
കെ എല്‍ രാഹുല്‍-ക്വിന്റന്‍ ഡീകോക്ക്
കെ എല്‍ രാഹുല്‍ ഓപ്പണിങ്ങില്‍ത്തന്നെ ഇറങ്ങുമെന്ന കാര്യം ഉറപ്പാണ്. രാഹുലിനെപ്പോലെ ഐപിഎല്ലില്‍ സ്ഥിരതയുള്ള മറ്റൊരു താരവുമില്ല. 2018ന് ശേഷം കളിച്ച സീസണിലെല്ലാം 550 ലധികം റണ്‍സ് നേടാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. അവസാന സീസണില്‍ 13 മത്സരത്തില്‍ നിന്ന് 626 റണ്‍സാണ് അദ്ദേഹം നേടിയത്. 62.60 ആയിരുന്നു അദ്ദേഹത്തിന്റെ ശരാശരി. മുംബൈ ഇന്ത്യന്‍സ് കൈവിട്ട ക്വിന്റന്‍ ഡീകോക്ക് രാഹുലിനൊപ്പം ഓപ്പണറാവുമെന്ന് ഉറപ്പാണ്. ഇടം കൈയനായ ഡീകോക്ക് തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാന്‍ മിടുക്കുള്ളവനാണ്. അവസാന സീസണിലും മികച്ച പ്രകടനമാണ് ഡീകോക്ക് നടത്തിയത്.

മനീഷ് പാണ്ഡെ, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്
മൂന്നാം നമ്പറില്‍ മനീഷ് പാണ്ഡെക്കാവും അവസരം ലഭിക്കുക. അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം പ്രതീക്ഷക്കൊത്ത് ഉയരാനാവാത്ത താരത്തെ ലഖ്‌നൗ വിശ്വസിക്കുമെന്ന് തന്നെ കരുതാം. ഗംഭീറിന്റെ പ്രിയപ്പെട്ടവനാണ് മനീഷ് പാണ്ഡെ. ആംഗര്‍ റോളില്‍ നിലയുറപ്പിച്ച് കളിക്കാന്‍ മനീഷ് മിടുക്കനാണ്.
നാലാം നമ്പറില്‍ ദീപക് ഹൂഡക്കാണ് അവസരം ലഭിക്കുക. സ്പിന്‍ ഓള്‍റൗണ്ടറായ ഹൂഡ അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്നു. ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം കുറിച്ച് കഴിഞ്ഞ ഹൂഡ ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. അഞ്ചാം നമ്പറില്‍ മാര്‍ക്കസ് സ്റ്റോയിനിസിനാണ് അവസരം. വെടിക്കെട്ട് ഓള്‍റൗണ്ടറായ സ്‌റ്റോയിനിസ് ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിന് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ളവനാണ്. ബിഗ് ബാഷ് ലീഗില്‍ മികച്ച പ്രകടനം നടത്തിയ സ്‌റ്റോയിനിസ് അവസാന സീസണില്‍ ഡല്‍ഹിയുടെ ഭാഗമായിരുന്നു.

ക്രുണാല്‍ പാണ്ഡ്യ, ജേസന്‍ ഹോള്‍ഡര്‍, കൃഷ്ണപ്പ ഗൗതം
മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന ക്രുണാല്‍ പാണ്ഡ്യയാണ് ആറാം നമ്പറില്‍. മുംബൈക്കൊപ്പം നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ ക്രുണാലിന് സാധിച്ചിട്ടുണ്ട്. 8.25 കോടിക്ക് ടീമിലെത്തിച്ച ക്രുണാലിന് നിര്‍ണ്ണായക റോളുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് ക്രുണാല്‍.
ഏഴാം നമ്പറില്‍ ജേസന്‍ ഹോള്‍ഡര്‍ക്ക് അവസരം ലഭിച്ചേക്കും. സമീപകാലത്തായി മിന്നും ഫോമിലുള്ള ഹോള്‍ഡര്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിന് മുതല്‍ക്കൂട്ടാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമായ ഹോള്‍ഡര്‍ ഡെത്ത് ഓവറുകളില്‍ നിര്‍ണ്ണായക റണ്‍സ് ടീമിന് സമ്മാനിക്കും. പേസറായ താരം ഡെത്ത് ഓവറില്‍ പന്തുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്.
എട്ടാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതമെത്തും. അവസാന സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പമായിരുന്നെങ്കിലും വലിയ അവസരം ലഭിച്ചില്ല. രാജസ്ഥാനൊപ്പം മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടുള്ള താരമാണ് സ്പിന്‍ ഓള്‍റൗണ്ടറായ കൃഷ്ണപ്പ ഗൗതം.

രവി ബിഷ്‌നോയ്, മാര്‍ക്ക് വുഡ്, ആവേഷ് ഖാന്‍
സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി രവി ബിഷ്‌നോയി ഒമ്പതാം നമ്പറിലുണ്ടാവും. 23 മത്സരം കളിച്ചിട്ട് 24 വിക്കറ്റാണ് ബിഷ്‌നോയ് നേടിയത്. അതും 6.96 എന്ന മികച്ച ഇക്കോണമിയില്‍. മെഗാ ലേലത്തിന് മുമ്പ് തന്നെ ബിഷ്‌നോയിയെ ലഖ്‌നൗ സ്വന്തമാക്കിയിരുന്നു. 10ാം നമ്പറില്‍ മാര്‍ക്ക് വുഡിനാണ് അവസരം ലഭിക്കാന്‍ സാധ്യത. ഇംഗ്ലണ്ട് പേസര്‍ ടി20യില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. 11ാമനായി ആവേഷ് ഖാനാവും ടീമിലുണ്ടാവുക. ഡല്‍ഹിക്കൊപ്പം അവസാന സീസണില്‍ മിന്നും പ്രകടനമാണ് ആവേഷ് നടത്തിയത്.


Click it and Unblock the Notifications












