IPl 2022: ജയ്‌സ്വാളിന്റെ വെടിക്കെട്ട്, വിമര്‍ശനം നേരിട്ട് ദേവ്ദത്ത്, സഞ്ജുവിനും സംഗക്കും ട്രോള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെടുത്തിയപ്പോള്‍ ഏറ്റവും കൈയടി നേടിയത് യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളാണ്. ആദ്യത്തെ മത്സരങ്ങളിലെ ഫോം ഔട്ടിന് ശേഷം രാജസ്ഥാന്‍ ബെഞ്ചിലിരുത്തിയ ജയ്‌സ്വാള്‍ തിരിച്ചുവരവില്‍ ഗംഭീര പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. 41 പന്തില്‍ 9 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 68 റണ്‍സാണ് അദ്ദേഹം നേടിയത്. 165.85 സ്‌ട്രൈക്കറേറ്റിലായിരുന്നു ജയ്‌സ്വാളിന്റെ പ്രകടനം.
തന്നെ ബെഞ്ചിലിരുത്തിയ രാജസ്ഥാന്‍ മാനേജ്‌മെന്റിന് ബാറ്റുകൊണ്ട് തന്നെ ജയ്‌സ്വാള്‍ മറുപടി നല്‍കിയിരിക്കുന്നു. ജയ്‌സ്വാളിനെ തഴഞ്ഞപ്പോള്‍ ദേവ്ദത്ത് പടിക്കലിനാണ് രാജസ്ഥാന്‍ ഓപ്പണിങ്ങില്‍ അവസരം നല്‍കിയത്. എന്നാല്‍ പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കാതെ വന്നതോടെ ദേവ്ദത്തിനെ മധ്യനിരയിലേക്ക് മാറ്റി ജയ്‌സ്വാളിന് വീണ്ടും അവസരം നല്‍കിയത്.

ജയ്‌സ്വാള്‍ ഫോം ആയതോടെ രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിനെതിരേ നിരവധി ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. രാജസ്ഥാന്‍ നായകന്‍ സഞ്ജുവിനെതിരേയും പരിശീലകന്‍ സംഗക്കാരക്കെതിരേയും ട്രോളുകള്‍ ഉയരുന്നുണ്ട്. സഞ്ജുവിന്റെ താല്‍പര്യമാണ് ജയ്‌സ്വാളിനെ തഴഞ്ഞ് ദേവ്ദത്തിനെ കളിപ്പിക്കാന്‍ കാരണമെന്നാണ് ചില ആരാധകര്‍ വിമര്‍ശിച്ചത്. പവര്‍പ്ലേയില്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്താന്‍ കെല്‍പ്പുള്ള ജയ്‌സ്വാളിനെ പുറത്തിരുത്താന്‍ സംഗക്കാരയും താല്‍പര്യം കാട്ടിയെന്നാണ് ആരാധക വിമര്‍ശനം.

നിരവധി പ്രമുഖര്‍ ജയ്‌സ്വാളിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ജയ്‌സ്വാള്‍ റണ്‍സ് നേടുന്നത് കാണുമ്പോള്‍ സന്തോഷം. കഠിനാധ്വാനിയായ പ്രതിഭാശാലിയായ താരമാണ് അവനെന്നാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍ പറഞ്ഞത്. വീരേന്ദര്‍ സെവാഗും ജയ്‌സ്വാളിന്റെ ബാറ്റിങ് പ്രകടനത്തെ പ്രശംസിച്ചു. ചില സമയങ്ങളില്‍ അപമാനിക്കപ്പെടുമ്പോഴാണ് ഇത്തരം മികച്ച പ്രകടനങ്ങള്‍ ഉണ്ടാവുന്നതെന്നാണ് സെവാഗ് പറഞ്ഞത്. എങ്ങനെയാണ് പ്ലേയിങ് 11ലെ സ്ഥാനം നഷ്ടമായതെന്ന് അവന്‍ ചിന്തിച്ചിട്ടുണ്ടാവും. നിലനിര്‍ത്തപ്പെട്ടെങ്കിലും എന്തുകൊണ്ട് എനിക്ക് മുകളില്‍ മറ്റൊരു താരം കളിക്കുന്നുവെന്ന് ചിന്തിച്ചിരിക്കാം. ഒരു താരത്തിന് ഇത്തരത്തില്‍ അപമാനം നേരിട്ടാല്‍ തിരിച്ചുവരവില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാവും അവന്‍ ശ്രമിക്കുകയെന്നാണ് സെവാഗ് പറഞ്ഞത്.

ജോസ് ബട്‌ലര്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് ആംഗര്‍ റോളിലേക്ക് ഒതുങ്ങാതെ ജയ്‌സ്വാളും റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. ദേവ്ദത്തിന്റെ സെന്‍സിബിള്‍ ബാറ്റിങ് പോലെയല്ലിതെന്നും ഏഴ് കോടിക്കാരന്‍ ജയ്‌സ്വാളിനെ കണ്ട് പഠിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. രാജസ്ഥാന്‍ മാനേജ്‌മെന്റിന്റെ പിഴവ് എത്രത്തോളം വലുതായിരുന്നുവെന്നാണ് ജയ്‌സ്വാളിന്റെ പ്രകടനം കാട്ടിത്തരുന്നതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം തെറ്റുകള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ചില ആരാധകര്‍ പറയുന്നു.
അവസാന സീസണിലും ഓപ്പണറായി ഗംഭീര പ്രകടനം നടത്തിയ താരമാണ് ജയ്‌സ്വാള്‍. അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പിലെ താരമായിരുന്ന ജയ്‌സ്വാള്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന താരമാണ്. എന്നാല്‍ ഈ സീസണിലെ ആദ്യ മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹത്തിന് പ്ലേയിങ് 11ലെ സ്ഥാനം നഷ്ടമാവുകയായിരുന്നു. എന്നാല്‍ ജയ്‌സ്വാളിന് പകരം ഓപ്പണറായ ദേവ്ദത്ത് തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ വീണ്ടും ജയ്‌സ്വാളിനെ രാജസ്ഥാന്‍ തിരികെ കൊണ്ടുവരികയായിരുന്നു.

സന്ദീപ് ശര്‍മയെപ്പോലുള്ള അനുഭവസമ്പന്നരായ ബൗളര്‍മാര്‍ക്കെതിരേ ജയ്‌സ്വാള്‍ കളിച്ച ഷോട്ടുകള്‍ തന്റെ പ്രതിഭ എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. പുള്‍ ഷോട്ടുകള്‍ കളിക്കുമ്പോള്‍ സാങ്കേതികമായി ചില പിഴവുകള്‍ നേരിട്ടിരുന്നെങ്കിലും ഇപ്പോഴതെല്ലാം തിരുത്തി ഗംഭീര തിരിച്ചുവരവ് നടത്താന്‍ അവന് സാധിച്ചിട്ടുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ നിലവിലെ ഫോം വരുന്ന മത്സരങ്ങളില്‍ തുടരുകയെന്നതും വളരെ പ്രധാനപ്പെട്ടതാണ്.
11 മത്സരത്തില്‍ നിന്ന് 14 പോയിന്റുള്ള രാജസ്ഥാന്‍ റോയല്‍സ് നിലവില്‍ മൂന്നാം സ്ഥാനത്താണ്. ഇത്തവണ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സ് സ്ഥാനം പിടിക്കാന്‍ സാധ്യത കൂടുതലാണ്. അടുത്ത മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് രാജസ്ഥാന്റെ എതിരാളികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications