
മുംബൈ: ഒമ്പത് വര്‍ഷത്തിന് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിലേക്കുള്ള മടങ്ങി വരവില്‍ ഡേവിഡ് വാര്‍ണര്‍ക്ക് നിരാശ. ഓപ്പണറായി പൃഥ്വി ഷാക്കൊപ്പം ഇറങ്ങിയ വാര്‍ണര്‍ക്ക് 12 പന്തില്‍ നാല് റണ്‍സ് മാത്രമാണ് നേടാനായത്. ഒരു ബൗണ്ടറി പോലും പായിക്കാനാവാതെ 33.33 സ്‌ട്രൈക്കറേറ്റ് മാത്രം സമ്പാദിച്ചാണ് വാര്‍ണറുടെ മടക്കം. സ്പിന്നര്‍ രവി ബിഷ്‌നോയ്ക്ക് വിക്കറ്റ് നല്‍കിയാണ് സൂപ്പര്‍ താരത്തിന്റെ മടക്കം. അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് വിടേണ്ടി വന്ന വാര്‍ണറെ തന്റെ പഴയ ടീമായ ഡല്‍ഹി മെഗാ ലേലത്തില്‍ സ്വന്തമാക്കുകയായിരുന്നു.

ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും പൃഥ്വി ഷാക്ക് (34 പന്തില്‍ 61) മികച്ച പിന്തുണ നല്‍കാന്‍ വാര്‍ണര്‍ക്കായി. ഒന്നാം വിക്കറ്റില്‍ 67 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. ഒരുവശത്ത് തല്ലിത്തകര്‍ത്ത പൃഥ്വി 9 ഫോറും ഒരു സിക്‌സുമടക്കം നേടിയാണ് മടങ്ങിയത്. കൃഷ്ണപ്പ ഗൗതത്തിന്റെ പന്തില്‍ കീപ്പര്‍ ക്വിന്റന്‍ ഡീകോക്കിന് ക്യാച്ച് നല്‍കിയാണ് പൃഥ്വി മടങ്ങിയത്. മോശം ഫോമിലായിരുന്ന യുവതാരം 179.41 സ്‌ട്രൈക്കറേറ്റുമായി ഗംഭീര തിരിച്ചുവരവാണ് ലഖ്‌നൗവിനെതിരേ നടത്തിയത്. ആവേഷ് ഖാനെ ഹാട്രിക് ബൗണ്ടറിയടക്കം പറത്താന്‍ പൃഥ്വിക്കായി.
പവര്‍പ്ലേയില്‍ ഡല്‍ഹിക്കായി കൂടുതല്‍ റണ്‍സെന്ന റെക്കോഡ് തിരുത്താന്‍ പൃഥ്വിക്കായില്ല. 2012ല്‍ വാര്‍ണര്‍ നേടിയ 49 റണ്‍സാണ് ഇപ്പോഴും തലപ്പത്ത്. പൃഥ്വി 2018ല്‍ 48 റണ്‍സ് നേടി രണ്ടാം സ്ഥാനത്താണ്. സീനിയര്‍ താരമെന്ന നിലയില്‍ വാര്‍ണറില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പഴയ തട്ടകത്തിലേക്കുള്ള മടങ്ങിവരവ് രാജകീയമാക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചില്ലെന്ന് തന്നെ പറയാം.

രവി ബിഷ്‌നോയിയുടെ സ്പിന്‍ വാര്‍ണറെ ഇതിന് മുമ്പും പ്രയാസപ്പെടുത്തിയിട്ടുണ്ട്. ബിഷ്‌നോയ് വാര്‍ണര്‍ക്കെതിരേ ആറ് പന്തുകള്‍ എറിഞ്ഞപ്പോള്‍ മൂന്ന് തവണ മടക്ക ടിക്കറ്റ് നല്‍കാന്‍ യുവ സ്പിന്നര്‍ക്കായി. വിട്ടുകൊടുത്തത് വെറും അഞ്ച് റണ്‍സ് മാത്രമാണെന്നതാണ് എടുത്തു പറയേണ്ടത്. സീസണില്‍ ഇനിയും മത്സരങ്ങള്‍ ശേഷിക്കെ വീണ്ടും വാര്‍ണറെ വീഴ്ത്താന്‍ ബിഷ്‌നോയ്ക്കാവുമോയെന്ന് കാത്തിരുന്ന് കാണാം.

വെടിക്കെട്ട് പ്രകടനത്തോടെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡ് പൃഥ്വി സ്വന്തം പേരിലാക്കി. ഇന്ത്യന്‍ താരങ്ങളില്‍ പവര്‍പ്ലേയില്‍ ഉയര്‍ന്ന സ്‌ട്രൈക്കറേറ്റുള്ള താരമെന്ന റെക്കോഡില്‍ വീരേന്ദര്‍ സെവാഗിനെയാണ് പൃഥ്വി പിന്നിലാക്കിയത്. സെവാഗിന്റെ സ്്‌ട്രൈക്കറേറ്റ് 144.16 ആയിരുന്നു. പൃഥ്വിയുടെ ഇന്നത്തെ പവര്‍പ്ലേയിലെ സ്‌ട്രൈക്കറേറ്റ് 147.68 ആണ്. 140.66 സ്‌ട്രൈക്കറേറ്റുമായി മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തും 139.52 സ്‌ട്രൈക്കറേറ്റുമായി രാഹുല്‍ ത്രിപാഠി നാലാം സ്ഥാനത്തുമുണ്ട്.