IPL 2022: 'ക്യാപ്റ്റന്‍സി എളുപ്പമുള്ള ജോലിയല്ല', സഞ്ജുവിന്റെ നായകമികവിനെ വാഴ്ത്തി സച്ചിന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയില്‍ സഞ്ജു സാംസണ്‍ കസറുകയാണ്. ക്യാപ്റ്റന്‍സികൊണ്ടും പ്രകടന മികവുകൊണ്ടും സഞ്ജു കരുത്ത് കാട്ടുന്നു. നായകന്റെ സമ്മര്‍ദ്ദമില്ലാതെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സഞ്ജുവിന് കഴിയുന്നുണ്ട്. എട്ട് മത്സരത്തില്‍ നിന്ന് ആറ് ജയവും രണ്ട് തോല്‍വിയുമടക്കം 12 പോയിന്റുമായി രാജസ്ഥാന്‍ രണ്ടാം സ്ഥാനത്താണ്. മറ്റെല്ലാ പ്രമുഖരേയും കടത്തിവെട്ടുന്ന പ്രകടനമാണ് ക്യാപ്റ്റനായി സഞ്ജു കാഴ്ചവെക്കുന്നതെങ്കിലും അര്‍ഹിച്ച പ്രശംസ പലപ്പോഴും സഞ്ജുവിന് ലഭിക്കുന്നില്ല.
ഇപ്പോഴിതാ സഞ്ജു സാംസണിന്റെ പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. ' സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അവന്‍ നന്നായി സ്‌കോര്‍ നേടുന്നു. ക്യാപ്റ്റന്‍സി അത്ര എളുപ്പമുള്ള ജോലിയല്ല. നിരവധി പ്രശംസകളും അതോടൊപ്പം വിമര്‍ശനങ്ങളും ക്യാപ്റ്റനെ തേടിയെത്തും. എനിക്കിത് കൃത്യമായി മനസിലാക്കും. കാരണം ഞാന്‍ അവസ്ഥകളിലൂടെയെല്ലാം കടന്ന് പോയവനാണ്. അവനെയോര്‍ത്ത് സന്തോഷിക്കുന്നു. സഞ്ജു ഐപിഎല്‍ നായകനായത് കേരള ക്രിക്കറ്റ് ടീമിനും വളരെ പ്രചോദനം നല്‍കുന്നതാണ്'- സച്ചിന്‍ ബേബി പറഞ്ഞു.

2021ലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാവുന്നത്. സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് രാജസ്ഥാന്‍ സഞ്ജുവിനെ തല്‍സ്ഥാനത്തെത്തിക്കുന്നത്. കേരള ക്രിക്കറ്റ് ടീമിലടക്കം നായകനെന്ന നിലയില്‍ വലിയ റെക്കോഡില്ലാത്ത സഞ്ജുവിനെ ക്യാപ്റ്റനാക്കിയപ്പോള്‍ വിമര്‍ശനങ്ങള്‍ ഏറെയായിരുന്നു. 22 മത്സരത്തില്‍ ടീമിനെ നയിച്ച് 11 ജയവും അത്ര തന്നെ തോല്‍വിയുമാണ് സഞ്ജു വഴങ്ങിയത്.
ഇത്തവണ ബാറ്റുകൊണ്ട് സഞ്ജു തിളങ്ങുന്നു. എട്ട് മത്സരത്തില്‍ നിന്ന് 32.57 ശരാശരിയില്‍ 228 റണ്‍സാണ് സഞ്ജു നേടിയത്. മധ്യനിരയില്‍ സഞ്ജു നേടുന്ന റണ്‍സ് രാജസ്ഥാന് വളരെ നിര്‍ണ്ണായകവുമാണ്. വലിയ ബഹളങ്ങളില്ലാതെ തന്റെ ജോലി ഉത്തരവാദിത്തത്തോടെ ചെയ്യാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചപ്പോഴൊന്നും കാര്യമായൊന്നും ചെയ്യാന്‍ സഞ്ജുവിനായിട്ടില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന് വിളിയെത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേരള ടീമിന്റെ നായകനായിട്ട് ഏറെ നാളുകളായെങ്കിലും ആഭ്യന്തര കിരീടത്തി ലേക്കെത്തിക്കാന്‍ സച്ചിന്‍ ബേബിക്കായിട്ടില്ല. ഇപ്പോഴിതാ തന്റെ അടുത്ത ലക്ഷ്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സച്ചിന്‍ ബേബി. 'കേരള ടീമിന് ആഭ്യന്തര കിരീടം നേടിക്കൊടുക്കുകയാണ് തന്റെ പ്രധാന ലക്ഷ്യം. അതിനായി തുടര്‍ച്ചയായി ഞാന്‍ പ്രയത്‌നിക്കേണ്ടതായുണ്ട്. അവസാന രണ്ട് വര്‍ഷത്തെ പ്രകടനം നോക്കിയാല്‍ കേരള ടീമിന്റെ പ്രകടന നിലവാരം മുകളിലോട്ടാണെന്ന് വ്യക്തമാകും. സെമി ഫൈനലിലടക്കം കളിക്കാനായി. ഇത്തവണ കിരീടം കേരളത്തിലേക്കെത്തിക്കുകയാണ് പ്രധാന ലക്ഷ്യം'- സച്ചിന്‍ ബേബി കൂട്ടിച്ചേര്‍ത്തു.

കേരള താരങ്ങളില്‍ നിന്ന് ഐപിഎല്‍ കളിച്ചിട്ടുള്ള താരങ്ങളിലൊരാളാണ് സച്ചിന്‍ ബേബി. 19 മത്സരത്തില്‍ നിന്ന് 144 റണ്‍സും രണ്ട് വിക്കറ്റുമാണ് അദ്ദേഹം നേടിയത്. ആര്‍സിബിക്കായാണ് സച്ചിന്‍ കളിച്ചത്. 2021 സീസണിലും സച്ചിന്‍ ആര്‍സിബിയില്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല. ഐപിഎല്ലില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനായില്ലെങ്കിലും കേരള ടീമിനൊപ്പം തകര്‍പ്പന്‍ പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് സച്ചിന്‍. കേരളത്തിനായി രഞ്ജി ട്രോഫി കിരീടം നേടിക്കൊടുക്കുന്ന നായകനെന്ന നിലയിലേക്കെത്താന്‍ സച്ചിനാവുമോയെന്ന് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications