Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL2022: ഇന്ത്യന്‍ താരങ്ങളുടെ ഫ്‌ളോപ്പ് 11 ഇതാ, ക്യാപ്റ്റന്‍ 'ഹിറ്റ്മാന്‍', കോലിയും ധോണിയും ടീമില്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ പ്ലേ ഓഫ് ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കുകയാണ്. 10 ടീമുകള്‍ മാറ്റുരച്ച ആവേശകരമായ സീസണില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ കിരീടം നേടിയിട്ടുള്ള വമ്പന്മാരെല്ലാം പ്ലേ ഓഫ് കാണാതെ പുറത്തായപ്പോള്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സും കന്നി കിരീടം തേടുന്ന ആര്‍സിബിയുമെല്ലാം പ്ലേ ഓഫിലും ഇടം പിടിച്ചു.

രാജസ്ഥാനൊഴികെ മറ്റാര് കിരീടം നേടിയാലും ഐപിഎല്ലിലെ പുതിയ ചാമ്പ്യന്മാരായി അവര്‍ മാറും. അരങ്ങേറ്റ സീസണില്‍ വന്ന ടീമുകളിലൊന്ന് കിരീടം നേടുമോ അതോ രാജസ്ഥാന്‍ രണ്ടാം കിരീടം നേടുമോ ആര്‍സിബി കാത്തിരിപ്പ് അവസാനിപ്പിച്ച് കിരീടം നേടുമോയെന്നെല്ലാം കണ്ടറിയേണ്ടതായുണ്ട്. ഇത്തവണത്തെ സീസണിന്റെ മറ്റൊരു പ്രധാന സവിശേഷത സൂപ്പര്‍ താരങ്ങളുടെ മോശം പ്രകടനമാണ്. വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ തുടങ്ങിയ പല സൂപ്പര്‍ താരങ്ങളും നിരാശപ്പെടുത്തിയ സീസണാണിത്.

ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്ക് വളരെ ആശങ്കയുണ്ടാക്കുന്ന സീസണ്‍ കൂടിയാണിത്. ഇത്തവണത്തെ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വിലയിരുത്തി ഫ്‌ളോപ്പ് 11നെ തിരഞ്ഞെടുക്കാം. ആരൊക്കെയാവും ഈ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം.

രോഹിത് ശര്‍മ - അജിന്‍ക്യ രഹാനെ

രോഹിത് ശര്‍മ - അജിന്‍ക്യ രഹാനെ

ടീമിന്റെ ഓപ്പണര്‍മാരായി മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മയും കെകെആറിന്റെ അജിന്‍ക്യ രഹാനെയുമാണ്. രോഹിത് മറക്കാനാഗ്രഹിക്കുന്ന ഐപിഎല്ലാണ് ഇത്തവണത്തേത്. ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ ഇത്തവണ രോഹിത്തിനായില്ല. 14 മത്സരത്തില്‍ നിന്ന് 268 റണ്‍സാണ് രോഹിത്തിന് നേടാനായത്. ശരാശരി 19.14. ആദ്യത്തെ എട്ട് മത്സരവും തോറ്റ് മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യത്തെ ടീമായും മാറി.

രഹാനെക്ക് ഇത്തവണ അവസരം കിട്ടിയത് തന്നെ ഭാഗ്യമാണ്. എന്നാല്‍ ഇതിനെ വേണ്ടവിധം ഉപയോഗിക്കാന്‍ അദ്ദേഹത്തിനായില്ല. അടിസ്ഥാന വിലയായ ഒരു കോടിക്ക് ടീമിലെത്തിയ രഹാനെ ഏഴ് മത്സരത്തില്‍ നിന്ന് 19 ശരാശരിയില്‍ 144 റണ്‍സാണ് നേടിയത്. ഒരു അര്‍ധ സെഞ്ച്വറി പോലും ഇതിലില്ല. ഇത് രഹാനെയുടെ അവസാന ഐപിഎല്‍ സീസണായി മാറിയേക്കും. ഇനിയൊരു അവസരം അദ്ദേഹത്തിന് കിട്ടാന്‍ സാധ്യതയില്ല.

വിരാട് കോലി, മായങ്ക് അഗര്‍വാള്‍, വെങ്കടേഷ് അയ്യര്‍

വിരാട് കോലി, മായങ്ക് അഗര്‍വാള്‍, വെങ്കടേഷ് അയ്യര്‍

മുന്‍ ആര്‍സിബി നായകനും സൂപ്പര്‍ താരവുമായ വിരാട് കോലിയുടെ സമീപകാല പ്രകടനവും വളരെ മോശമാണ്. 14 മത്സരത്തില്‍ നിന്ന് 309 റണ്‍സാണ് അദ്ദേഹം നേടിയത്. 23.77 ശരാശരിയില്‍ കളിച്ച കോലി രണ്ട് അര്‍ധ സെഞ്ച്വറികളാണ് നേടിയത്. പ്രതീക്ഷിച്ച സ്‌ട്രൈക്കറേറ്റിലും കോലിക്ക് കളിക്കാന്‍ സാധിച്ചില്ല. ആര്‍സിബി പ്ലേ ഓഫില്‍ കടന്നെങ്കിലും കോലിയുടെ ഫോം ആശങ്കയുണ്ടാക്കുന്നതാണ്. വിശ്രമം ആവിശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലും കോലി ഉള്‍പ്പെട്ടിട്ടുണ്ട്.

മായങ്ക് അഗര്‍വാളാണ് നിരാശപ്പെടുത്തിയ മറ്റൊരു താരം. 2021ല്‍ ഓപ്പണറായി തിളങ്ങിയ മായങ്ക് ഇത്തവണ പഞ്ചാബ് കിങ്‌സിന്റെ നായകനായപ്പോഴേക്കും നിരാശപ്പെടുത്തി. 12 കോടിക്ക് പഞ്ചാബ് നിലനിര്‍ത്തിയ താരം 12 മത്സരത്തില്‍ നിന്ന് നേടിയത് വെറും 196 റണ്‍സാണ്. 16.33 ശരാശരി മാത്രമുള്ള അദ്ദേഹം ഒരു അര്‍ധ സെഞ്ച്വറിയാണ് നേടിയത്. ഓപ്പണിങ്ങില്‍ നിന്ന് മധ്യനിരയിലേക്കിറങ്ങിയിട്ടും മായങ്കിന്റെ പ്രകടനം മെച്ചപ്പെട്ടില്ല.

അവസാന സീസണില്‍ കെകെആര്‍ ഫൈനല്‍ കളിക്കാന്‍ നിര്‍ണ്ണായകമായത് വെങ്കടേഷ് അയ്യരുടെ പ്രകടനമായിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. എട്ട് കോടി രൂപക്ക് കെകെആര്‍ നിലനിര്‍ത്തിയ വെങ്കടേഷ് 12 ഇന്നിങ്‌സില്‍ നിന്ന് 16.55 ശരാശരിയില്‍ 182 റണ്‍സാണ് നേടിയത്. ഓപ്പണറായി ഇറങ്ങി തിളങ്ങാനാവാതെ വന്നതോടെ മധ്യനിരയിലേക്ക് വെങ്കടേഷിനെ എത്തിച്ചിട്ടും അദ്ദേഹത്തിന് ഫോമിലേക്കെത്താനായില്ല.

എംഎസ് ധോണി, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി

എംഎസ് ധോണി, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി എംഎസ് ധോണിക്കാണ് അവസരം. സിഎസ്‌കെ നായകന്‍ ഇത്തവണ പ്രതീക്ഷക്കൊത്ത ബാറ്റിങ്ങല്ല കാഴ്ചവെച്ചത്. 13 ഇന്നിങ്‌സില്‍ നിന്ന് 232 റണ്‍സാണ് ധോണി നേടിയത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി അടുത്ത സീസണിലും നായകനായി സിഎസ്‌കെയ്‌ക്കൊപ്പമുണ്ടാവും.

രവീന്ദ്ര ജഡേജ തീര്‍ത്തും നിറം മങ്ങിയ സീസണാണിത്. സിഎസ്‌കെയുടെ നായകനായാണ് ജഡേജ ഈ സീസണ്‍ ആരംഭിച്ചത്. സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട അദ്ദേഹം 10 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 116 റണ്‍സാണ്. വീഴ്ത്തിയത് അഞ്ച് വിക്കറ്റും. ഓള്‍റൗണ്ടറെന്ന നിലയില്‍ ജഡേജയില്‍ നിന്ന് ഇനിയുമേറെ പ്രതീക്ഷിച്ചെങ്കിലും അതിനൊത്ത് ഉയരാനായില്ല. പാതിവഴിയില്‍ പരിക്കേറ്റ് ജഡേജ പുറത്താവുകയും ചെയ്തു.

എട്ടാം നമ്പറില്‍ കെകെആറിന്റെ വരുണ്‍ ചക്രവര്‍ത്തിയാണ്. സ്പിന്നറെ എട്ട് കോടിക്കാണ് കെകെആര്‍ നിലനിര്‍ത്തിയത്. എന്നാല്‍ 11 മത്സരത്തില്‍ നിന്ന് നേടാനായത് ആറ് വിക്കറ്റ് മാത്രം. നന്നായി തല്ലും വാങ്ങി. അടുത്ത സീസണില്‍ കെകെആര്‍ വരുണിനെ ഒഴിവാക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്ഘട്ട്, വൈഭവ് അറോറ

മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്ഘട്ട്, വൈഭവ് അറോറ

ആര്‍സിബിയുടെ മുഹമ്മദ് സിറാജും നിരാശപ്പെടുത്തിയ സീസണാണിത്. 13 മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റാണ് സിറാജ് നേടിയത്. 9.82 എന്ന നാണംകെട്ട ഇക്കോണമിയിലായിരുന്നു സിറാജിന്റെ പ്രകടനം. ആര്‍സിബി പ്ലേയിങ് 11ല്‍ നിന്ന് സിറാജിനെ മാറ്റിനിര്‍ത്തുന്ന സാഹചര്യം പോലും ഉണ്ടായി. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള താരമാണ് സിറാജെങ്കിലും ഇത്തവണ പ്രതീക്ഷക്കൊത്ത പ്രകടനമല്ല നടത്തിയത്. അടുത്ത സീസണില്‍ ആര്‍സിബി സിറാജിനെ ഒഴിവാക്കിയേക്കും.

ജയദേവ് ഉനദ്ഘട്ടാണ് 10ാം നമ്പറില്‍. മുംബൈ ഇന്ത്യന്‍സ് 1.30 കോടിക്കാണ് ഉനദ്ഘട്ടിനെ സ്വന്തമാക്കിയത്. അഞ്ച് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റാണ് അദ്ദേഹം നേടിയത്. ഇക്കോണമി 9.50. മുംബൈ അടുത്ത സീസണിന് മുമ്പ് താരത്തെ ഒഴിവാക്കും. 11ാമന്‍ വൈഭവ് അറോറയാണ്. പഞ്ചാബ് കിങ്‌സ് രണ്ട് കോടിക്ക് സ്വന്തമാക്കിയ താരം അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് വിക്കറ്റ് മാത്രമാണ് നേടിയത്.

Story first published: Tuesday, May 24, 2022, 11:29 [IST]
Other articles published on May 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+