IPL: ഇത്തവണ അണ്‍സോള്‍ഡ്, 2023ല്‍ കോടികള്‍ നേടി തിരിച്ചെത്തിയേക്കും, അഞ്ച് പേരിതാ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പല ടീമുകളും താരങ്ങളും മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായമാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണ അവസാന സ്ഥാനക്കാരായപ്പോള്‍ നാല് തവണ ചാമ്പ്യന്മാരായ സിഎസ്‌കെ ഒമ്പതാം സ്ഥാനത്തായിരുന്നു. കെകെആര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ് എന്നിവരെല്ലാം ഇത്തവണ നിരാശപ്പെടുത്തി. വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നിവരെല്ലാം ഇത്തവണ നിലവാരത്തിനൊത്ത് ഉയര്‍ന്നില്ല.
അടുത്ത സീസണില്‍ പല ടീമുകളിലും വലിയ മാറ്റങ്ങള്‍ തന്നെ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ അണ്‍സോള്‍ഡായതും വ്യക്തിപരമായ കാരണങ്ങളാല്‍ മാറിനില്‍ക്കുകയും ചെയ്ത താരങ്ങളെ അടുത്ത സീസണില്‍ പല ടീമുകളും പരീക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തവണ അണ്‍സോള്‍ഡാവുകയും അടുത്ത സീസണില്‍ കോടികള്‍ വാങ്ങി തിരിച്ചെത്താന്‍ സാധ്യതയുള്ളതുമായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സ്റ്റീവ് സ്മിത്ത്
മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകനും ഓസീസ് താരവുമായ സ്റ്റീവ് സ്മിത്ത് ഇത്തവണ അണ്‍സോള്‍ഡായവരിലൊരാളാണ്. 2020, 21 സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് 2022ലെ മെഗാ ലേലത്തില്‍ സ്മിത്തിന് ആവിശ്യക്കാരില്ലാതെ പോകാന്‍ കാരണം. രണ്ട് കോടി അടിസ്ഥാന വിലക്കെത്തിയ സ്മിത്തിനെ 2022 സീസണില്‍ വാങ്ങാന്‍ ആളില്ലാതെ പോയെങ്കിലും അടുത്ത സീസണില്‍ ഗംഭീര തിരിച്ചുവരവ് നടത്താന്‍ കെല്‍പ്പുള്ളവനാണ്. ചിലപ്പോള്‍ നായകനായി വരെ സ്മിത്തിനെ കണ്ടേക്കും. എന്തായാലും അടുത്ത സീസണില്‍ കോടികള്‍ ലഭിക്കാന്‍ സാധ്യതയുള്ള താരമാണ് സ്മിത്ത്.

ഷക്കീബ് അല്‍ ഹസന്‍
ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ഷക്കീബ് അല്‍ ഹസന്‍. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള ഷക്കീബ് അവസാന ഐപിഎല്‍ ലേലത്തില്‍ അണ്‍സോള്‍ഡായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ മോശമോ അടിസ്ഥാന വിലയോ ഒന്നുമല്ല അച്ചടക്കമില്ലാത്ത സ്വഭാവമാണ് പല ടീമുകളും ഷക്കീബിനെ തഴയാനുള്ള കാരണം. എന്നാല്‍ ഇത്തവണ നിരാശപ്പെടുത്തിയ പല ടീമുകള്‍ക്കും അടുത്ത സീസണില്‍ ഷക്കീബിനെപ്പോലൊരു മികച്ച ഓള്‍റൗണ്ടറെ ആവിശ്യമാണ്. അതുകൊണ്ട് തന്നെ ഗംഭീര തിരിച്ചുവരവ് വരുന്ന സീസണില്‍ ഷക്കീബ് നടത്തിയേക്കും.

ക്രിസ് ലിന്‍
ഐപിഎല്ലില്‍ മോശമല്ലാത്ത റെക്കോഡുകള്‍ സ്വന്തമായുള്ള താരമാണ് ക്രിസ് ലിന്‍. ഓപ്പണറെന്ന നിലയില്‍ തിളങ്ങിയിട്ടുള്ള ക്രിസ് ലിന്‍ അവസാന മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായിരുന്നു. 2020, 21 സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്ന ലിന്നിന് ആവിശ്യത്തിന് അവസരം ലഭിച്ചില്ല. ഇതോടെ 2022ലെ മെഗാ ലേലത്തില്‍ വാങ്ങാന്‍ ആരുമില്ലാതെ പോയി. അടുത്ത സീസണില്‍ പല ടീമുകള്‍ക്കും മികച്ച ഓപ്പണര്‍മാരെ ആവിശ്യമാണ്. ഈ സാഹചര്യത്തില്‍ അനുഭവസമ്പന്നനായ ലിന്നിനെ പല ടീമുകളും നോട്ടമിടാന്‍ സാധ്യതയേറെയാണ്.

ജെയിംസ് വിന്‍സി
ബിബിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളിലൊരാളാണ് ജെയിംസ് വിന്‍സി. ടി20 ഫോര്‍മാറ്റില്‍ മോശമല്ലാത്ത റെക്കോഡ് അവകാശപ്പെടാന്‍ കഴിയുന്ന താരം രണ്ട് കോടി അടിസ്ഥാന വിലയ്ക്കാണ് അവസാന മെഗാ ലേലത്തിലേക്കെത്തിയത്. എന്നാല്‍ അണ്‍സോള്‍ഡായി. അടുത്ത മെഗാ ലേലത്തില്‍ വിന്‍സിക്കായി ഒന്നിലധികം ആവിശ്യക്കാരുണ്ടാവുമെന്നുറപ്പ്. അനായാസം സ്‌കോര്‍ ഉയര്‍ത്താന്‍ കെല്‍പ്പുള്ള വിന്‍സിയെ കോടികള്‍ നല്‍കി തന്നെ ടീമുകള്‍ സ്വന്തമാക്കിയേക്കും.

ഡേവിഡ് മലാന്‍
കഴിഞ്ഞ വര്‍ഷം ഐസിസി ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ ബാറ്റ്‌സ്മാനാണ് ഡേവിഡ് മലാന്‍. 2021 സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്ന താരത്തിനെ വാങ്ങാന്‍ 2022 സീസണില്‍ ആളില്ലായിരുന്നു. 1.5 കോടിയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന വില. എന്നാല്‍ അടുത്ത സീസണില്‍ ഗംഭീര തിരിച്ചുവരവ് നടത്താന്‍ മലാന് സാധിച്ചേക്കും. സ്ഥിരതയുള്ള ബാറ്റ്‌സ്മാനായ മലാന് കോടികള്‍ തന്നെ പ്രതിഫലമായി ലഭിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications