IPL 2022: യേസ് ഓര്‍ നോ- വില്ലനായി ഫിറ്റ്നസ്, ഇവരുടെ കാര്യത്തില്‍ ടീമുകള്‍ക്ക് ഉറക്കമില്ല
ഐപിഎല്ലിന്റെ 15ാം സീസണ്‍ 26ന് തുടങ്ങാനിരിക്കുകയാണ്. നാലു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും രണ്ടു തവണ കപ്പുയര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലാണ് മുംബൈയിലെ വാംഖഡെയില്‍ വച്ച് കൊമ്പുകോര്‍ക്കുന്നത്. ലീഗ് ഘട്ടത്തില്‍ 70 മല്‍സരങ്ങളുണ്ടായിരിക്കും. മുംബൈയിലെയും പൂനെയിലെയും നാലു സ്റ്റേഡിയങ്ങളിലായിട്ടാണ് ലീഗ് മല്‍സരങ്ങള്‍ നടക്കുന്നത്.
ടൂര്‍ണമെന്റിനു മുമ്പ് ചില ഫ്രാഞ്ചൈസികളെ സംബന്ധിച്ച് വലിയൊരു ആശങ്കയുണ്ട്. അവരുടെ ടീമിലെ ഒരു പ്രധാന താരത്തിന്റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ടാണിത്. പരിക്കേറ്റു വിശ്രമിക്കുന്ന ഇവര്‍ക്ക് എപ്പാഴായിരിക്കും കളിക്കാന്‍ സാധിക്കുകയെന്നതാണ് ഫ്രാഞ്ചൈസികളെ അലട്ടുന്ന ചോദ്യം. ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ദീപക് ചാഹര്‍
നിലവിലെ ജേതാക്കള്‍ കൂടിയായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്വിങ് ബൗളിങ് സ്‌പെഷ്യലിസ്റ്റ് ദീപക് ചാഹര്‍ പരിക്കേറ്റു വിശ്രമത്തിലാണ്. 14 കോടി രൂപയ്ക്കു മെഗാ ലേലത്തില്‍ ടീമിലേക്കു തിരികെ കൊണ്ടു വന്ന ചാഹറിന്റെ സേവനം സീസണിന്റെ ആദ്യ പകുതിയില്‍ സിഎസ്‌കെയ്ക്കു ലഭിക്കാനിടയില്ല. രണ്ടാം ഘട്ട മല്‍സരങ്ങളിലെങ്കിലും താരം കളിക്കുമെന്ന പ്രതീക്ഷയിലാണ് സിഎസ്‌കെ. പക്ഷെ അക്കാര്യത്തിലും ഇപ്പോള്‍ ഉറപ്പില്ലെന്നതാണ് യാഥാര്‍ഥ്യം.

2018 മുതല്‍ സിഎസ്‌കെയിലുള്ള ചാഹര്‍ ടീമിന്റെ ഏറ്റവും മികച്ച പവര്‍പ്ലേ ബൗളര്‍ കൂടിയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ കഴിഞ്ഞ മാസം നടന്ന ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിലാണ് ബൗളിങിനിടെ താരത്തിനു സാരമായി പരിക്കേറ്റത്. ആറ് മുതല്‍ എട്ടാഴ്ച വരെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

റുതുരാജ് ഗെയ്ക്വാദ്
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തന്നെ മറ്റൊരു സ്റ്റാര്‍ പ്ലെയറാണ് യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ്. ടൂര്‍ണമെന്റിന്റെ തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ അദ്ദേഹത്തിനു കളിക്കാനാവുമോയെന്ന കാര്യം സംശയമാണ്. റുതുരാജിന്റെ അഭാവം സിഎസ്‌കെയെ സംബന്ധിച്ച് വലിയ ക്ഷീണം തന്നെയായിരിക്കും. കഴിഞ്ഞ സീസണില്‍ 635 റണ്‍സുമായി ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ താരമാണ് അദ്ദേഹം.

വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ടി20 പരമ്പരയിലെ ഒരു മല്‍സരത്തില്‍ റുതുരാജ് കളിച്ചിരുന്നു. പക്ഷെ കൈക്കുഴയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ശ്രീലങ്കയുമായുള്ള ടി20 പരമ്പരയിലെ മുഴുവന്‍ കളികളും താരത്തിനു നഷ്ടായി. നിലവില്‍ പൂര്‍വ്വസ്ഥിതിയിലേക്കു തിരിച്ചെത്തുന്നതായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് റുതുരാജുള്ളത്.

സൂര്യകുമാര്‍ യാദവ്
മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബാറ്ററും ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്ന് അറിയപ്പെടുന്ന താരവുമായ സൂര്യകുമാര്‍ യാദവും പരിക്കിന്റെ പിടിയിലാണ്. 27ന് നടക്കാനിരിക്കുന്ന മുംബൈയുടെ ആദ്യ മല്‍സരത്തില്‍ സൂര്യക്കു കളിക്കാനാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. പക്ഷെ രണ്ടാമത്തെ കളിയില്‍ അദ്ദേഹം കളിക്കുമോയെന്നത് കാത്തിരുന്നു തന്നെ കാണണം.

വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കിടെയാണ് സൂര്യക്കു പരിക്കേറ്റത്. ഈ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ അദ്ദേഹം പ്ലെയര്‍ ഓഫ് ദി സീരീസാവുകയും ചെയ്തിരുന്നു. പരിക്കു കാരണം ശ്രീലങ്കയുമായുള്ള അടുത്ത ടി20 പരമ്പരയില്‍ സൂര്യക്കു വിട്ടുനില്‍ക്കേണ്ടി വന്നു. ഫീല്‍ഡിങിനിടെയാണ് താരത്തിന്റെ കൈയ്ക്കു പരിക്കേറ്റത്.

മാര്‍ക്ക് വുഡ്
പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ മാര്‍ക്ക് വുഡാണ് പരിക്കേറ്റു വിശ്രമിക്കുന്ന മറ്റൊരു താരം. വെസ്റ്റ് ഇന്‍ഡീസിനെതിരേ ആന്റിഗ്വയില്‍ നടന്ന ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ വുഡ് ബൗള്‍ ചെയ്തിരുന്നു. പക്ഷെ രണ്ടാമിന്നിങ്‌സില്‍ ബൗളിങില്‍ നിന്നു വിട്ടുനിന്നിരുന്നു. വലതു കൈമുട്ടിനേറ്റ പരിക്ക് കാരണമായിരുന്നു ഇത്. തുടര്‍ന്ന് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ നിന്നും വുഡ് പിന്‍മാറുകയും ചെയ്തിരുന്നു.
മെഗാ ലേലത്തില്‍ 7.5 കോടി രൂപയ്ക്കാണ് താരത്തെ ലഖ്‌നൗ വാങ്ങിയത്. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications