Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 9ാം ക്ലാസില്‍ തോറ്റു, തൂപ്പുജോലിക്കാരനായി, കെകെആര്‍ ഹീറോ റിങ്കുവിന്റെ കഥയിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ തുടര്‍ തോല്‍വികള്‍ക്ക് ശേഷം കെകെആര്‍ വിജയ വഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിനാണ് കെകെആര്‍ തുടര്‍ തോല്‍വികള്‍ക്ക് വിരാമമിട്ടത്. നിര്‍ണ്ണായക മത്സരത്തില്‍ കെകെആര്‍ ജയം നേടുമ്പോള്‍ ടീം കടപ്പെട്ടിരിക്കുന്നത് റിങ്കു സിങ്ങിനോടാണ്. ഐപിഎല്ലില്‍ അധികം കേട്ടുപരിചയമില്ലാത്ത പേരാണെങ്കിലും കെകെആറിന്റെ ഹീറോയാണ് റിങ്കു. 23 പന്തില്‍ ആറ് ഫോറും ഒരു സിക്‌സുമടക്കം 42 റണ്‍സ് നേടിയ റിങ്കുവിന്റെ പ്രകടനമാണ് കെകെആറിന് വിജയം സമ്മാനിച്ചത്. 182.60 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

1

കെകെആറിന്റെ ഹീറോയായി മാറിയ റിങ്കു സിങ്ങിനും പ്രതിസന്ധികളെ പൊരുതിത്തോല്‍പ്പിച്ച കഥ പറയാനുണ്ട്. ചെറിയ സാഹചര്യത്തില്‍ നിന്ന് ആത്മവിശ്വാസം കൊണ്ടും കഠിന പ്രയത്‌നംകൊണ്ടും ഐപിഎല്‍ വരെ വളര്‍ന്ന് ഇന്ന് കെകെആറിന്റെ ഹീറോയായി നില്‍ക്കുന്ന റിങ്കുവിന്റെ ജീവിത കഥ അറിയാം. സാമ്പത്തികമായി വളരെ പിന്നോക്ക് നില്‍ക്കുന്ന കുടുംബമാണ് റിങ്കുവിന്റേത്. അദ്ദേഹത്തിന്റെ പിതാവ് ഗ്യാസ് സിലണ്ടര്‍ വീടുകള്‍ തോറും വിതരണം ചെയ്യുന്ന ജോലിക്കാരനാണ്.

കുടുംബത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് അധികം പഠിക്കാന്‍ റിങ്കുവിന് സാധിച്ചിട്ടില്ല. ഒമ്പതാം ക്ലാസ് വരെയാണ് അദ്ദേഹം പോയത്. ഒമ്പതാം ക്ലാസില്‍ പരാജയപ്പെട്ടതോടെ പഠനം ഉപേക്ഷിച്ച റിങ്കു ചെറിയ ജോലികള്‍ക്ക് പോയി. ഒമ്പത് പേര്‍ അടങ്ങുന്ന റിങ്കുവിന്റെ കുടുംബം രണ്ട് റൂമുകള്‍ മാത്രമടങ്ങുന്ന വീട്ടിലാണ് താമസിച്ചിരുന്നത്. തൂപ്പുജോലിക്ക് പോവുകയും സഹോദരന്റെ ഓട്ടോറിക്ഷ ഓടിച്ചും മുന്നോട്ട് ജീവിതം തള്ളിനീക്കുമ്പോഴും ക്രിക്കറ്റിനെ ഒപ്പം നിര്‍ത്താന്‍ താരത്തിനായി. അതാണ് ഇന്നത്തെ നിലയിലേക്ക് റിങ്കുവിനെ വളര്‍ത്തിയതെന്ന് പറയാം.

2

കെകെആറിലേക്കെത്തിയതോടെ റിങ്കുവിന്റെ ജീവിതം മാറി മറിഞ്ഞു. ആ കഥ റിങ്കു തന്നെ പറയും. '20 ലക്ഷമായിരുന്നു അടിസ്ഥാന വില. ആ പ്രതിഫലത്തില്‍ ആരെങ്കിലും വാങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 80 ലക്ഷം രൂപയാണ് ലേലത്തില്‍ എനിക്ക് ലഭിച്ചത്. ആദ്യം മനസിലേക്കെത്തിയത് മൂത്ത സഹോദരന്റെ വിവാഹ കാര്യമാണ്. സഹോദരിയുടെ വിവാഹത്തിലേക്കായി എന്തെങ്കിലും കരുതിവെക്കണമെന്നും ആലോചിച്ചു. പിതാവിന് മാസം ലഭിച്ചിരുന്നത് 7000 രൂപ മാത്രമാണ്. സഹോദരനും ഓട്ടോ ഡ്രൈവറായതോടെ രക്ഷപെടാന്‍ ക്രിക്കറ്റ് മാത്രമെ എന്റെ മുന്നില്‍ വഴിയുണ്ടായിരുന്നുള്ളു. ജീവിതത്തില്‍ കഷ്ടതകള്‍ അനുഭവിക്കുന്നതിനെല്ലാം ദൈവം ഒരിക്കല്‍ പ്രതിഫലം നല്‍കും'-റിങ്കു സിങ് നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണിത്.

3

രണ്ട് തവണ ചാമ്പ്യന്മാരായ കെകെആര്‍ സിഎസ്‌കെയെ തോല്‍പ്പിച്ചാണ് ടൂര്‍ണമെന്റിലേക്കെത്തിയതെങ്കിലും പിന്നീടങ്ങോട്ട് വിജയത്തില്‍ സ്ഥിരത കാട്ടാനായില്ല. നിലവില്‍ 10 മത്സരത്തില്‍ നിന്ന് നാല് ജയവും ആറ് തോല്‍വിയുമാണ് കെകെആറിന്റെ പേരിലുള്ളത്. ശേഷിക്കുന്ന നാല് മത്സരം ജയിച്ചാല്‍ 16 പോയിന്റിലേക്കെത്താന്‍ കെകെആറിനാവും. ഇങ്ങനെ സംഭവിച്ചാലും കെകെആറിന്റെ പ്ലേ ഓഫ് സാധ്യത മറ്റ് ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. ശേഷിക്കുന്ന നാല് മത്സരങ്ങളും ജയിക്കുകയെന്നതാണ് കെകെആറിന്റെ മുന്നിലെ പ്രധാന വെല്ലുവിളി. എന്തായാലും ഇനിയുള്ള മത്സരങ്ങള്‍ കൂടുതല്‍ കടുപ്പമാവുമെന്ന കാര്യം ഉറപ്പാണ്.

Story first published: Tuesday, May 3, 2022, 11:33 [IST]
Other articles published on May 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+