IPL 2022: ഇപ്പോള്‍ 'വിലയില്ല', എന്നാല്‍ ഗംഭീര പ്രകടനം നടത്തി ഞെട്ടിച്ചേക്കും, അഞ്ച് പേരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ മാര്‍ച്ച് അവസാന വാരത്തോടെ ആരംഭിക്കാന്‍ പോവുകയാണ്. മെഗാ ലേലം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകള്‍ കൂടിയെത്തിയതോടെ 10 ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റിലേക്കെത്തുന്നത്. കൂടുതല്‍ മത്സരങ്ങള്‍ ആരാധകര്‍ക്ക് കാണാനാവുമെന്നതിനാല്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്. ടീമുകളെല്ലാം പടയൊരുക്കം ആരംഭിച്ചെന്ന് തന്നെ പറയാം.
മെഗാ ലേലം പൂര്‍ത്തിയായപ്പോള്‍ ടീമുകളെല്ലാം ഒന്നിനൊന്ന് ശക്തമാണ്. ഇത്തവണ വമ്പന്‍ പ്രകടനം നടത്തുമെന്ന പ്രതീക്ഷയില്‍ ഫ്രാഞ്ചൈസികള്‍ ടീമിലെത്തിച്ച പല താരങ്ങളും ഇത്തവണ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇപ്പോള്‍ ടീമുകള്‍ വലിയ പ്രാധാന്യം നല്‍കുന്നില്ലെങ്കിലും ഇത്തവണ ഗംഭീര പ്രകടനം നടത്തി ഞെട്ടിക്കാന്‍ സാധ്യതയുള്ള അഞ്ച് അപ്രതീക്ഷിത താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ശിവം ദുബെ
മീഡിയം പേസ് ഓള്‍റൗണ്ടറായ ശിവം ദുബെ വലിയ പ്രതീക്ഷ നല്‍കാത്ത താരമാണ്. വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ മിടുക്കനായ അദ്ദേഹം ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. ഇത്തവണ സിഎസ്‌കെയുടെ ഭാഗമായ ദുബെയുടെ പ്രധാന പ്രശ്‌നം സ്ഥിരതയില്ലായ്മയാണ്. മധ്യനിരയില്‍ ഇടം കൈ ബാറ്റിങ്ങുകൊണ്ട് ഞെട്ടിക്കാന്‍ കെല്‍പ്പുള്ള താരത്തിന്റെ ബൗളിങ് അത്ര മികച്ചതല്ല. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത ബൗളറാണ് ദുബെ. എന്നാല്‍ ഇത്തവണ ഗംഭീര പ്രകടനം നടത്തി ഞെട്ടിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ദുബെ.

തിലക് വര്‍മ
ആരാധകര്‍ക്ക് അധികം കേട്ടുകേഴ്‌വിയില്ലാത്ത പേരാണ് തിലക് വര്‍മയുടേത്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയത്. 2 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റും 16 ലിസ്റ്റ് എ ക്രിക്കറ്റും 15 ടി20 ക്രിക്കറ്റും കളിച്ചിട്ടുള്ള തിലക് വര്‍മ ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്. വമ്പന്‍ ഷോട്ടുകള്‍ കളിക്കാനുള്ള മിടുക്കാണ് തിലകിനെ വ്യത്യസ്തനാക്കുന്നത്. ഇത്തവണ മുംബൈക്കൊപ്പം തിലക് അപ്രതീക്ഷിത പ്രകടനം നടത്തി കൈയടി നേടാന്‍ സാധ്യതയുണ്ട്.

ഡിവാള്‍ഡ് ബ്രെവിസ്
ബേബി എബിയെന്ന നിലയില്‍ ഇതിനോടകം പേരെടുത്ത താരമാണ് ദക്ഷിണാഫ്രിക്കയ്ക്കാരനായ ഡിവാള്‍ഡ് ബ്രെവിസ്. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരം ഇക്കഴിഞ്ഞ അണ്ടര്‍ 19 ക്രിക്കറ്റില്‍ ആറ് മത്സരത്തില്‍ നിന്ന് 506 റണ്‍സാണ് ബ്രവിസ് അടിച്ചെടുത്ത്. 18കാരനായ താരത്തെ മൂന്ന് കോടിക്കാണ് മുംബൈ ഇത്തവണ സ്വന്തമാക്കിയത്. തല്ലിത്തകര്‍ത്തുകളിക്കാന്‍ മിടുക്കനായ അദ്ദേഹം ഇത്തവണ ഗംഭീര പ്രകടനം നടത്താന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ്.

അജിന്‍ക്യ രഹാനെ
മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ അജിന്‍ക്യ രഹാനെയെ ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ്വന്തമാക്കിയത്. സമീപകാലത്തായി മോശം പ്രകടനം നടത്തുന്ന രഹാനെയെ ആദ്യ റൗണ്ടില്‍ വാങ്ങാന്‍ ആളില്ലായിരുന്നുവെന്ന് പറയാം. അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരുന്ന രഹാനെക്ക് രണ്ട് മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. ഇത്തവണ തകര്‍പ്പന്‍ പ്രകടനം നടത്തി വിമര്‍ശകരുടെ വായടപ്പിക്കാന്‍ രഹാനെക്ക് സാധിച്ചേക്കും. അതിനുള്ള അനുഭവസമ്പത്ത് രഹാനെക്കുണ്ട്.

ബെന്നി ഹൗവെല്‍
ആരാധകര്‍ക്ക് അധികം കേട്ടറിവില്ലാത്ത പേരാണ് ബെന്നി ഹൗവെല്‍. ഇത്തവണ പഞ്ചാബ് കിങ്‌സാണ് താരത്തെ സ്വന്തമാക്കിയത്. മധ്യനിരയില്‍ വമ്പനടികൊണ്ട് മത്സരഫലത്തെ മാറ്റിമറിക്കാനും മീഡിയം പേസുകൊണ്ട് വിസ്മയിപ്പിക്കാനും കഴിവുള്ള താരമാണ് അദ്ദേഹം. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമായി തുടരുന്ന അദ്ദേഹം ഐപിഎല്ലില്‍ പഞ്ചാബിനൊപ്പവും ഗംഭീര പ്രകടനം നടത്തി ഞെട്ടിച്ചേക്കും. അതിനുള്ള പ്രതിഭ ബെന്നിക്കുണ്ട്. മറ്റ് ടീമുകള്‍ക്ക് വലിയ മുന്‍പരിചയമില്ലാത്ത താരമായതിനാല്‍ത്തന്നെ ബെന്നിയെ എതിരാളികള്‍ കരുതിത്തന്നെ ഇറങ്ങണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications