IPL 2022: വാര്‍ണര്‍ വരുന്നു, കരുത്തോടെ ഡല്‍ഹി- ലഖ്‌നൗ x ഡിസി മാച്ച് പ്രിവ്യു
മുംബൈ: ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്താനുറച്ച് റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇറങ്ങുന്നു. വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന മല്‍സരത്തില്‍ കെഎല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഡിസിയുടെ എതിരാളികള്‍. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്ത് ഫിനിഷ് ചെയ്ത ഡിസിയുടെ ഇത്തവണത്തെ തുടക്കം അത്ര മികച്ചതല്ല. രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ച അവര്‍ മറ്റൊന്നില്‍ തോല്‍ക്കുകയും ചെയ്തു.
ലഖ്‌നൗവിനു ഇതു നാലാംറൗണ്ട് പോരാട്ടമാണ്. ഈ സീസണില്‍ അരങ്ങറിയ ലഖ്‌നൗ തോല്‍വിയോടെയായിരുന്നു തുടങ്ങിയത്. എന്നാല്‍ അടുത്ത രണ്ടു മല്‍സരങ്ങളും ജയിച്ച് അവര്‍ ശക്തമായി തിരിച്ചുവന്നു. ഹാട്രിക് വിജയം തേടിയാണ് ലഖ്‌നൗ ഡിസിയുമായി കൊമ്പുകോര്‍ക്കുന്നത്. രാത്രി 7.30ന് തുടങ്ങുന്ന മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും തല്‍സമയം സംപ്രേക്ഷണം ചെയ്യും.

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ തിരിച്ചെത്തുന്നത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാംപിനെ ആവേശത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അദ്ദേഹത്തിന്റെ സേവനം ഡിസിക്കു ലഭിച്ചിരുന്നില്ല. വാര്‍ണറും പൃഥ്വി ഷായുമായിരിക്കും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഡിസിക്കായി ഓപ്പണ്‍ ചെയ്യുക. ഡിസിയില്‍ വാര്‍ണറുടെ രണ്ടാമത്തെ അരങ്ങേറ്റം കൂടിയായിരിക്കും വ്യാഴാഴ്ചത്തെ കളിയിലേത്.
നേരത്തേ ഡല്‍ഹിക്കൊപ്പമായിരുന്നു അദ്ദേഹം ഐപിഎല്‍ കരിയര്‍ തുടങ്ങിയത്. പിന്നീട് ദീര്‍ഘകാലം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു. ഓറഞ്ച് ആര്‍മിയെ ഒരു തവണ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനും കൂടിയാണ് വാര്‍ണര്‍.

ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നാലു വിക്കറ്റിനു തോല്‍പ്പിച്ചുകൊണ്ടാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് തുടങ്ങിയത്. ആവേശകരമായ റണ്‍ചേസിനൊടുവിലായിരുന്നു ഡിസിയുടെ വിജയം. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ഡിഡി ഡെത്ത് ഓവറുകളില്‍ ആഞ്ഞടിച്ച് മുംബൈയില്‍ നിന്നും മല്‍സരം തട്ടിയെടുക്കുകയായിരുന്നു. പക്ഷെ രണ്ടാമത്തെ മല്‍സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനോടു പരാജയപ്പെട്ടു. 14 റണ്‍സിനായിരുന്നു ഡിസിയുടെ തോല്‍വി.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യ മല്‍സരത്തില്‍ അഞ്ചു വിക്കറ്റിനായിരുന്നു ഗുജറാത്ത് ടൈറ്റന്‍സിനോടു തോല്‍വി സമ്മതിച്ചത്. എന്നാല്‍ രണ്ടാമങ്കത്തില്‍ അവര്‍ അവിശ്വസനീയ റണ്‍ചേസ് നടത്തി ജയിച്ചുകയറി. 211 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് വെറും നാലു വിക്കറ്റിനു ലഖ്‌നൗ നേടിയെടുത്തത്. മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഇത്. മൂന്നാം റൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 12 റണ്‍സിനും ലഖ്‌നൗ തോല്‍പ്പിച്ചു.
നാവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മല്‍സരം. ഇവിടെ ഈ സീസണില്‍ ഇതുവരെ നടന്ന നാലു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീമും രണ്ടെണ്ണത്തില്‍ രണ്ടാമത് ബാറ്റ് ചെയ്തവരുമാണ് വിജയിച്ചിട്ടുള്ളത്. അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ മഞ്ഞുവീഴ്ച അത്ര വലിയ ഘടകമായിരുന്നില്ല. എങ്കിലും ഡല്‍ഹി- ലഖ്‌നൗ പോരാട്ടത്തില്‍ ടോസ് ലഭിക്കുന്ന ക്യാപ്റ്റന്‍ ബൗളിങ് തന്നെ തിരഞ്ഞെടുക്കാനാണ് സാധ്യത.

സാധ്യതാ ഇലവന്‍
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മന്‍ദീപ് സിങ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലളിത് യാദവ്, റോമന്‍ പവെല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, എവിന്‍ ലൂയിസ്, ദീപക് ഹൂഡ, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, ജാസണ്‍ ഹോള്‍ഡര്‍, ആന്‍ഡ്രു ടൈ, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications