദേഹത്തിനായില്ല.

ഫഫ് ഡുപ്ലെസിസ്
അവസാന സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പം ഗംഭീര പ്രകടനം നടത്തിയ താരമാണ് ഫഫ് ഡുപ്ലെസിസ്. ഇത്തവണ ആര്‍സിബിയിലേക്കെത്തിയ താരത്തിന് ഐപിഎല്ലില്‍ മികച്ച പ്രകടനം തന്നെ അവകാശപ്പെടാം. 93 ഇന്നിങ്‌സില്‍ നിന്ന് 34.94 ശരാശരിയില്‍ നിന്ന് 2935 റണ്‍സാണ് ഡുപ്ലെസിസിന്റെ പേരിലുള്ളത്. 131.09 സ്‌ട്രൈക്കറേറ്റുമുണ്ട്. ടോപ് ഓഡര്‍ താരമായ ഡുപ്ലെസിസ് ഇതുവരെ 22 അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിനായിട്ടില്ല.

ദിനേഷ് കാര്‍ത്തിക്
ഐപിഎല്ലിലെ അനുഭവസമ്പന്നനായ താരമാണ് ദിനേഷ് കാര്‍ത്തിക്. ഭേദപ്പെട്ട കണക്കുകള്‍ അദ്ദേഹത്തിന് ഐപിഎല്ലിലുണ്ട്. കെകെആര്‍ നായകനായിരുന്ന കാര്‍ത്തിക് ഇത്തവണ ആര്‍സിബിക്കൊപ്പമാണ്. 192 ഇന്നിങ്‌സില്‍ നിന്ന് 25.7 ശരാശരിയില്‍ 4046 റണ്‍സാണ് കാര്‍ത്തികിന്റെ പേരിലുള്ളത്. 19 അര്‍ധ സെഞ്ച്വറി നേടിയ കാര്‍ത്തികിന് പക്ഷെ ഒരു തവണ പോലും സെഞ്ച്വറി നേടാനായില്ല. ഇത്തവണ ആര്‍സിബി വലിയ പ്രതീക്ഷയോടെ കാണുന്ന താരമാണ് കാര്‍ത്തിക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications