
മത്സരശേഷം മുംബൈ നായകന്‍ രോഹിത് ശര്‍മ സാംസനെ പ്രശംസിച്ചിരുന്നു. 'ആദ്യ മത്സരങ്ങളില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും അവന്റെ കഴിവുകളില്‍ വിശ്വാസം ഉണ്ടായിരുന്നു. ഓസ്‌ട്രേലിയക്കായും ബിബിഎല്ലിലും അവന്റെ പ്രകടനം കണ്ടിട്ടുണ്ട്. ഇത്തരം പ്രതിഭാശാലികളായ താരങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടതായുണ്ട്. മനോഹരമായ ബൗളിങ് പ്രകടനമായിരുന്നു സാംസിന്റേത് ' എന്നാണ് രോഹിത് മത്സര ശേഷം പറഞ്ഞത്. ബിബിഎല്ലില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് സാംസ് എങ്കിലും ഐപിഎല്ലില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാനായിട്ടില്ല.
എന്തായാലും ഗുജറാത്തിനെതിരായ സാംസന്റെ മാച്ച് വിന്നിങ് പ്രകടനത്തോടെ സാംസ് ഹീറോയായിരിക്കുകയാണ്. ട്വിറ്ററിലൂടെ ആരാധകര്‍ സാംസന്റെ ബൗളിങ് മികവിനെ വാഴ്ത്തുകയാണ്. ഐപിഎല്‍ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഫൈനല്‍ ഓവര്‍ എന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്. ആറ് പന്തും വ്യത്യസ്ത വേഗത്തില്‍. ഈ മികവിന് കൈയടിക്കാതെ തരമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. വിമര്‍ശിച്ചവരെക്കൊണ്ട് തന്നെ സാംസ് കൈയടിപ്പിച്ചു. അതാണ് ഹീറോയിസം എന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഗുജറാത്തിന്റെ മധ്യനിര ഈ സീസണില്‍ ഏറ്റവും മികവ് കാട്ടുന്നവരാണ്. രാഹുല്‍ തെവാത്തിയ, ഡേവിഡ് മില്ലര്‍, റാഷിദ് ഖാന്‍ എന്നിവരെല്ലാം ഫിനിഷര്‍മാരെന്ന നിലയില്‍ ഇതിനോടകം സീസണില്‍ മികവ് കാട്ടിയവരാണ്. ഡേവിഡ് മില്ലറെപ്പോലെ അനുഭവസമ്പന്നനായ താരം ക്രീസില്‍ നില്‍ക്കുമ്പോഴാണ് സാംസ് മുംബൈക്ക് ജയം നേടിക്കൊടുത്തത്. 19ാം ഓവറില്‍ ജസ്പ്രീത് ബുംറക്ക് പ്രതീക്ഷിച്ച ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കാതെ പോയ സാഹചര്യത്തിലാണ് സാംസ് രക്ഷകനായത്.
ബുംറക്ക് ഇത്തവണ പ്രതീക്ഷക്കൊത്ത് തിളങ്ങാനായിട്ടില്ല. വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുന്നില്ലെന്നത് പ്രധാന പ്രശ്‌നമാണ്. എന്നാല്‍ അതിലും എടുത്തു പറയേണ്ടത് റണ്‍സ് വഴങ്ങുന്നുവെന്നതാണ്. പഴയതുപോലെ യോര്‍ക്കറുകള്‍ എറിഞ്ഞ് ലക്ഷ്യം കാണാന്‍ ബുംറക്ക് സാധിക്കുന്നില്ല. ബുംറയുടെ മോശം ഫോം ഈ സീസണില്‍ മുംബൈയെ കാര്യമായി ബാധിച്ചുവെന്ന് തന്നെ പറയാം. ഗുജറാത്തിനെതിരേ നാല് ഓവറില്‍ 48 റണ്‍സാണ് ബുംറ വഴങ്ങിയത്. ഒരു വിക്കറ്റ് പോലും നേടിയതുമില്ല. സാംസും വിക്കറ്റ് നേടിയില്ല. എന്നാല്‍ മൂന്നോവറില്‍ വഴങ്ങിയത് വെറും 18 റണ്‍സാണ്.

ബുംറ ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതോടെ ട്രോളുകളും സജീവമാണ്. ബൂം ബൂം ബുംറക്ക് പഴയ മികവ് കാട്ടാനാവാത്തത് ഇന്ത്യക്കും വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഒരു കാലത്ത് ബാറ്റ്‌സ്മാന്‍മാര്‍ ബുംറയുടെ യോര്‍ക്കറുകള്‍ക്ക് മുന്നില്‍ ഉത്തരം കണ്ടെത്താനാവാതെ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ ബുംറയുടെ തന്ത്രങ്ങളൊന്നും ഫലിക്കുന്നില്ല. ന്യൂബോളിലും ഡെത്ത് ഓവറിലും ബുംറക്ക് വിക്കറ്റ് നേടാനോ റണ്ണൊഴുക്ക് തടയാനോ സാധിക്കുന്നില്ല. ശേഷിക്കുന്ന മത്സരങ്ങളിലെങ്കിലും ബുംറ ഫോം കണ്ടെത്തി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.


Click it and Unblock the Notifications
