For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മിന്നിച്ച് മാര്‍ഷ്, റോയല്‍സിനെ കെട്ടുകെട്ടിച്ച് ഡിസി- പ്ലേഓഫ് പ്രതീക്ഷ

എട്ടു വിക്കറ്റിനാണ് ഡിസിയുടെ വിജയം

1

മുംബൈ: തോറ്റാല്‍ പുറത്താവുമെന്ന വെല്ലുവിളിയുമായി ഐപിഎല്ലില്‍ നിര്‍ണായക പോരാട്ടത്തിനു ഇറങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു തകര്‍പ്പന്‍ വിജയം. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിനാണ് ഡിസി തകര്‍ത്തുവിട്ടത്. മൂന്നാമനായി ഇറങ്ങിയ മിച്ചെല്‍ മാര്‍ഷിന്റെ (89) ഗംഭീര ഇന്നിങ്‌സാണ് ഡിസിക്കു ആധികാരിക വിജയം സമ്മാനിച്ചത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ട്രെന്റ് ബോള്‍ട്ടിന്റെ ഉറപ്പായിരുന്ന എല്‍ബിഡബ്ല്യുവില്‍ നിന്നും രക്ഷപ്പെട്ട മാര്‍ഷിനു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. സഞ്ജു സാംസണ്‍ ഡിആര്‍എസ് എടുത്തിരുന്നെങ്കില്‍ റോയല്‍സിനു ഉറപ്പായ വിക്കറ്റായിരുന്നു അത്.

ഇതിനെ അതിജീവിച്ച മാര്‍ഷ് പിന്നീട് റോയല്‍സ് ബൗളര്‍മാര്‍ക്കു ഒരവസരവും നല്‍കാതെയാണ് ടീമിനെ വിജയത്തിലേക്കു നയിച്ചത്. 62 ബോളില്‍ ഏഴു സിക്‌സറുകളും അഞ്ചു ഫോറുമടക്കമാണ് മാര്‍ഷ് 89 റണ്‍സ് വാരിക്കൂട്ടിയത്. പുറത്താവാതെ 52 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെ പിന്തുണ ഡിസിയുടെ വിജയം അനായാസമാക്കി. വാര്‍ണര്‍ 41 ബോളില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു. മാര്‍ഷ് പുറത്തായ ശേഷം വാര്‍ണറും റിഷഭ് പന്തും (13*) ചേര്‍ന്ന് ഡിസിയുടെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. ഓപ്പണര്‍ കെഎസ് ഭരതാണ് (0) ഡിസി നിരയില്‍ പുറത്തായ മറ്റൊരു താരം. 11 ബോളുകള്‍ ബാക്കിനില്‍ക്കൊണ് ഡിസിയുടെ വിജയം. ജയത്തോടെ ഡിസി പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ്.

2

ഡിസിയുടെ തുടക്കം മോശമായിരുന്നു. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രണ്ടാമത്തെ ബോളില്‍ ഭരതിനെ ബോള്‍ട്ട് പുറത്താക്കിയിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍- മാര്‍ഷ് സഖ്യം ചേര്‍ന്നെടുത്ത 144 റണ്‍സ് ഡിസിയുടെ വിജയത്തിനു അടിത്തറയിട്ടു. മാര്‍ഷ് പുറത്താവുമ്പോഴേക്കും ഡിസി വിജയമുറപ്പാക്കിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട റോയല്‍സിനു ആറു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടാനായത്. കന്നി ഐപിഎല്‍ ഫിഫ്റ്റി കണ്ടെത്തിയ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനാണ് (50) റോയല്‍സിന്റെ ടോപ്‌സ്‌കോറര്‍. 38 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 48 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 30 ബോളില്‍ ആറു ബൗണ്ടറിയും രണ്ടു സിക്‌സറും അദ്ദേഹം പറത്തി. യശസ്വി ജയ്‌സ്വാള്‍ 19 റണ്‍സിനു പുറത്തായി. ജോസ് ബട്‌ലര്‍ (7), നായകന്‍ സഞ്ജു സാംസണ്‍ (6), റിയാന്‍ പരാഗ് (9), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (12*), ട്രെന്റ് ബോള്‍ട്ട് (3) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഡിസിക്കു വേണ്ടി മുന്‍ റോയല്‍സ് താരം കൂടിയായ ചേതന്‍ സക്കാരിയക്കൊപ്പം ആന്റിച്ച് നോര്‍ക്കിയ, മിച്ചെല്‍ മാര്‍ഷ് എന്നിവര്‍ രണ്ടു വിക്കറ്റുകളെടുത്തു.

3

റോയല്‍സിന്റെ തുടക്കം തന്നെ പാളിയിരുന്നു. ഈ സീസണിലെ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ ബട്‌ലര്‍ മൂന്നാം ഓവറില്‍ തന്നെ പുറത്തായി. സക്കാരിയയുടെ ബൗളിങില്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ സിംപിള്‍ ക്യാച്ചിലൂടെ ബട്‌ലറെ മടക്കുകയായിരുന്നു (ഒന്നിന് 11). തുടക്കത്തില്‍ തന്നെ പ്രഹരമേറ്റതോടെ റോയല്‍സ് അശ്വിനെ മൂന്നാം നമ്പറില്‍ ഇറക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ജയ്‌സ്വാള്‍- അശ്വിന്‍ ജോടി 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ജയ്‌സ്വാളിനെ വീഴ്ത്തി മാര്‍ഷ് ഈ കൂട്ടുകെട്ട് തകര്‍ത്തു (രണ്ടിന് 54).

തുടര്‍ന്നായിരുന്നു റോയല്‍സ് ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് കണ്ടത്. മൂന്നാം വിക്കറ്റില്‍ അശ്വിന്‍- ദേവ്ദത്ത് സഖ്യം 53 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതോടെ റോയല്‍സ് 100 കടന്നു. ഫിഫ്റ്റി പൂര്‍ത്തിയാക്കി തൊട്ടടുത്ത ബോളില്‍ തന്നെ അശ്വിന്‍ മടങ്ങിയതോടെയാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. പിന്നീട് സഞ്ജു, പരാഗ്, ദേവ്ദത്ത് എന്നിവരെ അടുത്തടുത്ത ഓവറുകളില്‍ നഷ്ടമായതോടെ റോയല്‍സിനു 160 റണ്‍സില്‍ ഒതുങ്ങേണ്ടിവന്നു.

4

ടോസ് ലഭിച്ച ഡിസി നായകന്‍ റിഷഭ് പന്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും മാറ്റങ്ങളോടെയാണ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്കു പകരം സൗത്താഫ്രിക്കയുടെ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്തു ഡിസി രണ്ടു മാറ്റങ്ങള്‍ വരുത്തി. റിപാല്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്കു പകരം ലളിത് യാദവ്, ചേതന്‍ സക്കാരിയ എന്നിവര്‍ കളിച്ചു.

സഞ്ജു സാംസണിന്റെ റോയല്‍സ് ഈ സീസണ്‍ മികച്ച രീതിയിലായിരുന്നു തുടങ്ങിയത്. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും വിജയിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. മൂന്നാമത്തെ മല്‍സരത്തില്‍ സീസണിലെ ആദ്യ തോല്‍വി രുചിച്ച റോയല്‍സ് നാലാമങ്കത്തില്‍ വിജയവഴിയില്‍ തിരിച്ചെത്തി. അഞ്ചാമത്തെ മല്‍സരത്തില്‍ വീണ്ടും തോല്‍വി. ശേഷം മൂന്നു തുടര്‍ വിജയങ്ങള്‍. പക്ഷെ അടുത്ത രണ്ടു മല്‍സരങ്ങിലും റോയല്‍സ് തോല്‍വിയിലേക്കു വീണു. അവസാന മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് റോയല്‍സ് വിജയവഴിയില്‍ തിരിച്ചെത്തുകയും ചെയ്തു.

ഡല്‍ഹിയുടെ കാര്യമെടുത്താല്‍ സ്ഥിരതയില്ലാത്ത പ്രകടനമാണ് അവര്‍ ഈ സീസണില്‍ പുറത്തെടുത്തത്. ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലാണ് അവര്‍ക്കു വിജയിക്കാനായത്. അടുത്ത അഞ്ചു മല്‍സരങ്ങങില്‍ മൂന്നെണ്ണത്തില്‍ ജയിച്ച ഡിസി രണ്ടെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. അവസാന മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു 91 റണ്‍സിന്റെ വന്‍ പരാജയമാണ് ഡിസിക്കു നേരിട്ടത്. റണ്‍ മാര്‍ജിനില്‍ ഈ സീസണില്‍ ഡിസിയുടെ ഏറ്റവും വലിയ തോല്‍വി കൂടിയായിരുന്നു ഇത്.

പ്ലെയിങ് ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍, കെഎസ് ഭരത്, മിച്ചെല്‍ മാര്‍ഷ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റോമന്‍ പവെല്‍, അക്ഷര്‍ പട്ടേല്‍, ലളിത് യാദവ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ചേതന്‍ സക്കാരിയ, ആന്റിച്ച് നോര്‍ക്കിയ.

Story first published: Wednesday, May 11, 2022, 23:24 [IST]
Other articles published on May 11, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+