
ദേവ്ദത്ത്, റാണ (ബാറ്റര്‍മാര്‍)
ബാറ്റര്‍മാരായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരിഗണിക്കേണ്ടത് ഇന്ത്യയുടെ യുവ ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍, മറ്റൊരു ഇന്ത്യന്‍ താരമായ നിതീഷ് റാണ എന്നിവരെയാണ്. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവരെ കൈവിട്ടതിനാല്‍ ഹൈദരാബാദിന് പുതിയ ഓപ്പണര്‍മാരെ വേണം. ഇക്കൂട്ടത്തിലൊരാളായി അവര്‍ക്കു നോട്ടമിടാവുന്ന താരമാണ് ദേവ്ദത്ത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ ഓപ്പണര്‍ കൂടിയായ താരം കഴിഞ്ഞ രണ്ടു സീസണുകളിലും ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തിരുന്നു. 850ന് മുകളില്‍ റണ്‍സ് ദേവ്ദത്ത് രണ്ടു സീസണിലായി നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയുമുള്‍പ്പെടുന്നു.

റാണയെ മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡ്‌ഴസിനൊപ്പമാണ് കഴിഞ്ഞ സീസണില്‍ കണ്ടത്. അതിനുമുമ്പ് മുംബൈ ഇന്ത്യന്‍സിനൊപ്പവും താരമുണ്ടായിരുന്നു. കെകെആറിനു വേണ്ടി ചില മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള റാണ പരിചയസമ്പത്തുള്ള ബാറ്റര്‍ കൂടിയാണ്. 77 മല്‍സരങ്ങളില്‍ നിന്നും 1820 റണ്‍സ് താരം നേടിയിട്ടുണ്ട്. 13 ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്‍പ്പെടെയാണിത്. 87 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

മാര്‍ഷ്, ഹെന്റിക്വസ് (ഓള്‍റൗണ്ടര്‍മാര്‍)
ഓള്‍റൗണ്ടര്‍മാരായി ഓസ്‌ട്രേലിയന്‍ ജോടികളായ മിച്ചെല്‍ മാര്‍ഷ്, മോയ്‌സസ് ഹെന്റിക്വസ് എന്നിവരെ ഹൈദരാബാദിനു ടീമിലെത്തിക്കാവുന്നതാണ്. കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനൊപ്പമുണ്ടായിരുന്ന താരം കൂടിയാണ് അദ്ദേഹം. പക്ഷെ പരിക്കു കാരണം വളരെ പെട്ടെന്നു പിന്‍മാറേണ്ടി വന്നു. ഇതുവരെ 21 മല്‍സരങ്ങളില്‍ നിന്നും 225 റണ്‍സും 20 വിക്കറ്റുകളുമാണ് മാര്‍ഷ് നേടിയത്. കഴിഞ്ഞ ബിബിഎല്ലിലും ടി20 ലോകകപ്പിലുമൊക്കെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കാന്‍ മാര്‍ഷിനായിരുന്നു.

ബിഗ് ബാഷ് ലീഗില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുള്ള താരമാണ് ഹെന്റിക്വസ്. ഐപിഎല്ലില്‍ 62 മല്‍സരങ്ങളില്‍ നിന്നും 1000 റണ്‍സും 42 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. സ്പിന്നിനെ തുണയ്ക്കാത്ത പിച്ചില്‍ നാലാം ബൗളറായി ഏതു ടീമിനും ആശ്രയിക്കാവുന്ന താരം കൂടിയാണ് അദ്ദേഹം. ടി20യില്‍ 8.14 ആണ് ഹെന്റിക്വസിന്റെ ഇക്കോണമി റേറ്റ്.

പൂരന്‍, ഭരത് (വിക്കറ്റ് കീപ്പര്‍മാര്‍)
വിക്കറ്റ് കീപ്പര്‍മാരായി വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം കൂടിയായ നിക്കോളാസ് പൂരന്‍, ഇന്ത്യന്‍ താരം കെഎസ് ഭരത് എന്നിവരാണ് ലേലത്തില്‍ ഹൈദരാബാദ് നോട്ടമിടേണ്ടത്. പഞ്ചാബ് കിങ്‌ലിനൊപ്പമായിരുന്നു കഴിഞ്ഞ സീസണ്‍ വരെ പൂരന്‍. ഐപിഎല്ലില്‍ 33 മല്‍സരങ്ങളില്‍ നിന്നും 606 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 66 സിക്‌സറുകള്‍ പൂരന്റെ പേരിലുണ്ട്. 2019 മുതല്‍ കളിച്ച എല്ലാ ടി20കളുമെടുത്താല്‍ 198 സിക്‌സറുകളാണ് താരം വാരിക്കൂട്ടിയത്. കൂടാതെ 154.99 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും പൂരനുണ്ട്.

കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു കെഎസ് ഭരത്. സീസണില്‍ ചില ശ്രദ്ധമായ പ്രകടനങ്ങള്‍ നടത്തിയിട്ടും ആര്‍സിബി അദ്ദേഹത്തെ നിലനിര്‍ത്തിയില്ല. ഐപിഎല്ലില്‍ വെറും എട്ടു മല്‍സരങ്ങളിലാണ് ഭരത് കളിച്ചത്. ഇവയില്‍ നിന്നും 122.44 സ്‌ട്രൈക്ക് റേറ്റോടെ 191 റണ്‍സ് നേടുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 92.50 ശരാശരിയില്‍ 370 റണ്‍സ് ഭരത് സ്‌കോര്‍ ചെയ്തിരുന്നു. തുടര്‍ച്ചയായ രണ്ടു സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു.

ലോക്കി, റബാഡ, തീക്ഷണ, ചാഹല്‍, ശര്‍ദ്ദുല്‍
ബൗളര്‍മാരായി ഹൈദരാബാദ് ലേലത്തില്‍ വാങ്ങിക്കാന്‍ ശ്രമിക്കേണ്ടവര്‍ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ലോക്കി ഫെര്‍ഗൂസന്‍, സൗത്താഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ, ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണ, ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍, പേസര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരെയാണ്.
140 പ്ലസ് വേഗത്തില്‍ ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള ബൗളറാണ് ഫെര്‍ഗൂസന്‍. കഴിഞ്ഞ സീസണില്‍ അദ്ദേഹം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഭാഹമായിരുന്നു. 22 മല്‍സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളാണ് ഫെര്‍ഗൂസന്‍ നേടിയത്.

സൗത്താഫ്രിക്കയുടെ റബാഡയുടെ മിടുക്കിനെക്കുറിച്ച് ആര്‍ക്കും സംശയം കാണില്ല. കഴിഞ്ഞ സീസണ്‍ വരെ അദ്ദേഹം ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമുണ്ടായിരുന്നു. 50 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നും 76 വിക്കറ്റുകള്‍ റബാഡ വീഴ്ത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടിയും ഉജ്ജ്വല പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. സ്പിന്നര്‍ തീക്ഷണ ലങ്കന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി മാറിക്കൊണ്ടിരിക്കുന്ന താരമാണ്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ റിസര്‍വ് ബൗളര്‍മാരുടെ കൂട്ടത്തില്‍ അദ്ദേഹമുണ്ടായിരുന്നു.

റാഷിദ് ഖാന്‍ ടീം വിട്ടതിനാല്‍ മികച്ചൊരു സ്പിന്നറെ ഹൈദരാബാദിന് ആവശ്യമുണ്ട്. ഈ അഭാവം നികത്താന്‍ ശേഷിയുള്ള താരമാണ് ചാഹല്‍. ടീമിലെ നിര്‍ണായകതാരമായിട്ടും ആര്‍സിബി അദ്ദേഹത്തെ നിലനിര്‍ത്താതിരുന്നത് വലിയ ഷോക്ക് തന്നെയായിരുന്നു. 114 മല്‍സരങ്ങളില്‍ നിന്നായി 139 വിക്കറ്റുകള്‍ നേടിയ ബൗളറാണ് ചാഹല്‍.

ശര്‍ദ്ദുല്‍ ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ഹൈദരാബാദിന് ആശ്രയിക്കാവുന്ന താരമാണ്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു അദ്ദേഹം. 21 വിക്കറ്റുകളുമായി കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ വിക്കറ്റ് വേട്ടക്കാരനായിരുന്നു ശര്‍ദ്ദുല്‍. 61 മല്‍സരങ്ങളില്‍ നിന്നും 67 വിക്കറ്റുകളാണ് അദ്ദേഹം ഇതുവരെ നേടിയത്.


Click it and Unblock the Notifications











