IPL 2022: ഡല്‍ഹിയില്‍ വാര്‍ണര്‍ക്ക് 'രണ്ടാമൂഴം', പഴയ തട്ടകം, ആദ്യം കളിച്ചപ്പോഴുള്ള പ്രകടനം ഇതാ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ മെഗാ ലേലത്തില്‍ ഡേവിഡ് വാര്‍ണര്‍ പ്രതിഫലത്തില്‍ റെക്കോഡ് ഇടുമെന്ന് കരുതിയിരുന്നെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സ് എന്നീ പ്രമുഖര്‍ തുടക്കത്തിലേ വാര്‍ണര്‍ക്കായി രംഗത്തെത്തിയതോട വലിയ പ്രതിഫലം പ്രതീക്ഷിക്കപ്പെട്ടെങ്കിലും വാര്‍ണറെ 6.25 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്. ഇത് രണ്ടാം തവണയാണ് വാര്‍ണറെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കുന്നത്. നേരത്തെ ഡല്‍ഹിയുടെ പേര് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നായിരുന്ന സമയത്ത് ടീമിന്റെ ഭാഗമായിരുന്നു വാര്‍ണര്‍.
പിന്നീട് ഡല്‍ഹി വിട്ടാണ് വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തുകയും നായകനാവുകയും 2016ല്‍ ടീമിനെ കിരീടത്തിലെത്തിക്കുകയും ചെയ്തത്. ഡല്‍ഹിയില്‍ വാര്‍ണര്‍ക്ക് രണ്ടാമൂഴമാണ്. പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ നായകസ്ഥാനം ലഭിക്കില്ലെന്നുറപ്പ്. കാരണം നായകനായി പൃഥ്വി ഷാ ഡല്‍ഹിയിലുണ്ട്. വാര്‍ണറെ ഡല്‍ഹി ഓപ്പണര്‍ സ്ഥാനത്തേക്കാണ് പരിഗണിക്കുന്നത്. പൃഥ്വി ഷായെ ഓപ്പണറായി നേരത്തെ തന്നെ ഡല്‍ഹി സ്വന്തമാക്കിയിരുന്നു. വാര്‍ണര്‍ എത്തിയതോടെ ഓപ്പണിങ് കൂട്ടുകെട്ട് പൃഥ്വി-വാര്‍ണര്‍ ആയിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

2009-2013വരെയാണ് വാര്‍ണര്‍ ഡല്‍ഹിയുടെ ഭാഗമായിരുന്നത്. ഇക്കാലയളവില്‍ ടീമിനൊപ്പം മികച്ച പ്രകടനം തന്നെ നടത്താന്‍ വാര്‍ണര്‍ക്കായിരുന്നു. ഡല്‍ഹിയുടെ അഞ്ചാമത്തെ റണ്‍വേട്ടക്കാരനാണ് വാര്‍ണര്‍. 28.70 ശരാശരിയില്‍ 1435 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഈ കണക്കുകള്‍ ഡല്‍ഹിക്കും വാര്‍ണര്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണ്. സമീപകാലത്തായി മിന്നും ഫോമിലാണ് വാര്‍ണറുള്ളത്.
2014ലാണ് വാര്‍ണര്‍ ഹൈദരാബാദിലെത്തിയത്. 87 മത്സരത്തില്‍ നിന്ന് 3819 റണ്‍സും നേടി. 52.31 എന്ന ഉയര്‍ന്ന ശരാശരിയും വാര്‍ണര്‍ക്കുണ്ട്. രണ്ട് സെഞ്ച്വറിയും 38 അര്‍ധ സെഞ്ച്വറിയും ഹൈദരാബാദിനൊപ്പമാണ് വാര്‍ണര്‍ നേടിയത്. ഐപിഎല്ലില്‍ ആദ്യമായി 50 അര്‍ധ സെഞ്ച്വറി നേടിയ താരമാണ് വാര്‍ണര്‍. കൂടാതെ ഐപിഎല്ലില്‍ മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടിയ ഏക താരവും വാര്‍ണറാണ്.

2015ല്‍ 562 റണ്‍സുമായി ഈ നേട്ടത്തിലെത്തിയ വാര്‍ണര്‍ 2017ല്‍ 641 റണ്‍സുമായാണ് ഓറഞ്ച് ക്യാപ് നേടിയത്. 2019ല്‍ 692 റണ്‍സ് നേടിയാണ് മൂന്നാം ഓറഞ്ച് ക്യാപ് അദ്ദേഹം നേടിയത്. അവസാന സീസണില്‍ ഹൈദരാബാദിനൊപ്പം അദ്ദേഹം നിരാശപ്പെടുത്തിയിരുന്നു. ടീം മാനേജ്‌മെന്റുമായുള്ള ഉടക്കിനെത്തുടര്‍ന്നാണ് വാര്‍ണര്‍ ഹൈദരാബാദ് വിട്ടത്. ഇത്തവണ ഡല്‍ഹിയിലേക്കെത്തുമ്പോള്‍ പഴയ മികവിലേക്ക് വാര്‍ണര്‍ തിരിച്ചെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

റിക്കി പോണ്ടിങ്ങാണ് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍. വാര്‍ണറെ നന്നായി അറിയാവുന്ന പോണ്ടിങ്ങിന്റെ നിര്‍ദേശമാണ് വാര്‍ണറെ ഡല്‍ഹിയിലേക്കെത്തിച്ചതെന്ന് പറയാം. മെഗാ ലേലത്തിന് മുമ്പ് കൈവിട്ട ശിഖര്‍ ധവാനിലാണ് ഡല്‍ഹി കൂടുതല്‍ താല്‍പര്യം കാട്ടിയത്. തുടക്കം മുതല്‍ വലിയ പ്രതിഫലം അദ്ദേഹത്തിനായി ഓഫര്‍ ചെയ്യുകയും ചെയ്‌തെങ്കിലും പോരാട്ടം മുറുകിയതോടെ ഡല്‍ഹിക്ക് പിന്‍വലിയേണ്ടി വരികയായിരുന്നു. 8.25 കോടിക്ക് പഞ്ചാബ് കിങ്‌സാണ് ധവാനെ സ്വന്തമാക്കിയത്. ധവാനെ ലഭിക്കാതെ വന്നതോടെയാണ് മറ്റൊരു ഇടം കൈയന്‍ ഓപ്പണറായ വാര്‍ണര്‍ക്കായി ഡല്‍ഹി സജീവമായി രംഗത്തെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications