IPL 2022: എന്തൊരു ബോള്‍ !, ഡുപ്ലെസിസ് ഗോള്‍ഡന്‍ ഡെക്ക്, കിങ് മൊഹ്‌സിന്‍ ഖാന്‍

കൊല്‍ക്കത്ത: ജയിച്ചാല്‍ ക്വാളിഫയര്‍ ടിക്കറ്റ് ലഭിക്കുകയും തോറ്റാല്‍ പുറത്താവുകയും ചെയ്യുന്ന നിര്‍ണ്ണായകമായ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ ഗോള്‍ഡന്‍ ഡെക്കിന് പുറത്തായി ആര്‍സിബി നായകന്‍ ഫഫ് ഡുപ്ലെസിസ്. മൊഹ്‌സിന്‍ ഖാന്‍ തകര്‍പ്പന്‍ പന്തില്‍ അനുഭവസമ്പന്നനായ ഡുപ്ലെസിസിന് ഉത്തരമില്ലായിരുന്നു. മികച്ച ലെങ്തിലെത്തിയ പന്തിനെ ഒഴിവാക്കാനായിരുന്നു ഡുപ്ലെസിസിന്റെ ശ്രമമെങ്കിലും അതിന് അവസരം നല്‍കാതെ ബാറ്റിലുരുമ്മി പന്ത് വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്കിന്റെ കൈയില്‍.
നിര്‍ണ്ണായകമായ മത്സരത്തില്‍ ആര്‍സിബിക്ക് തുടക്കത്തിലേ തന്നെ പ്രഹരമേല്‍പ്പിക്കാന്‍ ലഖ്‌നൗവിനായിരിക്കുന്നു. അതും ഡുപ്ലെസിസിനെപ്പോലൊരു സൂപ്പര്‍ താരത്തെ നിലയുറപ്പിക്കും മുമ്പെ മടക്കാന്‍ സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ വിരാട് കോലിക്കെതിരേയും സമാന പന്ത് മൊഹ്‌സിന്‍ എറിഞ്ഞെങ്കിലും നിര്‍ഭാഗ്യവശാലാണ് കോലിയുടെ ബാറ്റില്‍ പന്ത് ഉരസാതിരുന്നത്. എന്നാല്‍ അതേ ഓവറില്‍ത്തന്നെ മൊഹ്‌സിന്‍ ആര്‍സിബിയുടെ നായകന് തന്നെ മടക്ക ടിക്കറ്റ് നല്‍കിയിരിക്കുകയാണ്.

ഈ പുറത്താകലോടെ നാണക്കേടിന്റെ പട്ടികയിലും ഡുപ്ലെസിസ് പേര് ചേര്‍ത്തു. പ്ലേ ഓഫില്‍ ഗോള്‍ഡന്‍ ഡെക്കാവുന്ന നായകന്മാരിലെ ആറാമനായാണ് ഡുപ്ലെസിസ് മാറിയിരിക്കുന്നത്. പ്ലേ ഓഫില്‍ ഗോള്‍ഡന്‍ ഡെക്കാകുന്ന മൂന്നാമത്തെ ആര്‍സിബി ക്യാപ്റ്റന്‍ കൂടിയാണ് ഡുപ്ലെസിസ്. 2008ല്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ഷെയ്ന്‍ വോണ്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നു. എന്നാല്‍ ഈ സീസണില്‍ രാജസ്ഥാനെ കപ്പിലേക്കെത്തിക്കാന്‍ വോണിനായി. 2009ല്‍ ആര്‍സിബി നായകനായിരിക്കെ അനില്‍ കുംബ്ലെയും ഗോള്‍ഡന്‍ ഡെക്കിനാണ് പുറത്തായത്.

2011ല്‍ ആര്‍സിബിയുടെ നായകനായിരുന്ന ഡാനിയല്‍ വെട്ടോറിയും ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. സിഎസ്‌കെയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിയും ഈ നാണക്കേടിലുണ്ട്. 2015ലെ പ്ലേ ഓഫിലാണ് ധോണി ഗോള്‍ഡന്‍ ഡെക്കായത്. 2020ല്‍ മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടിയെങ്കിലും പ്ലേ ഓഫില്‍ രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡെക്കായിരുന്നു. ഈ സൂപ്പര്‍ താരങ്ങളുടെ പട്ടികയില്‍ നിലവിലെ അവസാന സ്ഥാനക്കാരനാണ് ഡുപ്ലെസിസ്.

മൊഹ്‌സിന്‍ ഖാന്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഇടം കൈയന്‍ പേസറായി മാറിയിരിക്കുകയാണ്. 9 മത്സരത്തില്‍ നിന്ന് 14 വിക്കറ്റുകള്‍ ഇതിനോടകം അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താനുള്ള മികവിനേക്കാളേറെ അദ്ദേഹത്തിന്റെ ഇക്കോണമിയാണ് എടുത്തു പറയേണ്ടത്. 5.90 ആണ് ഈ സീസണിലെ മൊഹ്‌സിന്‍ ഖാന്റെ ഇക്കോണമി. മികച്ച ഇടം കൈയന്‍ പേസര്‍മാരില്ലാത്ത ഇന്ത്യക്ക് മൊഹ്‌സിന്‍ ഖാന്‍ പ്രതീക്ഷ നല്‍കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications