
നൂര്‍ അഹമ്മദ് (ഗുജറാത്ത് ടൈറ്റന്‍സ്)
അഫ്ഗാനിസ്താനില്‍ നിന്നുള്ള അടുത്ത സ്പിന്‍ സെന്‍സേഷനാവാന്‍ തയ്യാറെടുക്കുകയാണ് യുവ താരം നൂര്‍ അഹമ്മദ്. ഇടംകൈയന്‍ റിസ്റ്റ് സ്പിന്നറായ നൂറിനെ പുതിയ ഫ്രാഞ്ചൈസ്ിയായ ഗുജറാത്ത് ടൈറ്റന്‍സാണ് സ്വന്തമാക്കിയിരിക്കുന്നത്. താരത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം കൂടിയായിരിക്കും ഈ സീസണിലേത്. മെഗാ ലേലത്തില്‍ അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് നൂറിനെ ടൈറ്റന്‍സ് സ്വന്തമാക്കിയത്.

ഇതോടെ തന്റെ നാട്ടുകാരന്‍ കൂടിയായ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനോടൊപ്പം കളിക്കാനുള്ള അവസരവും താരത്തിനു ലഭിച്ചിരിക്കുകയാണ്. ലേലത്തിനു മുമ്പ് തന്നെ ടൈറ്റന്‍സ് തങ്ങളുടെ ടീമിലേക്കു കൊണ്ടു വന്ന താരമാണ് റാഷിദ്.
17 കാരനായ നൂറിന് ഐപിഎല്ലില്‍ ഇതു കന്നി ഊഴമാണെങ്കിലും ബിഗ് ബാഷ് ലീഗ്, പാകിസ്താന്‍ സൂപ്പര്‍ ലീഗ്, ലങ്ക പ്രീമിയര്‍ ലീഗ് എന്നിവയില്‍ കളിച്ചുകഴിഞ്ഞു. കഴിഞ്ഞ മാസം നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ അഫ്ഗാനിസ്താന്‍ ടീമിന്റെ ഭാഗമായിരുന്ന താരം ശ്രദ്ധേയമായ പ്രകടനവും കാഴ്ചവച്ചിരുന്നു. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും നൂര്‍ മോശമല്ലാത്ത സംഭാവനകള്‍ നല്‍കിയിരുന്നു.

ബെന്നി ഹോവെല്‍ (പഞ്ചാബ് കിങ്‌സ്)
പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 10 വര്‍ഷത്തിലേറേ നീണ്ട അനുഭവസമ്പത്തുമായി ഐപിഎല്ലിലെത്തിയ താരമാണ് ബെന്നി ഹോവെല്‍. പഞ്ചാബ് കിങ്‌സാണ് ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ കൂടിയായ ഹോവെലിനെ സ്വന്തമാക്കിയിരിക്കുന്നത്. ബൗളിങിലെ വേരിയേഷനുകളും അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനുള്ള ശേഷിയും താരത്തെ അപകടകാരിയാക്കുന്നു. ബൗളിങില്‍ 14 വേരിയേഷനുകള്‍ തന്റെ പക്കലുണ്ടെന്നാണ് ഹോവെല്‍ സ്വയം അവകാശപ്പെടുന്നത്. അതുകൊണ്ടു തന്നെ ഒരു ബാറ്ററെ സംബന്ധിച്ച് അദ്ദേഹത്തെ നേരിടുകയെന്നത് വലിയ വെല്ലുവിളി തന്നെയായിരിക്കുമെന്നുറപ്പാണ്.

ലേലത്തില്‍ 40 ലക്ഷം രൂപയ്ക്കാണ് ഹോവെലിനെ പഞ്ചാബ് കിങ്‌സ് തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നത്. പുതുതായി ടീമിലെത്തിയ വെസ്റ്റ് ഇന്‍ഡീസ് താരം ഒഡെയ്ന്‍ സ്മിത്തിന്റെ ബാക്കപ്പായിട്ടാവും അദ്ദേഹത്തെ പഞ്ചാബ് കണ്ടുവച്ചിരിക്കുന്നത്. എങ്കിലും ബൗളിങിലെ വൈവിധ്യം ഹോവെലിനു കൂടുതല്‍ അവസരങ്ങള്‍ക്കു വഴിയൊരുക്കിയേക്കും.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി അരങ്ങേറാന്‍ അദ്ദേഹത്തിനു ഇനിയും അവസരം ലഭിച്ചിട്ടില്ല. ഐപിഎല്ലില്‍ ഇതാദ്യമാണെങ്കിലും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, അബുദാബി ടി10 ലീഗ്, ദി ഹണ്ട്രഡ് എന്നിവയില്‍ ഹോവെല്‍ കളിച്ചിട്ടുണ്ട്. ഈ സീസണിലെ ഐപിഎല്ലില്‍ പഞ്ചാബിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തിയാല്‍ അതു ഹോവെലിനു ഇംഗ്ലണ്ട് ടീമിലേക്കും അവസരം തുറക്കുമെന്നുറപ്പാണ്.

ഡെവാള്‍ഡ് ബ്രെവിസ് (മുംബൈ ഇന്ത്യന്‍സ്)
സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്റെ പിന്‍ഗാമിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് ഓള്‍റൗണ്ടര്‍ കൂടിയായ ഡെവാള്‍ഡ് ബ്രെവിസ്. എബിഡിയുടെ ബാറ്റിങുമായുള്ള അദ്ഭുതപ്പെടുത്തുന്ന സാമ്യം കാരണം ജൂനിയര്‍ എബിയെന്ന വിളിപ്പേരും താരത്തിനു ലഭിച്ചുകഴിഞ്ഞു. ഐപിഎല്‍ മെഗാ ലേലത്തില്‍ വലിയ ഡിമാന്റാണ് സീനിയര്‍ ടീമിനായി ഇനിയും അരങ്ങേറിയിട്ടില്ലാത്ത ബ്രെവിസിനു വേണ്ടി കണ്ടത്.

ഒടുവില്‍ മൂന്നു കോടി രൂപയ്ക്കു മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈ ഇന്ത്യന്‍സ് അഹേത്തെ കൈക്കലാക്കുകയായിരുന്നു. നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും ബ്രെവിസിനായി രംഗത്തുണ്ടായിരുന്നെങ്കിലും അന്തിമ വിജയം മുംബൈയ്‌ക്കൊപ്പമായിരുന്നു.
ഭാവി മുന്നില്‍ കണ്ടാണ് ബ്രെവിസിനെ മുംബൈ ടീമിലേക്കു കൊണ്ടു വന്നതെന്നു വ്യക്തമാണ്. ക്ലിക്കായാല്‍ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സൈനിങുകളിലൊന്നായി ഇതു മാറും. അടുത്തിടെ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ സൗത്താഫ്രിക്കയ്ക്കായി റണ്‍മഴ പെയിച്ച ബ്രെവിസ് ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു.


Click it and Unblock the Notifications