
അവസാനത്തെ നാലോവറില്‍ ആറു വിക്കറ്റ് ബാക്കിനില്‍ക്കെ 40 റണ്‍സായിരുന്നു കെകെആറിനു ജയിക്കാന്‍ വേണ്ടിയിന്നത്. പക്ഷെ ചാഹലെറിഞ്ഞ 17ാം ഓവറില്‍ വമ്പന്‍ ട്വിസ്റ്റാണ് കണ്ടത്. ഹാട്രിക്കടക്കം നാലു വിക്കറ്റുകള്‍ ഈ ഓവറില്‍ വീഴുകയായിരുന്നു. ഇതാണ് റോയല്‍സിനെ കളിയില്‍ പിടിമുറുക്കാനും ഏഴു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം നേടാന്‍ സഹായിച്ചത്.
സാധാരണയായി മല്‍സരശേഷം ടീമംഗങ്ങളുടെ രസകരമായ വീഡിയോ ഇന്റര്‍വ്യു എടു ക്കുന്ന പതിവ് ചാഹലിനുണ്ട്. എന്നാല്‍ കെകെആറിനെതിരായ മല്‍സരശേഷം ചാഹലിന്റെ അഭിമുഖമെടുത്തത് ഭാര്യയും നര്‍ത്തകിയുമായ ധനശ്രീ വര്‍മയായിരുന്നു. ഇതിന്റെ വീഡിയോ രാജസ്ഥാന്‍ റോയല്‍സാണാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്.

ഗാലറിയില്‍ നിന്നും ധനശ്രീ വര്‍മ താഴെ നില്‍ക്കുന്ന യുസ്വേന്ദ്ര ചാഹലിനോടു ഹാട്രിക്കിനെക്കുറിച്ച് ചോദിക്കുകയും അത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഞാന്‍ ബയോ ബബ്‌ളിനു പുറത്തുവന്നപ്പോള്‍ എന്താണ് തോന്നുന്നതെന്നായിരുന്നു ധനശ്രീയുടെ ആദ്യ ചോദ്യം. നല്ല അനുഭവമാണെന്നായിരുന്നു സ്വല്‍പ്പം നാണത്തോടെ ചിരിച്ചുകൊണ്ടുള്ള ചാഹലിന്റെ മറുപടി. ഈ ഹാട്രിക്ക് ദിനത്തില്‍ നിങ്ങള്‍ വലിയ സന്തോഷത്തിലാണല്ലോയെന്നാരുന്നു അടുത്ത ചോദ്യം. അതെ. ആദ്യത്തെ ഹാട്രിക്കെന്നു ചാഹല്‍ മറുപടി നല്‍കുകയും ചെയ്തു.

പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും യുസ്വേന്ദ്ര ചാഹല്‍ തന്നെയായിരുന്നു. നേരത്തേ ജോസ് ബട്‌ലര്‍ റോയല്‍സിനായി തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചിരുന്നെങ്കിലും മല്‍സരഗതി മാറ്റിയ ചാഹലിനെ കളിയിലെ ഹീറോയായി തിരഞ്ഞെടുക്കുകയായിരുന്നു.

മല്‍സരഫലം മാറ്റുവാന്‍ ഞാന്‍ ഈ കളിയില്‍ വിക്കറ്റെടുക്കേണ്ടിയിരുന്നു. കോച്ചുമാരോരും ക്യാപ്റ്റന്‍ സഞ്ജു സാംസണിനോടും ഞാന്‍ സംസാരിച്ചിരുന്നു. ബൗളിങില്‍ നന്നായി പരിശ്രമിക്കുകയും ചെയ്തിരുന്നു. ഞാനൊരു ഗൂഗ്ലിയെക്കുറിച്ചായിരുന്നു ചിന്തിച്ചത്. എന്നാല്‍ പിന്നീട് അതു വേണ്ടെന്നു വച്ചു. ഹാട്രിക്ക് ലഭിക്കാതെ ആ ബോള്‍ ഡോട്ട് ബോളായാലും ഞാന്‍ ഹാപ്പിയാവുമായിരുന്നു. എന്റെ ഗൂഗ്ലി നന്നായി വരുന്നുണ്ടായിരുന്നു, ഇതാണ് വെങ്കടേഷ് അയ്യര്‍ക്കെതിരേ പരീക്ഷിച്ചതെന്നും മല്‍സരശേഷം യുസ്വേന്ദ്ര ചാഹല്‍ വിശദമാക്കി.

കൊല്‍ക്കത്തയ്‌ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട റോയല്‍സ് കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. അഞ്ചു വിക്കറ്റിനു 217 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ നേടാന്‍ അവര്‍ക്കു സാധിച്ചു. സീസണിലെ രണ്ടാം സെഞ്ച്വറി നേടിയ റോയല്‍സിന്റെ ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലറാണ് (103) ടീമിനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. വെറും 61 ബോളില്‍ ഒമ്പതു ബൗണ്ടറികളും അഞ്ചു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. നായകന്‍ സഞ്ജു സാംസണ്‍ 38 റണ്‍സെടുത്തു പുറത്തായി. 19 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (26*), ദേവ്ദത്ത് പടിക്കല്‍ (24) എന്നിവരും മോശമല്ലാത്ത സംഭാവന നല്‍കി. ഓപ്പണിങ് വിക്കറ്റില്‍ ബട്‌ലര്‍- ദേവ്ദത്ത് സഖ്യം 97ഉം രണ്ടാം വിക്കറ്റില്‍ ബട്‌ലര്‍- സഞ്ജു ജോടി 67ഉം റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.

റണ്‍ചേസില്‍ നായകന്റെ ഇന്നിങ്‌സുമായി ശ്രേയസ് അയ്യര്‍ മുന്നില്‍ നിന്നു നയിച്ചെങ്കിലും രണ്ടു ബോള്‍ ബാക്കിനില്‍ക്കെ 210 റണ്‍സിനു കൊല്‍ക്കത്ത ഓള്‍ഔട്ടായി. ശ്രേയസ് 85 റണ്‍സുമായി ടീമിന്റെ അമരക്കാരനായി. 51 ബോളില്‍ ഏഴു ബൗണ്ടറികളും നാലു സിക്‌സറും അദ്ദേഹമടിച്ചു. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും (58) കെകെആറിനായി ഫിഫ്റ്റി സ്‌കോര്‍ ചെയ്തു. 28 ബോൡ ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.


Click it and Unblock the Notifications