IPL 2022: രോഹിത്തിനൊപ്പം അരങ്ങേറ്റം, എന്നാല്‍ ഒന്നുമായില്ല, നാല് ഇന്ത്യന്‍ താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും വെടിക്കെട്ട് ഓപ്പണറുമാണ് രോഹിത് ശര്‍മ. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായിത്തന്നെ രോഹിത്തിനെ വിശേഷിപ്പിക്കാം. തുടക്കകാലത്ത് മധ്യനിര ബാറ്റ്‌സ്മാനായിരുന്ന രോഹിത് 2013ല്‍ ഇന്ത്യയുടെ ഓപ്പണറായ ശേഷമാണ് റെക്കോഡ് പ്രകടനങ്ങളോടെ കരിയറില്‍ ഉയര്‍ന്നത്. 2007ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച രോഹിത്തിന്റെ പേരില്‍ ഇന്ന് മൂന്ന് ഏകദിന ഇരട്ട സെഞ്ച്വറിയാണുള്ളത്.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായി മാറിയ രോഹിത് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി അഞ്ച് കിരീടവും നേടി. 45 ടെസ്റ്റില്‍ നിനന് 3137 റണ്‍സും 230 ഏകദിനത്തില്‍ നിന്ന് 9287 റണ്‍സും 125 ടി20യില്‍ നിന്ന് 3313 റണ്‍സുമാണ് രോഹിത് ഇന്ത്യക്കായി നേടിയത്. 220 ഐപിഎല്ലില്‍ നിന്ന് 5725 റണ്‍സും രോഹിത്തിന്റെ പേരിലുണ്ട്. എന്നാല്‍ രോഹിത്തിന്റെ അതേ സമയത്ത് ഇന്ത്യന്‍ ടീമിലേക്കെത്തുകയും എന്നാല്‍ ഒന്നുമാവാന്‍ സാധിക്കാതെ പോവുകയും ചെയ്ത ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള നാല്് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

മനോജ് തിവാരി
നിലവിലെ ബംഗാള്‍ കായിക മന്ത്രിയായ മനോജ് തിവാരി ഏകദേശം രോഹിത് ശര്‍മയോടൊപ്പം തന്നെ ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ്. 2008ലാണ് ബംഗാള്‍ താരത്തിന് ഇന്ത്യയുടെ ഏകദിന ടീമിലേക്ക് ആദ്യമായി വിളിയെത്തുന്നു. 2015ല്‍ ടി20 ടീമിലും അവസരം ലഭിച്ചു. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ മനോജിന് സാധിച്ചു. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം വലിയ അവസരങ്ങള്‍ നേടിയെടുക്കാനായില്ല. 12 ടി20യും മൂന്ന് ഏകദിനവും മാത്രമാണ് അദ്ദേഹത്തിന് കളിക്കാനായത്. മധ്യനിരയില്‍ തിളങ്ങാന്‍ പ്രതിഭയുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല.

മന്‍പ്രീത് ഗോണി
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി തിളങ്ങി ആരാധക മനസില്‍ ഇടം പിടിച്ച മന്‍പ്രീത് ഗോണിയും രോഹിത്തിനോടൊപ്പം ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ്. 2008ലാണ് അദ്ദേഹം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയത്. ഐപിഎല്ലിലാണ് തിളങ്ങിയതെങ്കിലും ഏകദിനത്തിലാണ് ഗോണിക്ക് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. രണ്ട് ഏകദിനം കളിച്ച താരം രണ്ട് വിക്കറ്റാണ് നേടിയത്. പിന്നീട് അവസരമേ ലഭിച്ചിട്ടില്ല. പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ 44 ഐപിഎല്‍ മത്സരം കളിച്ച അദ്ദേഹം 99 റണ്‍സും 37 വിക്കറ്റും വീഴ്ത്തി.

സുബ്രമണ്യ ബദരിനാഥ്
എംഎസ് ധോണിയുടെ വിശ്വസ്തനായ താരമായിരുന്നു തമിഴ്‌നാട് കാരനായ സുബ്രമണ്യ ബദരിനാഥ്. 2008ല്‍ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിച്ച ബദരിനാഥിന് പക്ഷെ വലിയ കരിയര്‍ ഇന്ത്യക്കൊപ്പം സൃഷ്ടിക്കാനായില്ല. വിരാട് കോലിക്ക് മുന്നെ ഇന്ത്യന്‍ ടീമിലേക്ക് ധോണി പരിഗണിക്കാന്‍ ആഗ്രഹിച്ച താരമാണ് ബദരിനാഥ്. രണ്ട് ടെസ്റ്റും ഏഴ് ഏകദിനവും ഒരു ടി20യുമാണ് ബദരിനാഥ് ഇന്ത്യക്കായി കളിച്ചത്. 95 ഐപിഎല്ലും അദ്ദേഹം കളിച്ചിട്ടുണ്ട്. 1441 റണ്‍സാണ് ഐപിഎല്ലില്‍ ബദരിനാഥ് നേടിയത്.

അഭിഷേക് നായര്‍
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം തിളങ്ങി ശ്രദ്ധ പിടിച്ചുപറ്റിയ താമാണ് അഭിഷേക് നായര്‍. ഇടം കൈ ബാറ്റിങ്ങുകൊണ്ട് അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള അഭിഷേക് 2009ലാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. മൂന്ന് ഏകദിനം കളിച്ചെങ്കിലും ഒരു ഇന്നിങ്‌സ് മാത്രമാണ് ബാറ്റ് ചെയ്തത്. റണ്‍സൊന്നും നേടാനായുമില്ല. 60 ഐപിഎല്‍ മത്സരം കളിച്ച താരം 672 റണ്‍സും 9 വിക്കറ്റുമാണ് അഭിഷേക് നായര്‍ നേടിയത്. പിന്നീട് പരിശീലകനെന്ന നിലയില്‍ അഭിഷേക് നായര്‍ ശ്രദ്ധ പിടിച്ചുപറ്റി. എന്നാല്‍ ദേശീയ ടീമിനൊപ്പം കാര്യമായൊന്നും ചെയ്യാന്‍ അഭിഷേകിനായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications