IPL 2022: 'ബുംറയേക്കാള്‍ മികച്ചവന്‍', ഉമ്രാന്‍ ടി20 ലോകകപ്പ് തീര്‍ച്ചയായും കളിക്കണം- ഗ്രെയിം സ്വാന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലൂടെ നിരവധി യുവതാരങ്ങളാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി വളര്‍ന്ന് വരുന്നത്. അതിലൊരാളാണ് സൂപ്പര്‍ പേസര്‍ ഉമ്രാന്‍ മാലിക്. ജമ്മുകാശ്മീരുകാരനായ ഉമ്രാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തുന്നത്. തുടര്‍ച്ചയായി 150ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്നുവെന്നതാണ് ഉമ്രാന്റെ സവിശേഷത. ഇന്ത്യന്‍ താരങ്ങളില്‍ അപൂര്‍വ്വമായി മാത്രമാണ് ഇത്തരത്തിലുള്ള അതിവേഗ പേസര്‍മാരെ കാണാനാവുക.
ഇന്ത്യയുടെ സാഹചര്യത്തില്‍ മീഡിയം പേസും സ്വിങ്ങുമെല്ലാം തുണക്കുമെങ്കിലും വിദേശ പര്യടനങ്ങളില്‍ അതിവേഗ ബൗളര്‍മാരില്ലാതെ ജയിക്കുക കടുപ്പം. ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ ഉമ്രാന്റെ അതിവേഗ പേസുകള്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ അവസാന മത്സരത്തില്‍ ഹാട്രിക്കടക്കം നേടി തകര്‍പ്പന്‍ പ്രകടനമാണ് ഉമ്രാന്‍ കാഴ്ചവെച്ചത്. എന്നാല്‍ ഉമ്രാന്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഉണ്ടാവുമോയെന്നത് സംബന്ധിച്ച് ഇപ്പോഴും ഉറപ്പ് പറയാറായിട്ടില്ല.

എന്നാല്‍ യാതൊരു സംശയവും വേണ്ടെന്നും ഉമ്രാന്‍ മാലിക് ടി20 ലോകകപ്പ് കളിക്കുമെന്നും ജസ്പ്രീത് ബുംറയെക്കാള്‍ മികവ് കാട്ടാന്‍ ഉമ്രാന് സാധിക്കുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. 'ഒരു സംശയവുമില്ലാതെ പറയാം ഉമ്രാന്‍ മാലിക് ടി20 ലോകകപ്പ് കളിക്കും. ഇന്ത്യക്ക് എല്ലാം ഉണ്ടെങ്കിലും മികച്ച ബൗളര്‍മാരില്ല. ബുംറ വേഗമുള്ള ബൗളറാണ് എന്നാല്‍ ഉമ്രാനെപ്പോലെ അത് തുറന്ന് കാട്ടാന്‍ സാധിക്കുന്നില്ല.
എത്രയും വേഗം അവനെ കളിപ്പിക്കൂ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് കാട്ടാന്‍ അവന് സാധിക്കും. ആദ്യ സമയത്ത് വേഗമുണ്ടായിരുന്നെങ്കിലും അവന്‍ റണ്‍സ് നന്നായി വഴങ്ങിയിരുന്നു. എന്നാല്‍ സ്‌റ്റെയിനുമായി ചേര്‍ന്ന ശേഷം അവന്റെ പ്രകടനം മെച്ചപ്പെട്ടു. ഉമ്രാന്‍ അതിവേഗക്കാരനാണ്. ഹര്‍ദിക്കിനെ വരവേറ്റ അവന്റെ പന്ത് നോക്കുക. മനോഹരമായ പന്തിലാണ് ഹര്‍ദിക്കിന്റെ വിക്കറ്റ് നേടിയത്'- സ്വാന്‍ പറഞ്ഞു.

അതിവേഗത്തില്‍ സ്റ്റംപിന് ആക്രമിക്കുന്ന ഉമ്രാന്‍ പേസറെന്ന നിലയില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഓസ്‌ട്രേലിയയിലെ സാഹചര്യം പേസിന് അനുകൂലമാണ്. വേഗവും ബൗണ്‍സും നിറഞ്ഞ ഓസ്‌ട്രേലിയയിലെ പിച്ചുകളില്‍ ഉമ്രാനെപ്പോലെയുള്ള ബൗളര്‍മാര്‍ക്ക് മികച്ച പ്രകടനം നടത്താനാവും. ഉമ്രാന്‍ അതിവേഗത്തില്‍ പന്തെറിയുക മാത്രമല്ല മികച്ച രീതിയില്‍ പന്തില്‍ നിയന്ത്രണം കൊണ്ടുവരാനും ഉമ്രാന് സാധിക്കുന്നുണ്ട്.
മിന്നല്‍ യോര്‍ക്കറും ഉമ്രാന്റെ സവിശേഷതയാണ്. ഇത്രയും വേഗത്തില്‍ പന്തെറിയുമ്പോഴും മികച്ച ലൈനും ലെങ്തും കണ്ടെത്താന്‍ ഉമ്രാന് സാധിക്കുന്നുവെന്നതാണ് പ്രധാന കാര്യം. എന്നാല്‍ ഉമ്രാനെപ്പോലെയുള്ള അതിവേഗ പേസര്‍മാരെ നോക്കുമ്പോള്‍ അവരുടെ കരിയറില്‍ ഏറ്റവും വലിയ വെല്ലുവിളിയാവുന്നത് പരിക്കാണ്. തുടര്‍ച്ചയായി ലോങ് റണ്ണിലൂടെ പന്തെറിയുമ്പോള്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഷുഹൈബ് അക്തര്‍, ബ്രെറ്റ് ലീ, ഡെയ്ന്‍ സ്‌റ്റെയിന്‍, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരുടെയെല്ലാം കരിയര്‍ നോക്കിയാല്‍ അത് വ്യക്തമാവും.

എന്നാല്‍ ടി20യില്‍ നാല് ഓവര്‍ മാത്രം പന്തെറിയുന്നതിനാല്‍ പെട്ടെന്നൊരു പരിക്ക് ഉമ്രാനെ ബാധിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. 'ഉമ്രാനെ പെട്ടെന്ന് പരിക്ക് പിടികൂടാന്‍ സാധ്യതയില്ല. ഷുഹൈബ് അക്തര്‍, ബ്രെറ്റ് ലീ, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരെല്ലാം എല്ലാ ഫോര്‍മാറ്റിലും കളിച്ചിരുന്നു. എന്നാല്‍ ഉമ്രാന്‍ മാലിക്ക് പന്തെറിയുന്നത് ടി20യില്‍ മാത്രമാണ്. നാല് ഓവര്‍ മാത്രമാണ് അധ്വാനിക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ പന്തെറിയുക എന്നെല്ലാതെ കൂടുതലൊന്നും ചിന്തിക്കേണ്ടതില്ല. അവനെ മറ്റ് ഫോര്‍മാറ്റിലേക്കായി കാണേണ്ട. ടി20 സ്‌പെഷ്യലിസ്റ്റായി കളിക്കട്ടെ'- സ്വാന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications