IPL 2022: ക്യാപ്റ്റന്‍ vs ക്യാപ്റ്റന്‍, സഞ്ജുവിനെ മടക്കി ഹര്‍ദിക്, ഗുജറാത്ത് നായകന്‍ ഹീറോ

അഹമ്മാദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ ആവേശ ഫൈനലില്‍ നായകന്മാരുടെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ സഞ്ജു സാംസണെ മടക്കി അയച്ച് ഹര്‍ദിക് പാണ്ഡ്യ. സഞ്ജു സാംസണും ജോസ് ബട്‌ലറും ചേര്‍ന്ന് രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡ് നന്നായി മുന്നോട്ട് കൊണ്ടുപോകവെയാണ് രാജസ്ഥാന്‍ നായകന്റെ അന്തകനായി ഗുജറാത്തിന്റെ നായകന്‍ എത്തിയത്. ഹര്‍ദിക്കിനെ സിക്‌സറിന് ശ്രമിച്ച സഞ്ജുവിന് പിഴച്ചു. എഡ്ജില്‍ തട്ടി ഉയര്‍ന്ന പന്ത് തേര്‍ഡ് മാനില്‍ സായ് കിഷോറിന്റെ കൈയില്‍ ഭദ്രം.

പന്തെടുത്ത രണ്ടാം പന്തില്‍ത്തന്നെ രാജസ്ഥാന്റെ നടുവൊടിച്ചാണ് സഞ്ജുവിനെ ഹര്‍ദിക് മടക്കിയത്. 11 പന്തില്‍ 14 റണ്‍സാണ് സഞ്ജു നേടിയത്. രണ്ട് ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. ഫൈനലില്‍ നായകനെന്ന നിലയില്‍ സഞ്ജു സാംസണ്‍ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്തില്ലെന്ന് തന്നെ പറയാം. എപ്പോഴും ചൂണ്ടിക്കാട്ടുന്ന പിഴവ് തന്നെയാണ് സഞ്ജു ഫൈനലിലും ആവര്‍ത്തിച്ചത്. ആംഗര്‍ റോളില്‍ കളിച്ച് ജോസ് ബട്‌ലര്‍ക്ക് സ്‌ട്രൈക്ക് കൈമാറി സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് കൊണ്ടുപോകാനായിരുന്നു സഞ്ജു ശ്രമിക്കേണ്ടിയിരുന്നത്. എന്നാല്‍ നായകനെന്ന ഉത്തരവാദിത്തം മറന്ന് ക്ഷമ നഷ്ടപ്പെട്ട് വിക്കറ്റ് തുലക്കുന്ന പതിവ് ഇത്തവണയും സഞ്ജു ആവര്‍ത്തിച്ചു.

ഒമ്പതാം ഓവര്‍ എറിഞ്ഞ ഹര്‍ദിക് വെറും ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സഞ്ജുവിനെ മടക്കിയത്. രണ്ടാം പന്തില്‍ സഞ്ജുവിനെ മടക്കിയ ഹര്‍ദിക്ക് പിന്നീടെത്തിയ ദേവ്ദത്ത് പടിക്കലിനെ ഒരു റണ്‍സ് പോലും നേടാന്‍ അനുവദിക്കാതെ ഈ ഓവറില്‍ പിടിച്ചുകെട്ടി. ഇത്രയും സമ്മര്‍ദ്ദം നിറഞ്ഞ കലാശപ്പോരാട്ടത്തില്‍ എതിരാളികളുടെ നായകനെത്തന്നെ മടക്കാന്‍ മറ്റൊരു നായകന് സാധിച്ചുവെന്നത് അധികമാര്‍ക്കും നേടാനാവാത്ത നേട്ടമാണ്. മത്സരഫലത്തെ മാറ്റിമറിക്കുന്ന വിക്കറ്റായിരുന്നു ഇത്.

ഈ സീസണില്‍ സഞ്ജു സാംസണ്‍ 17 മത്സരത്തില്‍ നിന്ന് 453 റണ്‍സാണ് ആകെ നേടിയത്. 45.30 ശരാശരിയില്‍ കളിച്ച സഞ്ജു 146.79 എന്ന മികച്ച സ്‌ട്രൈക്കറേറ്റും സ്വന്തമാക്കി. രണ്ട് അര്‍ധ സെഞ്ച്വറി നേടിയ അദ്ദേഹം 43 ഫോറും 26 സിക്‌സുമാണ് ഇത്തവണ പറത്തിയത്. ഹര്‍ദിക് 453 റണ്‍സും ആറ് വിക്കറ്റും ഇതിനോടകം നേടിയിട്ടുണ്ട്. സഞ്ജുവിനെക്കാളും നായകനെന്ന നിലയില്‍ ഒരു പടി മുന്നില്‍ത്തന്നെയാണ് ഇത്തവണ ഹര്‍ദിക് പാണ്ഡ്യയെന്ന് നിസംശയം പറയാം. മികച്ച ഫിനിഷര്‍മാരുള്ള ഗുജറാത്തിനെതിരേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള സഞ്ജുവിന്റെ തീരുമാനത്തിനെതിരേ ഇതിനോടകം വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications