
അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ വിട്ടൊരു കളിയില്ല. ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ അര്‍ജുനെ വീണ്ടും ടീമിലേക്കു തിരിച്ചുകൊണ്ടു വന്നിരിക്കുകയാണ് മുംബൈ. 30 ലക്ഷം രൂപയാണ് താരത്തിനു വേണ്ടി മുംബൈയ്ക്കു ചെലവഴിക്കേണ്ടി വന്നത്. 20 ലക്ഷം രൂപയായിരുന്നു അര്‍ജുന്റെ അടിസ്ഥാന വില. മുംബൈയെക്കൂടാതെ ഗുജറാത്ത് ടൈറ്റന്‍സാണ് താരത്തിനു വേണ്ടി ലേലത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഇതോടെ മുംബൈ 30 ലക്ഷം വിളിക്കുകയും അര്‍ജുനെ വാങ്ങുകയുമായിരുന്നു.
മുംബൈ ടീമിന്റെ ഉപദശകന്‍ കൂടിയായ അച്ഛനു കീഴില്‍ ആദ്യമായി കളിക്കാനുള്ള അവസരമാണ് പുതിയ സീസണില്‍ അര്‍ജുന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ താരം മുംബൈയ്‌ക്കൊപ്പമുണ്ടായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറും ഓള്‍റൗണ്ടറുമാണ് അര്‍ജുന്‍. കഴിഞ്ഞ സീസണില്‍ യുഎഇയില്‍ നടന്ന ലീഗിന്റെ രണ്ടാംപാദത്തില്‍ പകുതിയില്‍ വച്ചാണ് താരത്തിനു പരിക്കേറ്റു പിന്‍മാറേണ്ടി വന്നത്. സീസണിനു ശേഷം അര്‍ജുനെ മുംബൈ കൈവിടുകയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തെ മുംബൈ തങ്ങളുടെ ടീമിലേക്കു മടക്കിക്കൊണ്ടു വരികയും ചെയ്തിരിക്കുകയാണ്.

22 കാരനായ അര്‍ജുന്‍ ഐപിഎല്ലില്‍ ഇനിയും അരങ്ങേറിയിട്ടില്ലെങ്കിലും കഴിഞ്ഞ കുറച്ചു സീസണുകളായി മുംബൈയുടെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി രണ്ടു ടി20കളില്‍ താരം കളിച്ചുകഴിഞ്ഞു. വരാനിരിക്കുന്ന രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിലും അര്‍ജുന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ സീസണില്‍ താരം അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.