IPL 2022: 'കോലിക്ക് ഇനിയൊരു മടങ്ങി വരവില്ല', അന്ന് ആസിഫ് പ്രവചിച്ചത് ഇപ്പോള്‍ സത്യം, വൈറല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ മോശം പ്രകടനം കൊണ്ട് വിരാട് കോലി നിരാശപ്പെടുത്തുകയാണ്. മൂന്നാം നമ്പറിലും ഓപ്പണിങ്ങിലും കോലിക്ക് തിളങ്ങാനാവുന്നില്ല. ഇത്തവണ തൊട്ടതെല്ലാം പിഴക്കുന്ന കോലിക്ക് ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കോലിക്ക് ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ല. ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്ന് വാഴ്ത്തുമ്പോഴും കോലിക്ക് തിളങ്ങാനാവാത്തത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സച്ചിന്റെ റെക്കോഡുകളെപ്പോലും കടത്തിവെട്ടാന്‍ കെല്‍പ്പുള്ളവനെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തിയ കോലിയാണ് ഇപ്പോള്‍ 10 റണ്‍സ് പോലും നേടാനാവാതെ മടങ്ങുന്നത്. 41, 12, 5, 48, 1, 12, 0, 0, 9 എന്നിങ്ങനെയാണ് ഈ ഐപിഎല്ലിലെ കോലിയുടെ പ്രകടനം. കോലിക്ക് എവിടെയാണ് പിഴക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. കോലി മോശം ഫോമില്‍ തുടരുമ്പോള്‍ കോലിയുടെ തകര്‍ച്ചയെക്കുറിച്ച് നേരത്തെ പ്രവചിച്ച ഒരു താരമുണ്ട്. അത് മറ്റാരുമല്ല മുന്‍ പാകിസ്താന്‍ പേസര്‍ മുഹമ്മദ് ആസിഫാണ്.

കോലിക്ക് ഒരിക്കലും സച്ചിന്റെ റെക്കോഡിനോളം എത്താനാവില്ലെന്നും കോലിക്ക് മോശം ഫോമിനെ അതിജീവിക്കുക പ്രയാസമാണെന്നും നേരത്തെ തന്നെ ആസിഫ് ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ ആസിഫിന്റെ പ്രവചനം വീണ്ടും വൈറലായിരിക്കുകയാണ്. ' കോലി ബോട്ടം ഹാന്റ് താരമാണ്. കോലി മികച്ച പ്രകടനം നടത്തുന്നത് അവന്റെ കായിക ക്ഷമതയുടെ കരുത്തിലാണ്. അത് നഷ്ടപ്പെട്ടാല്‍ കോലിക്ക് തിരിച്ചുവരവ് സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല'- അവസാന വര്‍ഷം യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.
ആസിഫ് പാകിസ്താന്റെ സൂപ്പര്‍ പേസര്‍മാരിലൊരാളായിരുന്നു. തന്റെ ഉയരക്കൂടുതലിനെ നന്നായി ഉപയോഗിച്ച ആസിഫ് സ്വിങ് ബോളുകൊണ്ട് വിസ്മയിപ്പിച്ച താരമാണ്. എന്നാല്‍ ഒത്തുകളി വിവാദത്തില്‍ പെട്ട് ആസിഫ് പാകിസ്താന്‍ ടീമില്‍ നിന്ന് പുറത്തായി. വിലക്ക് നേരിട്ട താരം തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും പിസിബി അനുകൂല നിലപാടല്ല സ്വീകരിച്ചത്.

സച്ചിന്‍-കോലി താരതമ്യത്തെക്കുറിച്ചും ആസിഫ് നേരത്തെ തന്റെ അഭിപ്രായം പങ്കുവെച്ചിരുന്നു. 'ചില ആളുകള്‍ കോലി സച്ചിനെക്കാള്‍ മികച്ചവനാണെന്ന് പറയാനുണ്ട്. എന്നാല്‍ അത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. വിരാട് ഒരിക്കലും സച്ചിന്റെ റെക്കോഡുകള്‍ക്കൊപ്പമെത്തില്ല. ഇത് എന്റെ അഭിപ്രായമാണ്. സച്ചിന്‍ കളിച്ചിരുന്നത് അപ്പര്‍ ഹാന്‍ഡുകൊണ്ടാണ്. വളരെ ചുരുക്കം ചില താരങ്ങള്‍ക്കാണ് ഈ സാങ്കേതിക വിദ്യ അറിയുന്നത്. കവര്‍ ഡ്രൈവ് സച്ചിന്‍ വളരെ അനായാസമായി കളിക്കും. കവര്‍ ഡ്രൈവും പുള്‍ഷോട്ടും നന്നായി വഴങ്ങും. കോലിക്കും ഈ ഷോട്ടുകളെല്ലാം കളിക്കാന്‍ സാധിക്കും. എന്നാല്‍ അവന്‍ ബോട്ടം ഹാന്‍ഡുകൊണ്ട് കളിക്കുന്നതാണ് പ്രശ്‌നം'- ആസിഫ് പറഞ്ഞു.

ടി20 ലോകകപ്പ് വരാനിരിക്കെ കോലിയുടെ ഫോം വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇന്ത്യയുടെ നട്ടെല്ലായി ഇപ്പോഴും കരുതപ്പെടുന്ന താരമാണ് കോലി. എന്നാല്‍ മോശം ഫോമില്‍ തുടരുന്നതോടെ കോലിയെ മാറ്റിനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാകുന്ന അവസ്ഥയാണ്. നായകസ്ഥാനത്ത് നിന്ന് പൂര്‍ണ്ണമായും മാറിയ കോലി ശക്തമായ തിരിച്ചുവരവ് ബാറ്റിങ്ങില്‍ നടത്താന്‍ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ലെന്ന് തന്നെ പറയാം.

2021ലെ ടി20 ലോകകപ്പിന് ശേഷം കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞു. പിന്നാലെ ഏകദിന, ടെസ്റ്റ് നായകസ്ഥാനത്ത് നിന്നും കോലിക്ക് മാറിക്കൊടുക്കേണ്ടി വന്നു. പിന്നാലെ ആര്‍സിബിയുടെ നായകസ്ഥാനവും കോലി ഒഴിഞ്ഞു. ബാറ്റിങ്ങില്‍ കോലിക്ക് പഴയ ടെക്‌നിക്കുകളൊന്നും ഇപ്പോള്‍ ഫലം ചെയ്യുന്നില്ല. നിലവിലെ സാഹചര്യത്തില്‍ കോലിക്ക് വിശ്രമം നല്‍കി പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ അവസരം ഒരുക്കാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications