IPL 2022: കത്തിക്കയറി 'ഡികെ', തന്റെ ലക്ഷ്യം എന്താണ് ? ആ നേട്ടമാണെന്ന് വെളിപ്പെടുത്തി കാര്‍ത്തിക്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പുരോഗമിക്കവെ ഏറ്റവും കൈയടി നേടുന്ന താരങ്ങളിലൊരാള്‍ ആര്‍സിബിയുടെ ദിനേഷ് കാര്‍ത്തികാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കാര്‍ത്തിക് ഫിനിഷറെന്ന നിലയില്‍ ആളിക്കത്തുകയാണ്. ക്രീസിലെത്തിയ ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്നുവെന്നതാണ് കാര്‍ത്തികിന്റെ ഏറ്റവും വലിയ സവിശേഷത. അവസാന സീസണില്‍ കെകെആറിനൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയ കാര്‍ത്തിക് ഇപ്പോള്‍ ശക്തമായ തിരിച്ചുവരവാണ് ആര്‍സിബിക്കൊപ്പം നടത്തുന്നത്.
കാര്‍ത്തിക് ഫിനിഷര്‍ റോളില്‍ തിളങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ചര്‍ച്ചകളും സജീവമാണ്. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ് കാര്‍ത്തിക്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ കാര്‍ത്തിക് ഇന്ത്യന്‍ ടീമിലുണ്ടാവുമോ ഇല്ലെയോ എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാകവെ തന്റെ ആഗ്രഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്. രാജ്യത്തിനായി സവിശേഷമായത് നേടുകയാണ് തന്റെ ലക്ഷ്യമെന്നാണ് കാര്‍ത്തിക് ഡല്‍ഹിക്കെതിരായ മത്സര ശേഷം പറഞ്ഞത്.

'എന്റെ മുന്നില്‍ വലിയ ലക്ഷ്യമാണുള്ളത്. കഠിനമായിത്തന്നെ ഞാന്‍ അതിനായി പ്രവര്‍ത്തിക്കുന്നു. ചിലപ്പോള്‍ ആളുകള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമുണ്ടാവും. എന്നാല്‍ രാജ്യത്തിനായി സവിശേഷമായത് ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം. ഇത് ആ യാത്രയുടെ ഭാഗമാണ്. ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സാധിക്കുന്നതെല്ലാം ചെയ്യുകയാണ്. ആ ലക്ഷ്യത്തിലേക്കുള്ള ഒരു പാതയാണിത്'- കാര്‍ത്തിക് പറഞ്ഞു.
ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം പിടിക്കുകയാണ് ലക്ഷ്യമെന്ന് നേരത്തെ തന്നെ കാര്‍ത്തിക് വ്യക്തമാക്കിയതാണ്. അതിനായി തനിക്ക് ചെയ്യാന്‍ സാധിക്കുന്നതെല്ലാം കാര്‍ത്തിക് ചെയ്യുന്നുണ്ടെന്ന് പറയാം. ആറ് മത്സരത്തില്‍ നിന്ന് 197 റണ്‍സാണ് 36കാരനായ കാര്‍ത്തിക് ഇത്തവണത്തെ ഐപിഎല്ലില്‍ ഇതുവരെ നേടിയത്. സ്‌ട്രൈക്കറേറ്റ് 209.57 ആണെന്നതാണ് ശ്രദ്ധേയം. ഡല്‍ഹിക്കെതിരേ 34 പന്തില്‍ പുറത്താവാതെ 66 റണ്‍സാണ് കാര്‍ത്തിക് നേടിയത്. അഞ്ച് വീതം ഫോറും സിക്‌സും അദ്ദേഹം പറത്തി.

ഓസ്‌ട്രേലിയയിലാണ് ഇത്തവണ ലോകകപ്പ്. അനുഭവസമ്പന്നരായ താരങ്ങളെ ഒപ്പം കൂട്ടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെ കാര്‍ത്തികിനെ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യ ഫിനിഷര്‍ റോളിലേക്ക് തിരിച്ചെത്തുമ്പോള്‍ കാര്‍ത്തികിന് പ്ലേയിങ് 11ല്‍ എവിടെ അവസരം നല്‍കുമെന്നത് വലിയ ചോദ്യം തന്നെയാണ്.

മത്സരത്തില്‍ ഡല്‍ഹി സ്പിന്നര്‍ കുല്‍ദീപ് യാദവിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. നാല് ഓവറില്‍ 46 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് അദ്ദേഹം നേടിയത്. ഗ്ലെന്‍ മാക്‌സ് വെല്‍ കുല്‍ദീപിനെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഡല്‍ഹിക്കെതിരേ സമ്മര്‍ദ്ദ ഘട്ടത്തിലേ ടീമിന്റെ പദ്ധതികളെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് കാര്‍ത്തിക്. 'കുല്‍ദീപ് യാദവ് മോശമില്ലാതെ പന്തെറിഞ്ഞുവെന്നാണ് കരുതുന്നത്. അവന്‍ ബഹുമാനം അര്‍ഹിക്കുന്നു. ഡെത്ത് ഓവറില്‍ ബാറ്റ് ചെയ്യുമ്പോള്‍ ക്രീസിന് മുന്നില്‍ നിന്ന് കളിക്കുമ്പോള്‍ കൂടുതല്‍ എളുപ്പത്തില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കും. ഞാന്‍ ഇങ്ങനെ ശ്രമിക്കുമ്പോള്‍ അത് ഫലവത്താകാറുണ്ട്'-കാര്‍ത്തിക് പറഞ്ഞു.

ഇത്തവണ വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ആര്‍സിബി കാഴ്ചവെക്കുന്നത്. യുവ ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ഷഹബാസ് സവിശേഷനായ താരമാണെന്നാണ് ദിനേഷ് കാര്‍ത്തിക് പറയുന്നത്. 'ഷഹബാസ് അഹമ്മദ് സവിശേഷനായ താരമാണ്. ക്രിക്കറ്ററെന്ന നിലയില്‍ വലിയ നേട്ടങ്ങള്‍ അവന്റെ ജീവിതത്തിലുണ്ടാവും. അവന്‍ പന്തിനെ നന്നായി ഹിറ്റ് ചെയ്ത് കളിക്കാന്‍ കെല്‍പ്പുള്ളവനാണ്. അവന്റെ ഷോട്ടുകള്‍ കാണാന്‍ വളരെ ഇഷ്ടമാണ്' - കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ആര്‍സിബി ഇത്തവണ ശക്തമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications