
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഇന്ന് ആരംഭിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രം പരിശോധിച്ചാല്‍ മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷണം നല്‍കാന്‍ സാധിക്കുന്ന താരങ്ങള്‍ നിരവധിയാണ്. വിരാട് കോലി, രോഹിത് ശര്‍മ, എംഎസ് ധോണി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരെല്ലാം ഐപിഎല്ലില്‍ തിളങ്ങുന്ന ഇന്ത്യക്കാരായ സൂപ്പര്‍ താരങ്ങളാണ്.
ടി20 ഫോര്‍മാറ്റില്‍ നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കേണ്ടതുള്ളതിനാല്‍ സ്ഥിരതയോടെ കളിക്കുക പ്രയാസം തന്നെയാണ്. റണ്‍സ് പിന്തുടരുമ്പോള്‍ സ്ഥിരത കാട്ടാന്‍ പ്രത്യേക കഴിവ് തന്നെ വേണം. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ റണ്‍സ് പിന്തുടരുമ്പോള്‍ ഏറ്റവും ശരാശരിയുള്ള താരമാരാണെന്ന് അറിയാമോ ? പട്ടിക പരിശോധിക്കാം.

മുന്‍ പഞ്ചാബ് കിങ്‌സ് നായകനും ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനുമായ കെ എല്‍ രാഹുലാണ് ഈ പട്ടികയിലെ തലപ്പത്ത്. 58.80 ആണ് റണ്‍സ് പിന്തുടരുമ്പോള്‍ രാഹുലിന്റെ ശരാശരി. ഓപ്പണറായ രാഹുല്‍ അസാമാന്യ ബാറ്റിങ് മികവുള്ള താരമാണ്. അവസാന നാല് സീസണിലും 500ന് മുകളില്‍ റണ്‍സ് നേടാന്‍ രാഹുലിന് സാധിച്ചിരുന്നു. ഇത്തവണയും രാഹുലിന്റെ ബാറ്റിങ് പ്രകടനത്തിലാണ് ലഖ്‌നൗവിന്റെ പ്രതീക്ഷകളേറെയും.

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജോണി ബെയര്‍സ്റ്റോയാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 47.07 ആണ് ബെയര്‍സ്റ്റോയുടെ റണ്‍സ് പിന്തുടരുമ്പോഴുള്ള ശരാശരി. ടോപ് ഓഡര്‍ താരമായ ബെയര്‍സ്‌റ്റോ ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരം കൂടിയാണ്. മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറാണ്. ഇടം കൈയനായ മില്ലര്‍ ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ്. പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളുടെയെല്ലാം ഭാഗമായ മില്ലറുടെ ശരാശരി 44.96 ആണ്.

നാലാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസനാണ്. സ്ഥിരതയോടെ കളിക്കാന്‍ മിടുക്കനായ വില്യംസണിന്റെ റണ്‍സ് പിന്തുടരുമ്പോഴുള്ള ശരാശരി 43.45 ആണ്. ടൂര്‍ണമെന്റില്‍ ഏറ്റവും സ്ഥിരതയുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം. അഞ്ചാം സ്ഥാനത്ത് ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സനാണ്. 42.67 ആണ് പീറ്റേഴ്‌സന്റെ ശരാശരി. മുന്‍ ആര്‍സിബി നായകനായിരുന്ന പീറ്റേഴ്‌സന്‍ ഡല്‍ഹിക്കായും കളിച്ചിട്ടുണ്ട്.

മുന്‍ പഞ്ചാബ് കിങ്‌സ് താരവും ഓറഞ്ച് ക്യാപ് ഉടമയുമായ ഷോണ്‍ മാര്‍ഷാണ് ആറാം സ്ഥാനത്ത്. 42.40 ആണ് റണ്‍സ് പിന്തുടരുമ്പോഴുള്ള മാര്‍ഷിന്റെ ശരാശരി. ഡേവിഡ് വാര്‍ണറാണ് ഏഴാം സ്ഥാനത്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനും സൂപ്പര്‍ ഓപ്പണറുമായ വാര്‍ണറുടെ റണ്‍സ് പിന്തുടരുമ്പോഴുള്ള ശരാശരി 40.14 ആണ്. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിലാണ് വാര്‍ണറുള്ളത്. 2016ല്‍ ഹൈദരാബാദിനെ കിരീടത്തിലേക്കെത്തിച്ചിട്ടും വാര്‍ണറെ നിലനിര്‍ത്താന്‍ ഹൈദരാബാദ് തയ്യാറായില്ല.