
ഇന്ത്യക്കായി നാല് ടി20 സെഞ്ച്വറി
ഇന്ത്യക്കായി നാല് ടി20 സെഞ്ച്വറിയെന്ന റെക്കോഡ് നായകന്‍ രോഹിത് ശര്‍മയുടെ പേരിലാണ്. കോലിക്ക് നിലവിലെ ഫോമില്‍ ഇനിയൊരിക്കലും രോഹിത്തിന്റെ ഈ റെക്കോഡിനെ മറികടക്കാനാവില്ലെന്നുറപ്പ്. 2021ലെ ടി20 ലോകകപ്പിന് ശേഷം കോലി നായകസ്ഥാനം ഒഴിഞ്ഞിരുന്നു. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കാനായിരുന്നു ഈ നീക്കം. എന്നാല്‍ ഇതിന് ശേഷം ബാറ്റിങ് കൂടുതല്‍ പരിതാപകരമാവുകയായിരുന്നു. ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് കോലിക്ക് സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യതയും നിലവിലുണ്ട്. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം മൂന്നാം നമ്പറില്‍ കണ്ണുവെക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കോലിയുടെ ടി20 ടീമിലെ സ്ഥാനം പോലും ഉറപ്പില്ല.

100 അന്താരാഷ്ട്ര സെഞ്ച്വറി
കോലിയുടെ തുടക്ക കാലത്തെ പ്രകടനം കണ്ടപ്പോള്‍ അദ്ദേഹം സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ച്വറിയെന്ന റെക്കോഡ് അനായാസമായി തകര്‍ക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇപ്പോഴത്തെ ഫോമില്‍ കോലിക്കത് സ്വപ്‌നം കാണാനാവില്ല. 70 അന്താരാഷ്ട്ര സെഞ്ച്വറിയില്‍ ബ്രേക്കിട്ടിട്ട് നാളുകളേറെയായി. ഇതിനെ മറികടക്കാന്‍ കോലിക്കായിട്ടില്ല. അതുകൊണ്ട് ശേഷിക്കുന്ന കരിയറില്‍ നിലവിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ കോലിക്ക് ഒരിക്കലും സച്ചിന്റെ പേരിലുള്ള ഈ ചരിത്ര റെക്കോഡിനെ തകര്‍ക്കാനാവില്ലെന്ന് തന്നെ വിലയിരുത്താം.

കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ്
സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ഏറ്റവും അധികം താരതമ്യം ചെയ്ത പേരാണ് വിരാട് കോലി. സച്ചിന്റെ പേരിലുള്ള എല്ലാ റെക്കോഡുകളും തകര്‍ക്കാന്‍ കെല്‍പ്പുള്ളവനെന്ന് എല്ലാവരും കരുതിയിരുന്നവനാണെങ്കിലും ഇന്ന് കോലിക്ക് 10 റണ്‍സ് തികച്ചെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. സച്ചിന്റെ പേരിലുള്ള 34357 റണ്‍സാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു താരം നേടുന്ന കൂടുതല്‍ റണ്‍സ്. നിലലവില്‍ കോലിയുടെ പേരില്‍ 23650 റണ്‍സാണുള്ളത്. സച്ചിന്‍ ടെസ്റ്റിലും ഏകദിനത്തിലും മാത്രമാണ് കളിച്ചതെങ്കില്‍ കോലിക്ക് ടി20 ഫോര്‍മാറ്റും ലഭിച്ചു. എന്നിട്ടും സച്ചിന്റെ റെക്കോഡിന് ഭീഷണി ഉയര്‍ത്താന്‍ കോലിക്ക് സാധിക്കുന്നില്ല. കൂടുതല്‍ അന്താരാഷ്ട്ര റണ്‍സെന്ന സച്ചിന്റെ റെക്കോഡ് കോലിക്ക് ഇനി ഒരിക്കലും മറികടക്കാന്‍ സാധിക്കില്ലെന്ന് തന്നെ പറയാം.

ടെസ്റ്റില്‍ കൂടുതല്‍ സെഞ്ച്വറി
ഏകദിനത്തില്‍ 43 സെഞ്ച്വറി നേടിയ കോലിക്ക് 7 സെഞ്ച്വറി കൂടി നേടിയാല്‍ 49 സെഞ്ച്വറി നേടിയ സച്ചിന്റെ റെക്കോഡിനെ മറികടന്ന് തലപ്പത്തെത്താം. നിലവിലെ ഫോമില്‍ ഇതിന് കോലിക്ക് സാധിക്കുമോയെന്നത് പോലും സംശയമാണ്. അതുകൊണ്ട് സച്ചിന്റെ 51 ടെസ്റ്റ് സെഞ്ച്വറിയെന്ന നേട്ടം കോലിക്ക് ഒരിക്കലും എത്തിപ്പിടിക്കാനാവാത്തതാണ്. കോലിക്ക് നിലവില്‍ 27 ടെസ്റ്റ് സെഞ്ച്വറിയാണുള്ളത്. അതുകൊണ്ട് തന്നെ കോലിക്ക് എത്തിപ്പിടിക്കാവുന്നതിലും ഉയരെയാണ് ഈ റെക്കോഡ്.

കൂടുതല്‍ ടെസ്റ്റ് റണ്‍സ്
ടെസ്റ്റില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് കോലിക്ക് ഇനി സ്വപ്‌നം കാണാന്‍ സാധിക്കാത്തതതാണ്. 15921 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. കോലിക്ക് നിലവില്‍ 8043 റണ്‍സാണുള്ളത്. ഇനി ആറ്-ഏഴ് വര്‍ഷം കളിക്കാന്‍ സാധിച്ചാലും സച്ചിന്റെ റെക്കോഡ് നിലവിലെ ഫോമില്‍ കോലിക്ക് ഒരിക്കലും മറികടക്കാനാവാത്തതാണെന്ന് തന്നെ പറയാം. പരിമിത ഓവറില്‍ നിന്ന് വിരമിച്ച് ടെസ്റ്റില്‍ മാത്രം ശ്രദ്ധ നല്‍കിയാല്‍ ചിലപ്പോള്‍ കോലിക്ക് നേടാനായേക്കും. എന്നാല്‍ അതിനുള്ള സാധ്യത വളരെ കുറവാണ്.


Click it and Unblock the Notifications
