
വലിയ പ്രതീക്ഷയോടെ ഈ സീസണില്‍ പുതിയ ഫ്രാഞ്ചൈസിയിലേക്കു വന്ന ശേഷം ഇനിയും ഒരവസരം പോലും ലഭിക്കാതെ ചില കൡക്കാര്‍ക്കു പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ചില ഇന്ത്യന്‍ യുവതാരങ്ങള്‍ക്കാണ് ഇങ്ങനെയൊരു തിരിച്ചടിയുണ്ടായിരിക്കുന്നത്. വരാനിരിക്കുന്ന മല്‍സരങ്ങളിലെങ്കിലും തങ്ങള്‍ക്കു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുന്ന പ്രതീക്ഷയിലാണ് ഈ താരങ്ങള്‍. ആരൊക്കെയാണ് ഇന്ത്യയുടെ ഈ യുവതാരങ്ങളെന്നു പരിശോധിക്കാം.

കെഎസ് ഭരത് (ഡിസി)
ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതെന്ന കെഎസ് ഭരത് ഈ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി അവസരം ലഭിക്കാതെ വലയുകയാണ്. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി വിക്കറ്റ് കാക്കുകയും ബാറ്റിങില്‍ ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ താരം കളിക്കുകയും ചെയ്തിരുന്നു. ആര്‍സിബിക്കു വേണ്ടി മൂന്നാം നമ്പറില്‍ കളിച്ച ഭരതിനു അതിവേഗം റണ്‍സ് അടിച്ചെക്കാനുള്ള റോളായിരുന്നു ഉണ്ടായിരുന്നത്.

പക്ഷെ സീസണിനു ശേഷം ആര്‍സിബി നിലനിര്‍ത്താതിരുന്ന അദ്ദേഹത്തെ ഡിസി ലേലത്തില്‍ വാങ്ങുകയായിരുന്നു. ഇതോടെ ഭരതിന്റെ കഷ്ടകാലവും തുടങ്ങി. ടീം മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെങ്കിലും താരത്തെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിപ്പോലും പരീക്ഷിച്ചു നോക്കാന്‍ റിഷഭ് പന്തിന്റെ ഡിസി ഇനിയും തയ്യാറായിട്ടില്ല.

ചേതന്‍ സക്കാരിയ (ഡിസി)
ഡല്‍ഹി ക്യാപ്പിറ്റല്‍സ് കരിയര്‍ തകര്‍ത്ത മറ്റൊരു യുവതാരമാണ് ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ചേതന്‍ സക്കാരിയ. കഴിഞ്ഞ ഐപിഎല്‍ സീസണിലെ സെന്‍സേഷനായിരുന്നു ചേതന്‍. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിക്കൊണ്ടു വന്ന താരം ഉജ്ജ്വല പ്രകടനത്തിലൂടെ എല്ലാവരുടെയും പ്രശംസയേറ്റു വാങ്ങിയിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകള്‍ ചേതന്‍ വീഴ്ത്തിയിരുന്നു. ഐപിഎല്ലിലെ പ്രകടനം ഇന്ത്യന്‍ ടീമിനായി അരങ്ങേറാനും താരത്തിനു അവസരമൊരുക്കിയിരുന്നു.

പക്ഷെ ഇപ്പോള്‍ ഡിസിയിലേക്കു വന്നതോടെ ചേതനെ ആര്‍ക്കും ഓര്‍മ പോലുമില്ല. ശര്‍ദ്ദുല്‍ ടാക്കൂറിനൊപ്പം ഖലീല്‍ അഹമ്മദിനാണ് ഡിസി പ്ലെയിങ് ഇലവനില്‍ പരിഗണന നല്‍കുന്നത്. രണ്ടു പേരും മോശമല്ലാത്ത പ്രകടനവും നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങളിലും ചേതനു അവസരം ലഭിക്കുമോയെന്ന കാര്യം സംശയമാണ്. വളരെയേറെ പ്രതീക്ഷ നല്‍കിയ ഒരു യുവതാരത്തെ ഡിസി ഈ തരത്തില്‍ കൈകാര്യം ചെയ്യുന്നത് തീര്‍ച്ചയായും നിരാശാജനകമാണ്.

കാര്‍ത്തിക് ത്യാഗി (എസ്ആര്‍എച്ച്)
ചേതന്‍ സക്കാരിയയെപ്പോലെ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ച മറ്റൊരു ഇന്ത്യന്‍ യുവതാരമാണ് കാര്‍ത്തിക് ത്യാഗി. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുട മുന്‍ താരം കൂടിയായ ത്യാഗി ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ പേസര്‍ ബ്രെറ്റ് ലീയുടെ അതേ ബൗളിങ് ആക്ഷനിലാണ് പന്തെറിയുന്നത്. 2020ലെ അണ്ടര്‍ 19 ലോകകപ്പിലെ മികച്ച പ്രകടനം അദ്ദേഹത്തിനു ഐപിഎല്ലിലേക്കു വഴി തുറക്കുകയായിരുന്നു. 2020ലെ ലേലത്തില്‍ 1.3 കോടി രൂപയ്ക്കാണ് ത്യാഗിയെ റോയല്‍സ് വാങ്ങിയത്. കന്നി സീസണില്‍ താരം ഒമ്പതു വിക്കറ്റുകളെടുക്കുകയും ചെയ്തു.

കഴിഞ്ഞ സീസണില്‍ പക്ഷെ പരിക്കുകള്‍ കാരണം നാലു മല്‍സരങ്ങള്‍ മാത്രമേ ത്യാഗിക്കു കളിക്കാനായുള്ളൂ. ഡെത്ത് ഓവറുകളില്‍ മികച്ച രീതിയില്‍ ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള താരം കൂടിയാണ് അദ്ദേഹം.
ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമാണ് ത്യാഗി. പക്ഷെ മികച്ച ഇന്ത്യന്‍, വിദേശ പേസര്‍മാര്‍ ടീമിലുള്ളതിനാല്‍ താരത്തിനു ഇനിയും അവസരം ലഭിച്ചിട്ടില്ല. ടി നടരാജന്‍, ഉമ്രാന്‍ മാലിക്ക് തുടങ്ങിയവരെല്ലാം മികച്ച ഫോമില്‍ പന്തെറിയുന്നതിനാല്‍ ത്യാഗിക്ക് ടീമില്‍ കയറിപ്പറ്റുകയെന്നതു കടുപ്പമായി മാറും.


Click it and Unblock the Notifications