Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പഞ്ചാബിനെ പഞ്ഞിക്കിട്ട് ഡിസി, ഏകപക്ഷീയ വിജയം

1

മുംബൈ: ഐപിഎല്ലില്‍ ഈ സീസണിലെ തികച്ചും ഏകപക്ഷീയമായ മല്‍സരങ്ങളിലൊന്നില്‍ പഞ്ചാബ് കിങ്‌സിനെ പഞ്ചറാക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. തുടക്കം മുതല്‍ ഒടുക്കം വരെ ആധിപത്യം പുലര്‍ത്തിയ ഡിസി ഒമ്പതു വിക്കറ്റിന്റെ മിന്നുന്ന വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 115 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഡിസിയുടെ വിജയമുറപ്പായിരുന്നു. റണ്‍റേറ്റ് മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഡിസി അതിവേഗം വിജയത്തിലേക്കു കുതിച്ചെത്തുകയായിരുന്നു. വെറും 10.3 ഓവറില്‍ ഒരു വിക്കറ്റിനു ഡിസി വിജയറണ്‍സ് കുറിക്കുകയായിരുന്നു. ഡേവിഡ് വാര്‍ണറുടെ (60*) ഇന്നിങ്‌സാണ് ഡിസിയുടെ വിജയം അനാസമാക്കിയത്. പൃഥ്വി ഷാ 41 റണ്‍സുമെടുത്തു.

ഓപ്പണിങ് വിക്കറ്റില്‍ ഡേവിഡ് വാര്‍ണര്‍- പൃഥ്വി ഷാ ജോടി ഏഴോവറില്‍ 83 റണ്‍സ് അടിച്ചപ്പോള്‍ തന്നെ മല്‍സരം പഞ്ചാബില്‍ നിന്നും വഴുതിപ്പോയിരുന്നു. പിന്നെയെല്ലാം ചടങ്ങ് മാത്രമായിരുന്നു. 30 ബോളില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് വാര്‍ണര്‍ ടീമിന്റെ അമരക്കാരനായത്. വീണ്ടുമൊരു തീപ്പൊരി ഇന്നിങ്‌സ് കളിച്ച പൃഥ്വി ഷാ 20 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 41 റണ്‍സ് വാരിക്കൂട്ടിയത്. പൃഥ്വി പുറത്തായ ശേഷം വാര്‍ണറും സര്‍ഫറാസ് ഖാനും (12*) ചേര്‍ന്ന് ഡിസിയുടെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.

4

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട പഞ്ചാബിനു ഡിസിയുടെ ഉജ്ജ്വല ബൗളിങിനെതിരേ പിടിച്ചുനില്‍ക്കാനായില്ല. 20 ഓവറില്‍ വെറും 115 റണ്‍സിനു പഞ്ചാബ് ഓള്‍ഔട്ടാവുകയായിരുന്നു. തണുപ്പന്‍ മല്‍സരത്തില്‍ പഞ്ചാബ് നിരയില്‍ 30 പ്ലസ് സ്‌കോര്‍ ചെയ്തത് ഒരാള്‍ മാത്രമാണ്, 32 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 23 ബോളില്‍ അഞ്ചു ബൗണ്ടറികള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (24), ഷാരൂഖ് ഖാന്‍ (12), രാഹുല്‍ ചാഹര്‍ (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. പഞ്ചാബിന്റെ ആദ്യ സിക്‌സര്‍ വന്നത് 17ാം ഓവറിലായിരുന്നു. രാഹുല്‍ ചാഹറിന്റെ വകയായിരുന്നു ഇത്.

2

ശിഖര്‍ ധവാന്‍ (9), ജോണി ബെയര്‍സ്‌റ്റോ (9), ലിയാം ലിവിങ്‌സ്റ്റണ്‍ (2), കാഗിസോ റബാഡ (2), നതാന്‍ എല്ലിസ് (0), അര്‍ഷ്ദീപ് സിങ് (9) എന്നിവരെല്ലാം വന്നതും പോയതും പെട്ടെന്നായിരുന്നു. ഡല്‍ഹിക്കു വേണ്ടി ഖലീല്‍ അഹമ്മദ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ലളിത് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.ശക്തമായ ബാറ്റിങ് ലൈനപ്പുള്ള പഞ്ചാബ് വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ പടുത്തുയുര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഡിസിയുടെ ഉജ്ജ്വല ബൗളിങിനു മുന്നില്‍ തുടക്കം മുതല്‍ പഞ്ചാബ് പ്രതിരോധത്തിലായി. മികച്ച കൂട്ടുകെട്ടുകളൊന്നും പഞ്ചാബ് ഇന്നിങ്‌സില്‍ ഇല്ലായിരുന്നു.

പവര്‍പ്ലയില്‍ തന്നെ പഞ്ചാബിനു മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ മായങ്ക്- ധവാന്‍ ജോടി 33 റണ്‍സെടുത്തിരുന്നു. എന്നാല്‍ ധവാന്‍ പുറത്തായതോടെ പഞ്ചാബിനു വിക്കറ്റുകള്‍ തുടരെ നഷ്ടമായിക്കൊണ്ടിരുന്നു. നാലിന് 54ലേക്കും 15 ഓവറിനുള്ളില്‍ എട്ടിനു 92ലേക്കും പഞ്ചാബ് കൂപ്പുകുത്തി. ധവാനെ ലളിത് യാദവ് റിഷഭിനു സമ്മാനിക്കുകയായിരുന്നു. രണ്ടു റണ്‍സ് കൂടി നേടുമ്പോഴേക്കും മായങ്കിനെ മുസ്തഫിസുര്‍ ബൗള്‍ഡാക്കി.

3

ടീം സ്‌കോര്‍ 46ല്‍ ലിവിങ്‌സ്റ്റ്ണ്‍ സ്റ്റംപ് ചെയ്യപ്പെട്ടപ്പോള്‍ 54ല്‍ വച്ച് ബെയര്‍സ്‌റ്റോയും മടങ്ങി. അഞ്ചാം വിക്കറ്റില്‍ ജിതേഷ്- ഷാരൂഖ് ജോടി 31 റണ്‍സെടുത്തു. പക്ഷെ ജിതേഷിന്റെ പുറത്താവലോടെ പഞ്ചാബ് വീണ്ടും തകര്‍ന്നു. ജിതേഷിനെ അക്ഷര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി (5ന് 85). റബാഡ, എല്ലിസ് എന്നിവരെ കുല്‍ദീപ് ഒരേ ഓവറില്‍ കുല്‍ദീപ് മടക്കിയതോടെ പഞ്ചാബ് ഏഴിനു 92ലേക്കു വീണു. തൊട്ടടുത്ത ഓവരില്‍ ഷാരൂഖും പുറത്തായി.

കൊവിഡ് ഭീഷണി അതിജീവിച്ചാണ് ഈ മല്‍സരം ആരംഭിച്ചത്. കളി മാറ്റിയേക്കുമെന്നു നേരത്തേ ആശങ്കയുയര്‍ന്നിരുന്നു. ഡിസി സംഘത്തിലെ ചിലര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. മല്‍സരവുമായി മുന്നോട്ടുപോവാന്‍ ബിസിസിഐയുടെ അനുമതി ലഭിക്കുകയായിരുന്നു. കളിയില്‍ ടോസ് ലഭിച്ചത് ഡിസി നായകന്‍ റിഷഭ് പന്തിനായിരുന്നു. അദ്ദേഹം ബൗളിങ് തിരഞ്ഞെടുക്കുകയും ചെയ്തു. കഴിഞ്ഞ മല്‍സരത്തില്‍ പരിക്കു കാരണം കളിക്കാതിരുന്ന പഞ്ചാബ് നായകന്‍ മായങ്ക് അഗര്‍വാള്‍ ഈ മല്‍സരത്തില്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

രണ്ടു മാറ്റങ്ങളുമായിട്ടാണ് പഞ്ചാബ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. പ്രഭ്‌സിമ്രന്‍ സിങിനു പകരം മായങ്ക് വന്നപ്പോള്‍ ഒഡെയ്ന്‍ സ്്മിത്തിനെ ഒഴിവാക്കി നതാന്‍ എല്ലിസിനയെും പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തി. മറുഭാഗത്ത് കൊവിഡ് പിടിപെട്ട മിച്ചെല്‍ മാര്‍ഷിനു പകരം സര്‍ഫറാസ് ഖാനെ ഡിസി കളിപ്പിക്കുകയായിരുന്നു.

ഡിസിയും പഞ്ചാബും വിജയത്തോടെയായായിരുന്നു സീസണിനു തുടക്കമിട്ടത്. പക്ഷെ പിന്നീടുള്ള മല്‍സരങ്ങില്‍ ഇരുടീമുകള്‍ക്കും സ്ഥിരത പുലര്‍ത്താനായില്ല. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആദ്യ കളിയില്‍ പഞ്ചാബ് അഞ്ചു വിക്കറ്റിനു തകര്‍ത്തു വിടുകയായിരുന്നു. രണ്ടാമത്തെ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു ആറു വിക്കറ്റിന്റെ തോല്‍വി വഴങ്ങി. മൂന്നാം റൗണ്ടില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 54 റണ്‍സിനു തോല്‍പ്പിച്ച് മായങ്കും സംഘവും വീണ്ടും വിജയവഴിയില്‍. പക്ഷെ നാലാം റൗണ്ടില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു ആറു വിക്കറ്റിനു പരാജയപ്പെട്ടു. മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിനു തോല്‍പ്പിച്ച് പഞ്ചാബ് വിജയവഴിയില്‍ തിരിച്ചെത്തിയെങ്കിലും അവസാന കളിയില്‍ വീണ്ടും തോല്‍ക്കുകയായിരുന്നു.

ഡല്‍ഹിയുടെ കാര്യമെടുത്താല്‍ ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു വിക്കറ്റിനു തകര്‍ത്തായിരുന്നു തുടങ്ങിയത്. പക്ഷെ അടുത്ത രണ്ടു മല്‍സരങ്ങളിലും പരാജയം രുചിച്ചു. ഗുജറാത്തിനോടു 14 റണ്‍സിനും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു ആറു വിക്കറ്റിനും തോല്‍വി സമ്മതിക്കുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ നാലാം റൗണ്ടില്‍ 44 റണ്‍സിന്റെ മിന്നുന്ന ജയം ഡിസി സ്വന്തമാക്കി. പക്ഷെ അവസാന കളിയില്‍ ആര്‍സിബിയോടു 16 റണ്‍സിനു കീഴടങ്ങുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

പഞ്ചാബ് കിങ്‌സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ജോണി ബെയര്‍‌സ്റ്റോ, ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍, ഷാരൂഖ് ഖാന്‍, കാഗിസോ റബാഡ, നതാന്‍ എല്ലിസ്, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ, അര്‍ഷ്ദീപ് സിംഗ്.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റോമന്‍ പവല്‍, ലളിത് യാദവ്, സര്‍ഫറാസ് ഖാന്‍, ശര്‍ദുല്‍ ടാക്കൂര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്മാന്‍, ഖലീല്‍ അഹമ്മദ്.

Story first published: Wednesday, April 20, 2022, 22:23 [IST]
Other articles published on Apr 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+